Breaking News

Trending right now:
Description
 
Apr 04, 2014

ചാവറപ്പിതാവിന്റെ വിശുദ്ധ പദവി: മാര്‍പാപ്പയുടെ അംഗീകാരമായി, ലോകമെങ്ങും പ്രാര്‍ത്ഥനകള്‍

image സിഎംഐ സഭാസ്ഥാപകരില്‍ പ്രമുഖനായ വാഴ്‌ത്തപ്പെട്ട ചാവറപ്പിതാവിന്റെ മാദ്ധ്യസ്ഥ്യത്താല്‍ നടന്ന അദ്‌ഭുതം സഭ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനം പരിശുദ്ധപിതാവ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ റോമില്‍ ഒപ്പുവച്ചു. അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കു ഉയര്‍ത്തുന്ന കര്‍മ്മം ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

1. സിഎംഐ സഭാംഗങ്ങളുടെയും മറ്റുള്ളവരുടെയും നിരന്തരമായ പ്രാര്‍ത്ഥനയുടെയും ആരാധനയുടെയുമൊക്കെ ഫലമെന്നവണ്ണം ചാവറപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം വഴിയായി ഒരു അദ്‌ഭുതം നടന്നതായി 2009 മെയ്‌ 27-നു റിപ്പോര്‍ട്ടു ലഭിച്ചു. ചാവറപ്പിതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ ഫലമായി പാലാ കൊട്ടാരത്തില്‍ ജോസിന്റെയും മേരിയുടെയും മകള്‍ മരിയയുടെ രണ്ടു കോങ്കണ്ണുകളും നേരെയായി എന്നതായിരുന്നു അദ്‌ഭുതം.

2. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സാക്ഷിപത്രങ്ങളോടെയുള്ള ഒരു അപേക്ഷ (Libellus) സിഎംഐ സഭയുടെ അന്നത്തെ പോസ്റ്റുലേറ്റര്‍ ജനറലായിരുന്ന ഫാ. സെബാസ്റ്റ്യന്‍ ആത്തപ്പള്ളി 20-2-2010 ല്‍ പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനു സമര്‍പ്പിച്ചു. പാലാ കത്തീഡ്രല്‍ ഇടവകയിലെ ഒരു അംഗത്തിനു ചാവറപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം വഴിയായി ലഭിച്ച അദ്‌ഭുതത്തെക്കുറിച്ചു രൂപതയുടെ കോടതി (Tribunal) അന്വേഷണം നടത്തി നിജസ്ഥിതി അറിയണം എന്നതായിരുന്നു അപേക്ഷയുടെ ഉള്ളടക്കം.

3. പ്രാഥമിക പരിശോധനയ്‌ക്കുശേഷം 18-4-2010 ല്‍ ബിഷപ്‌ മാര്‍ കല്ലറങ്ങാട്ട്‌ ഈ അപേക്ഷ ഔദ്യോഗികമായി സ്വീകരിച്ചു.

4. പോസ്റ്റുലേറ്റര്‍ ജനറല്‍ അപേക്ഷിച്ചിരുന്നതനുസരിച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നാം സമര്‍പ്പിച്ചിരിക്കുന്ന അദ്‌ഭുതത്തെക്കുറിച്ചു പഠിക്കുവാന്‍ ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം 2010 ജൂലൈ 16-നു പാല ബിഷപ്പ്‌ ഹൗസില്‍ നടക്കുകയും ചെയ്‌തു. തദവസരത്തില്‍ സിഎംഐ, സിഎംസി സഭകളില്‍ നിന്നു വിവിധ അംഗങ്ങള്‍ സംബന്ധിച്ചിരുന്നു.

5. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ട്രൈബ്യൂണലിന്റെ പഠനത്തിനും പരിശോധനയ്‌ക്കും ശേഷം 2011 ഓഗസ്റ്റ്‌ 2-നു ട്രിബ്യൂണലിന്റെ വിധി ഉള്‍ക്കൊള്ളുന്ന ഡോസിയര്‍ (Acts of the Cause) തയ്യാറായി. ഈ ട്രിബ്യൂണലില്‍ സമര്‍പ്പിക്കപ്പെട്ട 44 സാക്ഷിപത്രങ്ങളും മറ്റു രേഖകളുമെല്ലാം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തതു ഫാ. സില്‍വെസ്റ്റര്‍ തേക്കുങ്കലിന്റെ നേതൃത്വത്തിലായിരുന്നു. 2011 ഓഗസ്റ്റ്‌ 16-നു ട്രിബ്യൂണലിന്റെ ഓദ്യോഗിക സമാപന പരിപാടി ബിഷപ്‌ കല്ലറങ്ങാട്ടിന്റെ നേതൃത്തത്തില്‍ പാല അരമനയില്‍ നടന്നു. സിഎംഐ സഭയുടെ പുതിയ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പില്‍ 2011 ഓഗസ്റ്റ്‌ 19-നു ഡോസിയര്‍ ന്യൂഡല്‍ഹിയിലുള്ള അപ്പസ്‌തോലിക്‌ നണ്‍ഷ്യേച്ചറില്‍ എത്തിച്ചു. അവിടെ നിന്നു ഡോസിയര്‍ 2011 സെപ്‌റ്റംബര്‍ ആറിനു നാമകരണനടപടികളുടെ ചുമതലയുള്ള തിരുസംഘത്തില്‍ (Congregation for the Causes of Saints)എത്തി.

6. പുതിയ പോസ്റ്റുലേറ്റര്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പിലിന്റെ നിയമനപത്രിക 2011 സെപ്‌റ്റംബര്‍ എട്ടിനു തിരുസംഘത്തില്‍ സമര്‍പ്പിച്ചു. 2011 ഒക്‌ടോബര്‍ 28-നു ഫാ. തുണ്ടുപറമ്പിലിന്റെ നിയമനം തിരുസംഘം അംഗീകരിച്ചു.

7. ചാവറപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം വഴിയായി സംഭവിച്ചതെന്നു കരുതപ്പെടുന്ന അദ്‌ഭുതത്തെക്കുറിച്ചു പാലാ രൂപതയിലെ ട്രിബ്യൂണല്‍ തയ്യാറാക്കിയ ഡോസിയര്‍ തുറക്കുന്നതിനുള്ള ഡിക്രി 2011 നവമ്പര്‍ 9-നു തിരുസംഘം പ്രസിദ്ധീകരിച്ചു.

8. 2011 നവമ്പര്‍ 12-നു തിരുസംഘത്തിന്റെ ചാന്‍സിലര്‍ ഡോസിയര്‍ ഔദ്യോഗികമായി തുറന്നു. തദവസരത്തില്‍ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സന്നിഹിതനായിരുന്നു.
9. രൂപതാ ട്രിബ്യൂണലിന്റെ നടപടിക്രമങ്ങളെല്ലാം നൈയാമികമായി ശരിയാണെന്നു പ്രഖ്യാപിക്കുന്നതിനു വേണ്ടി ഡോസിയര്‍ തിരുസംഘത്തിന്റെ പഠനവിധേയമാക്കണമെന്നുള്ള അപേക്ഷ 2011 നവമ്പര്‍ 21-നു പോസ്റ്റുലേറ്റര്‍ ജനറല്‍ തിരുസംഘത്തിനു സമര്‍പ്പിച്ചു.

10. രൂപതാ ട്രിബ്യൂണലിന്റെ നടപടി ക്രമങ്ങളെല്ലാം നൈയാമികമായി ശരിയായിരുന്നുവെന്നു പ്രസ്‌താപിച്ചു കൊണ്ടു (Juridical Validity) 2012 മെയ്‌ 11-നു തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു.
11. രൂപത ട്രിബ്യൂണലിന്റെ ഡോസിയറിന്റെ പശ്ചാത്തലത്തില്‍ അദ്‌ഭുതം സംബന്ധിച്ചു പോസ്റ്റുലേറ്റര്‍ ജനറല്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട്‌ (Summarium) 2012 മെയ്‌ 29-നു പ്രിന്റിംഗിനു നല്‍കി. പ്രസ്‌തുത റിപ്പോര്‍ട്ട്‌ 2012 ജൂണ്‍ 28-നു തിരുസംഘത്തിനു സമര്‍പ്പിച്ചു.

12. ഈ റിപ്പോര്‍ട്ടിന്റെ കൃത്യത പരിശോധിച്ചതിനു ശേഷം (Revision of Summarium) 2013 ജനുവരി 9 -നു സുമ്മേറിയവും പഠനഫലവും ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടിന്റെ ബൗണ്ട്‌ വോളിയം തയ്യാറാക്കി 2013 ഫെബ്രുവരി 18-നു തിരുസംഘത്തിനു സമര്‍പ്പിച്ചു.

13. സുമ്മേറിയത്തില്‍ പ്രതിപാദിക്കുന്ന അദ്‌ഭുതത്തെക്കുറിച്ചു പഠനം നടത്തി റിപ്പോര്‍ട്ടു നല്‍കുവാന്‍ സുമ്മേറിയത്തിന്റെ കോപ്പി വിദഗ്‌ദ്ധരായ രണ്ടു മെഡിക്കല്‍ ഡോക്‌ടര്‍മാരെ 2013 ഫെബ്രുവരി 21-നു തിരുസംഘം ഏല്‌പിച്ചു.

14. അദ്‌ഭുതം അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ ഒരു ഡോക്‌ടര്‍ 2013 മെയ്‌ 11-നും രണ്ടാമത്തെ ഡോക്‌ടര്‍ 2013 ജൂണ്‍ 18-നും തിരുസംഘത്തിനു നല്‍കി.

15. ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുമ്മേറിയത്തിന്റെ കോപ്പി വീണ്ടും ബൗണ്ട്‌ വോളിയമായി പ്രിന്റു ചെയ്‌തു പോസ്റ്റുലേറ്റര്‍ ജനറല്‍ 2013 ജൂണ്‍ 17-നു സമര്‍പ്പിച്ചു.

16. പുതിയതായി തയ്യാറാക്കിയ സുമ്മേറിയത്തിന്റെ കോപ്പികള്‍ 2013 സെപ്‌റ്റംബര്‍ 26-നു നടന്ന മെഡിക്കല്‍ ബോര്‍ഡിന്റെ മീറ്റിംഗില്‍ (Consulta Medica) തിരുസംഘം ബോര്‍ഡിലെ അംഗങ്ങള്‍ക്കു പഠനത്തിനായി നല്‍കി. രൂപതാ ട്രിബ്യൂണല്‍ ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിനും പരിശോധനയ്‌ക്കും ശേഷം അദ്‌ഭുതം എന്നു അംഗീകരിച്ച്‌ സമര്‍പ്പിച്ച ഒരു പെണ്‍കുട്ടിയുടെ രണ്ടു കോങ്കണ്ണുകളും ഒരു പോലെ നേരെയായ സംഭവം മെഡിക്കല്‍ ശാസ്‌ത്രത്തിനു വിശദീകരിക്കുവാന്‍ കഴിയാത്തതാണെന്നും തന്മൂലം അതു അദ്‌ഭുതമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു എന്നും മെഡിക്കല്‍ ബോര്‍ഡിലെ ആറ്‌ അംഗങ്ങളും ഏകകണ്‌ഠമായി വിധി എഴുതി.

17. അദ്‌ഭുതം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ 2013 ഒക്‌ടോബര്‍ 16-നു പോസ്റ്റുലേറ്റര്‍ ജനറലിനു ലഭിച്ചു. അദ്ദേഹം ഈ റിപ്പോര്‍ട്ടുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൊസീസിയോ (Positio) 2013 ഒക്‌ടോബര്‍ 23-നു തിരുസംഘത്തിനു നല്‍കി.

18. തിരുസംഘത്തിന്റെ പരിശോധനയ്‌ക്കു ശേഷം പൊസീസിയോ വീണ്ടും ബൗണ്ട്‌ വോളിയമായി പ്രിന്റു ചെയ്‌തു പോസ്റ്റുലേറ്റര്‍ ജനറല്‍ തിരുസംഘത്തെ ഏല്‌പിച്ചു. തിരുസംഘം പൊസീസിയോയുടെ കോപ്പികള്‍ തിയളോജിക്കല്‍ കമ്മീഷന്റെ സമഗ്രപഠനത്തിനായി നല്‍കി.

19. പോസീസിയോയില്‍ പ്രതിപാദിച്ചിരിക്കുന്ന അദ്‌ഭുതത്തിലെ ദൈവിക ഇടപെടല്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്‌ 2013 ഡിസംബര്‍ 10-നു തിയളോജിക്കല്‍ കമ്മീഷന്‍ തിരുസംഘത്തിനുനല്‍കി.
20. കര്‍ദ്ദിനാളന്മാരുടെ പഠനത്തിനായി മെഡിക്കല്‍ ബോര്‍ഡിന്റെയും തിയളോജിക്കല്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അദ്‌ഭുതം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഒരു സംക്ഷിപ്‌ത രൂപം തയ്യാറാക്കി തിരുസംഘത്തിനു സമര്‍പ്പിച്ചു.

21. വാഴ്‌ത്തപ്പെട്ട ചാവറപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം മൂലം കോങ്കണ്ണുകള്‍ നേരെയായ സംഭവം, ഇത്‌ വരെ പൂര്‍ത്തിയായ നടപടികളുടെ പശ്ചാത്തലത്തില്‍ ഒരു യാഥാര്‍ഥ അദ്‌ഭുതമാണെന്ന്‌ കര്‍ദിനാളന്മാരുടെ പ്ലീനറി അസംബ്‌ളി 2014 മാര്‍ച്ച്‌ 18-നു ഔദ്യോഗികമായി അംഗീകരിച്ചു.

22. മാര്‍ച്ച്‌ 18-നു കര്‍ദിനാളന്മാരുടെ പ്ലീനറി അസംബ്‌ളിയില്‍ തയ്യാറാക്കിയ ഡിക്രിയില്‍ ഏപ്രില്‍ 4 ന്‌ അദ്‌ഭുതം അംഗീകരിച്ചുകൊണ്ട്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ ഒപ്പുവച്ചു.