Breaking News

Trending right now:
Description
 
Apr 05, 2014

ചാവറയച്ചന്റെ കബറിടത്തില്‍ കുഞ്ഞുമരിയഎത്തി; വൈദികര്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു

image വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തുമെന്ന വാര്‍ത്ത പരന്നതോടെ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ വന്‍തിരക്ക്‌. ചാവറയച്ചന്റെ കബറിടത്തില്‍ പ്രാര്‍ഥനാമലരുകള്‍ അര്‍പ്പിച്ചാണ്‌ വിവിധ സ്ഥല്‌ങ്ങളില്‍നിന്ന്‌ എത്തിയ ഭക്തജനങ്ങള്‍ വീടുകളിലേക്ക്‌ മടങ്ങിയത്‌. ചാവറയച്ചന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതില്‍ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ സിഎംഐ സഭയിലെ പൊതുസംഘാംഗങ്ങള്‍ ഒന്നടങ്കം മാന്നാനത്തെ മാതൃഭവനത്തിലെത്തിയിരുന്നു. കൃതജ്ഞതാബലിയില്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ മുഖ്യ കാര്‍മികനായി. 90 വൈദികര്‍ സഹകാര്‍മികരായി. വാഴ്‌ത്തപ്പെട്ട ചാവയറച്ചന്റെ മധ്യസ്ഥതയില്‍ കണ്ണുകള്‍ക്കു സൗഖ്യം ലഭിച്ച മരിയയും മാതാപിതാക്കളായ ജോസും മേരിക്കുട്ടിയും കൃതജ്ഞതാബലിക്ക്‌ എത്തിയിരുന്നു. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു മുമ്പു പള്ളിയിലെത്തിയ അവര്‍ ചാവറയച്ചന്റെ കബറിടത്തില്‍ നിറഞ്ഞ ഹൃദയത്തോടെ മുട്ടുകുത്തി പ്രാര്‍ഥിച്ചു. മരിയയ്‌ക്കു ലഭിച്ച സൗഖ്യമാണു ചാവറയച്ചന്റെ മധ്യസ്ഥതയില്‍ ലഭിച്ച അദ്‌ഭുതമായി വത്തിക്കാനിലെ നാമകരണ കോടതി സ്ഥിരീകരിച്ചത്‌.