Breaking News

Trending right now:
Description
 
Apr 04, 2014

കസ്‌തൂരിരംഗന്‍, ആറന്മുള, പോരെങ്കില്‍ സ്ഥാനാര്‍ത്ഥികളായി രണ്ടുകോണ്‍ഗ്രസുകാര്‍; പത്തനംതിട്ടക്കാര്‍ക്ക്‌ ആകെ കണ്‍ഫ്യൂഷന്‍

image ഇടുക്കിയും വയനാടുംപോലെ കസ്‌തൂരിരംഗന്‍ കളം നിശ്ചയിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്‌ പത്തനംതിട്ട. അതിനുമപ്പുറം ഇത്തവണ ഇവിടെ മത്സരം രണ്ടു കോണ്‍ഗ്രസുകാര്‍ തമ്മിലാണ്‌. വികസനവും പൈതൃകവും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ടക്കാര്‍ ആരോടൊപ്പം നില്‍ക്കുമെന്നറിയാന്‍ ജനം ആകാംക്ഷാഭരിതരുമാണ്‌.

ആറന്‍മുള വിമാനപദ്ധതി നടപ്പിലാക്കുവാന്‍ ഏറ്റവും ശക്തമായി വാദിക്കുന്നവരില്‍ പ്രമുഖനാണ്‌ ആന്റോ ആന്റണി എംപി. ആറന്‍മുള വിമാനത്താവളത്തിനായി ഒന്‍പതു നിയമങ്ങളാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ ലംഘിച്ചത്‌്‌. ആന്റോ ആന്റണി കൈവെള്ളയില്‍ കൊണ്ടുനടക്കുന്നതാണ്‌ വിമാനത്താവള പദ്ധതിയെന്നാണ്‌ അവകാശവാദം. എന്നാല്‍, വിമാനത്താവളത്തിനായി ആന്റോ ആന്റണി കാട്ടിയ ശുഷ്‌കാന്തി പത്തനംതിട്ടക്കാര്‍ക്ക്‌ അത്ര പിടിച്ചില്ല എന്ന ജനസംസാരത്തിന്‌ എത്രമാത്രം വാസ്‌തവമുണ്ടെന്ന്‌ അറിയാന്‍ ഈ തിരഞ്ഞെടുപ്പ്‌ ഫലം കണ്ടാല്‍ മതിയാവും.

എന്നാല്‍, കഴിഞ്ഞ തവണ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന ഇമേജുമായി വന്നു മത്സരിച്ചിട്ടും 1,11,206 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ആന്റോ ആന്റണി സ്വന്തം പോക്കറ്റില്‍ ആക്കിയത്‌. എന്നാല്‍, ഇത്തവണ സ്ഥിതി വ്യത്യസ്‌തമാണ്‌. കഴിഞ്ഞ തവണ ക്രിസ്‌ത്യന്‍ സഭകള്‍ ഇടതിനോട്‌ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ കാറ്റ്‌ വലതുപക്ഷത്തിന്‌ അനുകൂലവും. പത്തനംതിട്ടയിലെ ഒന്‍പതു വില്ലേജുകളാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്‌.



പാചകവാതകം ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിച്ച ആദ്യ ജില്ല പത്തനംതിട്ടയായിരുന്നു. ഇത്‌ നേട്ടമായി കരുതി മണ്ഡലമാകെ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ വച്ചു അക്കിടി പറ്റിയ ആന്റോ ആന്റണിക്ക്‌ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ എടുത്തുമാറ്റേണ്ടി വന്നിരുന്നു. റബറിന്‌ വിലകൂടിയപ്പോഴും ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ സ്ഥാപിച്ച്‌ പിതൃത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍, റബറിന്റെ വിലകുറഞ്ഞപ്പോള്‍ എം.പിയുടെ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ പാരയായി.

ലോകസഭയില്‍ നിന്ന്‌ നഴ്‌സിംഗ്‌ കൗണ്‍സിലേക്ക്‌ തിരഞ്ഞെടുത്ത ഏക ലോക സഭാംഗമായ ആന്റോ ആന്റണി, നഴ്‌സുമാര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തുന്ന സമരങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന ആക്ഷേപം നഴ്‌സിംഗ്‌ യൂണിയനുകള്‍ പലപ്പോഴും ആരോപിച്ചിരുന്നു. ആന്റോ ആന്റണിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി.സി ജോര്‍ജിന്റെ നിലപാടുകളും മലക്കംമറിച്ചിലുകളും ഈ തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കും.

കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അനന്തഗോപനാണ്‌ പോരിന്‌ ഇറങ്ങി പരാജയപ്പെട്ടത്‌. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റായിരുന്ന അഡ്വ. പീലിപ്പോസ്‌ തോമസാണ്‌ ഇടതിനായി പോര്‍ക്കളത്തില്‍ ഇറങ്ങുന്നത്‌. രണ്ടുതവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട പീലിപ്പോസ്‌ ആറന്‍മുള വിഷയത്തില്‍ ആന്റോ ആന്റണി എംപിയുടെ നിലപാടുകളുടെ വിമര്‍ശകനുമാണ്‌.

പത്തനംതിട്ടക്കാര്‍ക്ക്‌ പരിചിതമുഖമായ എം.ടി. രമേശാണ്‌ ബിജെപി സ്ഥാനാര്‍ത്ഥി. പൈതൃകഗ്രാമമായ ആറന്‍മുളയുടെ വിഷയം ഏറ്റെടുത്ത്‌ വിമാനത്താവളത്തിനെതിരായി സമരം നടത്തുന്നതില്‍ ഹിന്ദുഐക്യവേദിയാണ്‌ മുന്നില്‍. ഇവരുടെ വോട്ട്‌ ബിജെപിക്ക്‌ അനുകൂലമായി മാറിയാല്‍ ബിജെപി ഇവിടെ നില മെച്ചപ്പെടുത്തും.