Breaking News

Trending right now:
Description
 
Apr 05, 2014

അഴിമതി വിരുദ്ധ പോരാളി കേജ്രിവാളിനെ പേടിക്കുന്നത്‌ ആര്‌?

image
കേജ്രിവാളിനെ അടിക്കാന്‍ അബ്ദുല്‍ വാഹിദിന്‌ എന്ന 19കാരന്‌ 25000 രൂപ നല്‌കിയത്‌ ആരെന്ന ചോദ്യമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്‌. ബിജെപിയെന്നായിരുന്നു കേജ്രിവാള്‍ ആരോപിച്ചിരുന്നത്‌. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ അല്ല ഈ അക്രമത്തിന്റെ പിന്നിലെന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. 
കേജ്രിവാള്‍ ഇന്ത്യയൊട്ടാകെ നടത്തുന്ന അഴിമതി വിരുദ്ധ പ്രചരണം ഫലം കണ്ടു തുടങ്ങിയെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ഈ അക്രമങ്ങള്‍ക്കു പിന്നില്‍. യുവാക്കളുടെ ഹരമായി മാറിയ കേജ്രിവാളിനെ നേരിടാന്‍ ഒരു യുവാവിനെ തന്നെ തിരഞ്ഞു പിടിച്ചതിനു പിന്നിലെ കുരുട്ടു ബുദ്ധി ഫലം കാണാതെ പോയി എന്നു തന്നെ പറയാം. കേജ്രിവാളിന്റെ ആശയങ്ങളില്‍ നിന്ന്‌ യുവാക്കള്‍ പിന്മാറി തുടങ്ങയെന്നു വരുത്തി തീര്‍ക്കുക എന്നതായിരുന്നു അക്രമണത്തിന്റെ പിന്നില്‍ പ്രവൃത്തിച്ച ബുദ്ധിയുടെ ലക്ഷ്യം. 

കേരളത്തില്‍ അഴിമതിയും പെണ്‍വിഷയവും( സരിത)മാഫിയ ബന്ധവുമായി( സലിം രാജ്‌) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും തമ്മില്‍ ഭേദം തൊമ്മനായ ഇടതു പക്ഷത്തിനെതിരെ മാധ്യമങ്ങള്‍ തിരിഞ്ഞിരുന്നു. നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിഷേധമായെങ്കിലും വോട്ട്‌ രേഖപ്പെടുത്തുവാന്‍ വോട്ടര്‍മാര്‍ക്ക്‌ അവസരം നല്‌കണം. അതിനുള്ള ചിന്തകളെ കടിഞ്ഞാണിടുവാന്‍ വന്‍തോതില്‍ മാധ്യമങ്ങള്‍ക്ക്‌ നല്‌കുന്ന പണം ( പെയ്‌ഡായും അണ്‍പെയ്‌ഡായും ) വഴി സാധിച്ചിരിക്കുന്നു.
ഇത്തരത്തില്‍ കേജ്രിവാളിനെ വിലയിരുത്തുമ്പോള്‍ കേജ്രിവാളിന്റെ പ്രതിഷേധങ്ങളോടു ചില സ്ഥലങ്ങളില്‍ നിന്നു ഉയരുന്ന ചോദ്യമിതാണ്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാരിനെതിരെ പടനയിക്കുന്നതില്‍ നിന്ന്‌ പിന്മാറി മോഡി വിരുദ്ധനായത്‌ എന്തുകൊണ്ട്‌? 
മോഡി എന്ന വര്‍ഗീയവാദി മാധ്യമങ്ങളെ ഉപയോഗിച്ചു കെട്ടിപൊക്കിയ വികസനമെന്നപേരിലുള്ള അരക്കില്ലത്തിന്റൈ പൊള്ളത്തരങ്ങളാകും കേജ്രിവാളിനെ പ്രകോപിപ്പിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം തന്നെ. മറിച്ച്‌ ദില്ലി സര്‍ക്കാര്‍ രൂപികരണത്തില്‍ കോണ്‍ഗ്രസ്‌ നല്‌കിയ പിന്തുണയാണ്‌ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പിന്മാറി മോഡി വിരുദ്ധനായതെങ്കില്‍ അതും വിലയിരുത്തപ്പെടണം. 
ഈ രണ്ടു ചോദ്യങ്ങള്‍ക്ക്‌ ജനങ്ങളുടെ പ്രതീക്ഷയായി മാറിയ കേജ്രിവാള്‍ മറുപടി പറയുകയാണെങ്കില്‍ നല്ലൊരു രാഷ്ട്രീയ സംസ്‌കാര രൂപീകരണത്തിന്‌ നേതൃത്വം നല്‌കുന്ന കേജ്രിവാളിനൊപ്പം ജനം നില്‍ക്കും. 

കോണ്‍ഗ്രസോ ബിജെപിയോ ആരുമാകട്ടെ കേജ്രിവാളിനു നല്‌കുന്ന ഓരോ അടിയും ഏല്‍ക്കുക ഇന്ത്യന്‍ ജനാധിപത്യത്തിനാവും. ആ അടികള്‍ നേരിടുവാന്‍ പ്രാപ്‌തരായ ഇന്ത്യന്‍ യുവതയുടെ യുദ്ധ കാഹളം മുഴങ്ങി തുടങ്ങിയിരിക്കുന്നു. എല്ലാ ഇന്ത്യന്‍ യുവത്വത്തിന്റെയും മനസ്‌ അബ്ദുള്‍ വാഹിദിനെപോലെ വിലയ്‌ക്കെടുക്കാമെന്നു ആരും വ്യാമോഹിക്കേണ്ട.