Breaking News

Trending right now:
Description
 
Apr 05, 2014

അഫ്‌ഗാനിസ്ഥാനില്‍ അസോസിയേറ്റഡ്‌ പ്രസ്‌ ഫോട്ടോഗ്രാഫര്‍ വെടിയേറ്റ്‌ മരിച്ചു

image കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ പൊലീസുകാരന്റെ വെടിയേറ്റ്‌ ജര്‍മന്‍കാരിയായ അസോസിയേറ്റഡ്‌ പ്രസ്‌ ഫോട്ടോഗ്രാഫര്‍ ആന്യാ നീഡ്രിംഗ്‌ഹൗസ്‌ു(48) കൊല്ലപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാനഡ സ്വദേശിനി കാത്തി ഗാനോണ്‍ എന്ന റിപ്പോര്‍ട്ടറെ ഗുരുതര പരിക്കുകളോടെ ഖോസ്‌തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പൊലീസുകാരന്‍ പിന്നീട്‌ കീഴടങ്ങി. പാക്‌- അഫ്‌ഗാന്‍ അതിര്‍ത്തിക്കു സമീപമുള്ള ഒരു പട്ടണത്തിലാണു സംഭവം. അഫ്‌ഗാന്‍ തിരഞ്ഞെടുപ്പ്‌ ഇന്നു നടക്കാനിരിക്കെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്‌. താലിബാന്‍ തിരഞ്ഞെടുപ്പ്‌ തടസപ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മാധ്യമപ്രവര്‍ത്തകര്‍ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുമ്പോഴാണ്‌ വെടിയേറ്റത്‌. കാത്തിയെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കിയെന്നും അവരുടെ നില ഭേദപ്പെട്ടെന്നും റിപ്പോട്ടുണ്ട്‌. ലിബിയ, ഇറാക്ക്‌, കുവൈറ്റ്‌, ഗാസ വെസ്‌റ്റ്‌ ബാങ്ക്‌ എന്നിവിടങ്ങളിലെ യുദ്ധമേഖലകളില്‍ ആന്യാ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇസ്‌്‌ലാമാബാദ്‌ കേന്ദ്രമാക്കിയാണ്‌ കാത്തിയുടെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി അഫ്‌ഗാന്‍ യുദ്ധം റിപ്പോര്‍ട്ടുചെയ്യുകയാണ്‌ കാത്തി. 1846ല്‍ അസോസിയേറ്റഡ്‌ പ്രസ്‌ രൂപീകരിച്ചശേഷം വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടയില്‍ കൊല്ലപ്പെടുന്ന 32-ാമത്തെ എപി സ്റ്റാഫംഗമാണ്‌ ആന്യയെന്ന്‌ എപി പ്രസിഡന്റ്‌ ഗാരി പ്രീറ്റ്‌ പറഞ്ഞു.