Breaking News

Trending right now:
Description
 
Apr 04, 2014

ഞാന്‍ വിളിച്ച എന്റെ ആദ്യ മുദ്രാവാക്യം

പ്രസാദ്‌ ടി ശിവ, ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി
image
ഇന്ന്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വീട്ടിലേക്ക്‌ മടങ്ങുന്ന വഴിക്കാണ്‌ ഒരു തിരഞ്ഞെടുപ്പ്‌ റാലിയില്‍ പെട്ടുപോയത്‌.

മുദ്രാവാക്യം വിളി എന്നത്‌ ഒരു കലയാണ്‌. പ്രത്യേക ഈണത്തില്‍ അണികളെ ആവേശഭരിതരാക്കുകയും എതിര്‍ കക്ഷികളുടെ ആത്മവീര്യം ചോര്‍ത്തികളയുകയും ചെയ്യുന്നവയാണ്‌ മുദ്രാവാക്യങ്ങള്‍.

റാലിയില്‍ ആവേശഭരിതനായി നോക്കിനിന്ന എന്റെ മനസിലേക്ക്‌ ഞാന്‍ ആദ്യമായി വിളിച്ച മുദ്രാവാക്യമാണ്‌ ഒാടി വന്നത്‌. ഒരു പഞ്ചായത്തിലാകെ ചലനം സൃഷ്ടിച്ച ആ മുദ്രാവാക്യം കാരണം ഇന്നും തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ബന്ധുക്കള്‍ എന്റെ കാര്യം പറഞ്ഞു ചിരിക്കും.

ദേ കഴിഞ്ഞ ദിവസം എന്റെ മക്കളും ചോദിച്ചിരിക്കുന്നു, ആ പഴയ പൊളപ്പന്‍ മുദ്രാവാക്യത്തിന്റെ കാര്യം.

ഒറ്റ മുദ്രാവാക്യത്തില്‍ തകര്‍ന്നത്‌ എന്റെ പിതാവെന്ന ജാഡയാണെന്ന്‌ ഞാനന്റെ ബന്ധുക്കളെ എങ്ങനെ പറഞ്ഞു മനസിലാക്കും?

പോയിരുന്ന്‌ വായിച്ചു പഠിക്കെടാ എന്നു ഞാന്‍ ഒരു സിംഹഗര്‍ജ്ജനമിട്ടപ്പോള്‍ ദാ പിള്ളാര്‌ അകത്തേക്ക്‌ എന്റെ പഴയ ആ നോസ്‌ററാള്‍ജിക്‌ മുദ്രാവാക്യവും വിളിച്ചു പറഞ്ഞുകൊണ്ടു പോകുന്നു.

ഞാന്‍ അല്‌പം ചളിപ്പോടെ ആ മുദ്രാവാക്യത്തിന്റെ കഥ ഓര്‍ത്തെടുത്തു. എന്റെ അമ്മൂമ്മ കോണ്‍ഗ്രസുകാരിയായിരുന്നു. നല്ല ഉച്ചത്തിലുളള ശബ്ദം ഉണ്ടായിരുന്നതുകൊണ്ട്‌ മുദ്രാവാക്യം വിളിയുടെ പൂര്‍ണ ചുമതല പലപ്പോഴും എന്റെ അമ്മൂമ്മയുടെ ചുമലില്‍ ആയിരുന്നു.

1979-80 കാലഘട്ടത്തിലെ പഞ്ചായത്ത്‌ ഇലക്ഷന്‌ ഞങ്ങളുടെ കവിയൂര്‍ വാര്‍ഡില്‍ നിന്നു മത്സരിച്ചു വിജയിച്ചത്‌ എന്റെ അച്ഛന്റെ അകന്ന ബന്ധുവും അമ്മൂമ്മയുടെ അടുത്ത സുഹൃത്തുമായിരുന്ന അമ്മിണിയമ്മ ടീച്ചറായിരുന്നു. അമ്മൂമ്മ നയിക്കുന്ന പ്രചരണ പരിപാടിയില്‍ ഞാനും സജീവ സാന്നിദ്ധ്യമായിരുന്നു. അമ്മൂമ്മയാണ്‌ മുദ്രാവാക്യം വിളിക്കുന്നത്‌.

" അമ്മിണിയമ്മേ സ്ഥാനാര്‍ത്ഥി ധീരതയോടെ നയിച്ചോള്ളൂ" എന്നാണ്‌ ആദ്യത്തെ വിളി. എത്ര ശ്രദ്ധിച്ചിട്ടും എനിക്ക്‌ മനസിലായില്ല. അമ്മൂമ്മ വിളിച്ചു കൊടുക്കുന്നതും കൂടെയുള്ള ആള്‍ക്കാര്‍ ഏറ്റുവിളിക്കുന്നതും കുറെ നേരം ഞാന്‍ ശ്രദ്ധിച്ചു. അവസാനം എനിക്ക്‌ മനസിലായി...

മുഷ്ടി ചുരുട്ടി മാനത്തേക്കെറിഞ്ഞു തൊണ്ട പൊട്ടുമാറ്‌ ഉച്ചത്തില്‍ ഞാനും വിളിക്കാന്‍ തുടങ്ങി.

"അമ്മിണിയമ്മേ ചാനാര്‍ത്ഥി ജീരകം തിന്നു മരിച്ചോള്ളു."

റാലി ഒരു നിമിഷം നിശബ്ദമായി...

എല്ലാവരുടെയും മുഖത്ത്‌ ചിരി. എനിക്ക്‌ ആവേശമായി ഞാന്‍ അതിശക്തമായി ഒന്നൂകൂടി വിളിച്ചുകൊടുത്ത്‌ അഭിമാനത്തോടെ അമ്മൂമ്മയെ ഒന്നു നോക്കി. ഇത്തവണ റാലിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുദ്രാവാക്യം വ്യക്തമായി മനസിലായി. പെട്ടെന്നാണ്‌ ജാഥയില്‍ ഒരു ചിരി വിടര്‍ന്നത്‌.

അമ്മൂമ്മ എന്റെ ചെവിയില്‍ പിടിച്ചു ചെറുതായൊന്നു കിഴുക്കി. പിന്നെ പറഞ്ഞു തന്നതു ഞാന്‍ കേട്ടില്ല. കാരണം റാലിയിലെ ചിരിയില്‍ തകര്‍ന്നു പോയത്‌ വിടര്‍ന്നുവരേണ്ട ഒരു രാഷ്ട്രീയക്കാരന്റെ മുദ്രാവാക്യം വിളി എന്ന കലയാണ്‌.