Breaking News

Trending right now:
Description
 
Apr 04, 2014

നവോഥാന നായകനായ ചാവറയച്ചന്‍

ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. പ്രിയോര്‍ ജനറല്‍
image പതിമ്മൂന്നാം വയസില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ട അവസ്ഥ. കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ആ ബാലന്റെ ഹൃദയം വിങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. എങ്കിലും സെമിനാരിയിലേക്കു മടങ്ങുവാനുള്ള തീരുമാനത്തില്‍ ബാലന്‍ ഉറച്ചുനിന്നു. പതിമ്മൂന്നാം വയസിലായിരുന്നു കൈനകരി ചാവറ കുടുംബത്തില്‍ നിന്നു കുര്യാക്കോസ്‌ എന്ന സമര്‍ഥനായ വിദ്യാര്‍ഥി പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നത്‌. അധികം താമസിയാതെ മാതാപിതാക്കളും ഏകസഹോദരനും ഒരു പകര്‍ച്ചവ്യാധിമൂലം മരണമടഞ്ഞു. ചാവറ ഭവനത്തില്‍ പിന്നെ അവശേഷിച്ചത്‌ സഹോദരന്റെ ഭാര്യയും അവരുടെ ഏക പുത്രിയുമായിരുന്നു.

ഈ പശ്ചാത്തലത്തിലാണു കുര്യാക്കോസിന്റെ പിതൃസഹോദരങ്ങള്‍ സെമിനാരിയില്‍ നിന്ന്‌ ആ ബാലനെ വീട്ടിലെത്തിച്ചതും സെമിനാരി പഠനം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചതും. എന്നാല്‍, ജനസേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നതില്‍ നിന്നു പിന്നോട്ടുപോകുവാന്‍ ആ ബാലന്‍ തയാറായില്ല. വിവാഹിതയായിരുന്ന മൂത്ത സഹോദരിയെ വീടിന്റെയും സഹോദരഭാര്യയുടെയും അവരുടെ പുത്രിയുടേയും ചുമതല ഏല്‌പിച്ച്‌ കുര്യാക്കോസ്‌ സെമിനാരിയിലേക്കു മടങ്ങി.

പ്രതിസന്ധികള്‍ക്കിടയിലും പതറാതെ ആ ബാലന്‍ സെമിനാരിയിലേക്കു നടത്തിയ ആ മടക്കയാത്രയാണു പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിനു ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്‍ (1805-1871) എന്ന നവോഥാന നായകനെ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം വിലയിരുത്തിക്കൊണ്ട്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ ഇപ്രകാരം എഴുതിയിരിക്കുന്നു. ``പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആദരപൂര്‍വം അനുസ്‌മരിക്കപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തി പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും, ഇരുപത്തൊന്നാം നൂറ്റാണ്ടും സൃഷ്‌ടിച്ച ആളായിരിക്കും. അങ്ങനെയുള്ളവരെയാണ്‌ യുഗസ്രഷ്‌ടാക്കള്‍ എന്നു വിളിക്കുന്നത്‌. അച്ചന്‍ അത്തരത്തില്‍ ഒരു യുഗസ്രഷ്‌ടാവായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച്‌ കേരളീയ സമൂഹത്തിനു ശക്തിയും വെളിച്ചവും പകര്‍ന്ന ചാവറയച്ചന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്കു സൂര്യതേജസായി ചൂടും വെളിച്ചവും പകരുന്നു. ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും.''എങ്ങനെയാണു ചാവറയച്ചന്‍ യുഗസ്രഷ്‌ടാവായി മാറിയത്‌? വൈദികപഠനം പൂര്‍ത്തിയാക്കി 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ച ചാവറയച്ചന്‍ ആദ്യം ശ്രമിച്ചത്‌ പാലയ്‌ക്കല്‍ തോമാ മല്‌പാന്‍, പോരൂക്കര തോമാ മല്‌പാന്‍ എന്നിവരോടൊപ്പം ഒരു ഏതദ്ദേശീയ സന്യാസസഭയ്‌ക്ക്‌ രൂപംകൊടുക്കാനാണ്‌. അങ്ങനെയാണ്‌ ഇരുപത്തിയാറു രാജ്യങ്ങളിലായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സിഎംഐ സന്യാസ സഭ 1831-ല്‍ മാന്നാനത്ത്‌ ആരംഭിച്ചത്‌. 1855-ല്‍ സിഎംഐ സഭ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സമൂഹമായി മാറുമ്പോള്‍ ചാവറയച്ചനായിരുന്നു സഭയുടെ തലവന്‍. 1871 ജനുവരി മൂന്നിന്‌ 66-ാം വയസില്‍ ചരമമടയുന്നതുവരെ അദ്ദേഹം സഭയുടെ തലവനായി തുടരുകയും ചെയ്‌തു. സിഎംഐ സന്യാസസമൂഹത്തിന്റെ തലവന്‍ എന്ന നിലയില്‍ ചാവറയച്ചന്‍ ആദ്യം യത്‌നിച്ചത്‌ കത്തോലിക്കാ സഭാംഗങ്ങളുടെ ആധ്യാത്മിക നവീകരണത്തിനുവേണ്ടിയാണ്‌. എന്നാല്‍, അതോടൊപ്പം മറ്റൊരുകാര്യംകൂടി അദ്ദേഹം ചെയ്‌തു. അത്‌ ജനങ്ങളുടെയിടയില്‍ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കുക എന്നുള്ളതായിരുന്നു. അവര്‍ണര്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന അക്കാലഘട്ടത്തില്‍ അവര്‍ക്കുകൂടി പ്രവേശനം നല്‌കിക്കൊണ്ടാണ്‌ 1846-ല്‍ അദ്ദേഹം മാന്നാനത്ത്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ആര്‍ഷഭാഷയായ സംസ്‌കൃതത്തെ സ്‌നേഹിച്ചിരുന്ന ചാവറയച്ചന്‍ അന്ന്‌ ആരംഭിച്ചത്‌ ഒരു സംസ്‌കൃത സ്‌കൂളായിരുന്നു. പിന്നീട്‌, കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായി നിയമിതനായതിനുശേഷമാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനുതന്നെ അദ്ദേഹം തുടക്കംകുറിച്ചത്‌. ഓരോ പള്ളിയോടുമൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന കല്‌പന 1864-ല്‍ പുറപ്പെടുവിച്ചതിലൂടെ അദ്ദേഹം നടത്തിയ ധീരമായ കാല്‍വയ്‌പ്‌ കേരള സമൂഹത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന്‌ ആരോടും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. പള്ളിക്കൂടങ്ങള്‍ ആരംഭിക്കാത്ത പള്ളികളെ ശിക്ഷിക്കുമെന്നുവരെ പ്രഖ്യാപിച്ചുകൊണ്ടു സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ അദ്ദേഹം നല്‌കിയ പ്രാധാന്യം ആര്‍ക്കും അത്ര എളുപ്പത്തില്‍ വിസ്‌മരിക്കാമെന്നു തോന്നുന്നില്ല.പണമുള്ളവര്‍ക്കു മാത്രമല്ല പാവപ്പെട്ടവര്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കണമെന്നു വിശ്വസിച്ച ക്രാന്തദര്‍ശിയായ ചാവറയച്ചന്‍ വസ്‌ത്രം, ഭക്ഷണം, പുസ്‌തകം എന്നിവ സൗജന്യമായി നല്‌കിക്കൊണ്ടാണു പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിച്ചത്‌. ചാവറയച്ചന്‍ ആരംഭിച്ച സൗജന്യ ഉച്ചക്കഞ്ഞി വിതരണത്തില്‍നിന്നു പ്രചോദനം സ്വീകരിച്ചുകൊണ്ടാണ്‌ പില്‍ക്കാലത്തു സര്‍ക്കാര്‍ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ 1936 നവംബര്‍ 26-ന്‌ തിരുവിതാംകൂര്‍ മഹാരാജാവിന്‌ സമര്‍പ്പിച്ചതെന്നു കേരള ചരിത്രകാരനായ പ്രഫ. എം.എ. ശ്രീധരമേനോന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ചാവറയച്ചന്‍ തുടങ്ങിവച്ച വിദ്യാഭ്യാസവിപ്ലവത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ കേരളത്തിലും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും ബാംഗളൂരിലെ ക്രൈസ്റ്റ്‌ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിഎംഐ സഭ ഇപ്പോള്‍ നടത്തുന്നത്‌.സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്‌ക്കു സ്‌ത്രീകളുടെ ഉന്നമനം അത്യന്താപേക്ഷിതമാണെന്നു മനസിലാക്കിയ ചാവറയച്ചന്‍ അതിനു സ്വീകരിച്ച ആദ്യ നടപടി സ്‌ത്രീകള്‍ക്കായി ഒരു സന്യാസസമൂഹം സ്ഥാപിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ്‌ 1866-ല്‍ സിഎംസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദ മദര്‍ കാര്‍മല്‍ എന്ന സന്യാസ സമൂഹം ജന്മമെടുത്തത്‌. മിഷനറിയായിരുന്ന ഫാ. ലെയോപ്പോള്‍ഡിന്റെ സഹകരണത്തോടുകൂടി ആരംഭിച്ച ഈ സന്യാസ സഭ ആറായിരത്തിലേറെ അംഗങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. സ്‌ത്രീകളുടെ ശാക്തീകരണം ലക്ഷ്യംവച്ച്‌ 1868-ല്‍ ചാവറയച്ചന്‍ സ്ഥാപിച്ച പെണ്‍കുട്ടികള്‍ക്കുള്ള ബോര്‍ഡിംഗും സ്‌കൂളും ഈ രംഗത്ത്‌ കേരളത്തില്‍ നടന്ന ആദ്യ കാല്‍വയ്‌പുകളായിരുന്നു.കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനമുള്‍പ്പെടെ ജനകീയ വിദ്യാഭ്യാസത്തിന്‌ അടിത്തറയിട്ട ചാവറയച്ചന്‍ അതിന്റെ തുടര്‍ച്ച എന്നവണ്ണമാണ്‌ 1846-ല്‍ മാന്നാനത്ത്‌ പ്രിന്റിംഗ്‌ പ്രസ്‌ ആരംഭിച്ചത്‌. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അച്ചുകൂടത്തിനും കോട്ടയത്തെ സിഎംഎസ്‌ പ്രസിനും പിന്നാലെ തിരുവിതാംകൂറില്‍ സ്ഥാപിതമായ മൂന്നാമത്തെ പ്രസായിരുന്നു ഇത്‌. ഈ പ്രസില്‍ നിന്നാണ്‌ 1887-ല്‍ മലയാളത്തിലെ പ്രഥമ ദിനപ്പത്രമായ `ദീപിക' പുറത്തുവന്നത്‌. മാന്നാനത്ത്‌ പ്രസ്‌ സ്ഥാപിച്ചതിനുശേഷം കൂനമ്മാവിലും ചാവറയച്ചന്‍ ഒരു പ്രസ്‌ സ്ഥാപിക്കുകയുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം അച്ചടിരംഗത്തും നേതൃത്വം നല്‍കിയ ചാവറയച്ചന്‍ സാഹിത്യരംഗത്തും മുന്നിട്ടുനിന്നു. മലയാളം, സംസ്‌കൃതം, തമിഴ്‌, ലത്തീന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്‌ എന്നീ ഭാഷകളില്‍ പണ്‌ഡിതനായിരുന്ന ചാവറയച്ചന്‍ നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു. ചാവറയച്ചന്‍ എഴുതിയ `ആത്മാനുതാപം', `അനസ്‌താസിയായുടെ രക്തസാക്ഷിത്വം', `മരണവീട്ടില്‍ പാടുവാനുള്ള പാന' എന്നീ കവിതാഗ്രന്ഥങ്ങള്‍ മലയാള ഭാഷയുടെ വികസനത്തില്‍ വഹിച്ച പങ്ക്‌ നിസാരമല്ല. 1861-ല്‍ ചാവറയച്ചന്‍ രചിച്ച `അനസ്‌താസിയായുടെ രക്തസാക്ഷിത്വം' എന്ന കൃതി മലയാള ഭാഷയിലെ ആദ്യത്തെ ഖണ്‌ഡകാവ്യമായി പരിഗണിക്കപ്പെടാതെപോയത്‌ മലയാളഭാഷാ രംഗത്ത്‌ അദ്ദേഹം പ്രകടമാക്കിയ നവോഥാന പ്രവണത വിസ്‌മരിക്കപ്പെട്ടതുമൂലമാണ്‌. മലയാളത്തിലെ ആദ്യത്തെ ഖണ്‌ഡകാവ്യം എന്നു പരക്കെ അറിയപ്പെടുന്ന `മലയവിലാസം' എന്ന എ.ആര്‍. രാജരാജവര്‍മ്മയുടെ കൃതിക്കു 34 വര്‍ഷം മുമ്പാണ്‌ ചാവറയച്ചന്‍ `അനസ്‌താസിയായുടെ രക്തസാക്ഷിത്വം' എന്ന ഖണ്‌ഡകാവ്യം പ്രസിദ്ധീകരിച്ചത്‌.

വിദ്യാഭ്യാസ, സാംസ്‌കാരിക, മത രംഗങ്ങളില്‍ നവോഥാനത്തിന്റെ ശംഖനാദം മുഴക്കിയ ചാവറയച്ചന്‍ സാമൂഹിക രംഗത്തും തനതായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌.കേരളത്തില്‍ ആദ്യമായി കൈനകരിയില്‍ ഒരു ധര്‍മശാല ആരംഭിച്ച ചാവറയച്ചന്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ ചെയ്‌ത സേവനം അവിസ്‌മരണീയമാണ്‌. അദ്ദേഹം തുടങ്ങിവച്ച രണ്ട്‌ സന്യാസ സമൂഹങ്ങള്‍വഴി ഭാരതത്തിലും ഭാരതത്തിനു പുറത്തും വ്യാപകമായ സേവനമാണ്‌ ഈ രംഗത്തു തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌. ദൈവം പാവപ്പെട്ടവര്‍ക്കൊപ്പമാണെന്നു വിശ്വസിച്ച ചാവറയച്ചന്‍ ജോലിക്കാര്‍ക്കു ന്യായമായ വേതനം നല്‍കണമെന്നു ശാഠ്യംപിടിച്ചിരുന്നു. അക്കാലത്തു ദളിതരെക്കൊണ്ടു നിര്‍ബന്ധിതമായി ജോലി ചെയ്യിപ്പിച്ചിരുന്ന `ഊഴിയം' എന്ന പതിവ്‌ നിര്‍ത്തലാക്കുന്നതില്‍ ചാവറയച്ചന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌.

സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ക്കുവേണ്ടി ശബ്‌ദമുയര്‍ത്തിയ ചാവറയച്ചന്‍ മതസൗഹാര്‍ദ്ദം വര്‍ധിപ്പിക്കുന്നതിലും മതസഹിഷ്‌ണുത ഉറപ്പുവരുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. സിഎംഐ സഭാ സ്ഥാപനത്തിനായി ആദ്യം തെരഞ്ഞെടുത്ത സ്ഥലം ചില ഹൈന്ദവ സഹോദരങ്ങള്‍ക്ക്‌ അപ്രീതികരമാണെന്നു മനസിലാക്കിയപ്പോള്‍ ചാവറയച്ചന്‍ ആ സ്ഥലം ഉപേക്ഷിക്കുകയും വേറൊരു സ്ഥലം തെരഞ്ഞെടുക്കുകയും ചെയ്‌തത്‌ മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നെന്നു വ്യക്തമാക്കുന്നു. കേരള സമൂഹത്തിന്റെ നവോഥാനത്തിനും സമഗ്രമായ വളര്‍ച്ചയ്‌ക്കും വിലയേറിയ സംഭാവനകള്‍ നല്‍കിയ ചാവറയച്ചന്‍ എല്ലാ അര്‍ഥത്തിലും ഒരു മഹാത്മാവുതന്നെ യായിരുന്നു. എന്നാല്‍ ഒരു മഹാത്മാവ്‌ എന്നതിനെക്കാള്‍ അധികമായി അദ്ദേഹം ഒരു പുണ്യാത്മാവുകൂടിയായിരുന്നു. ദൈവവുമായുണ്ടായിരുന്ന അഗാധമായ ബന്ധമാണ്‌ അദ്ദേഹത്തെ ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും സാമൂഹികപരിഷ്‌കര്‍ത്താവും സാംസ്‌കാരിക നായകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമൊക്കെയായി മാറ്റിയത്‌. കാലത്തിനു മുമ്പേ നടന്ന ഈ നവോഥാന നായകന്‍ താന്‍ തുടങ്ങിവച്ച നിരവധിയായ സംരംഭങ്ങളിലൂടെ ഇന്നും സജീവ സാന്നിധ്യമാണ്‌.