Breaking News

Trending right now:
Description
 
Apr 02, 2014

മലങ്കരസഭകളു​ടെ ഐക്യം വിദൂര സ്വപ്നമല്ല

Johnson Punchakkonam
image

മലങ്കര സഭയിലെ ഐക്യം തന്റെ സ്വപ്നമാണെന്ന് നിയുക്ത പാത്രിയാര്‍ക്കീസ് മാര്‍ അപ്രേം കരിം കൂറിലോസിന്റെ ആഗ്രഹം അതീവ പ്രതീക്ഷയോടെയാണ് മലങ്കരയിലെ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിശ്വാസികളും കാണുന്നത്. മലങ്കര സഭയിലെ ബഹുഭൂരിപക്ഷംവരുന്ന സാധാരണകാരായ വിശ്വാസികളും, നല്ലൊരുശതമാനം വൈദീകരും അനുരന്ജനവും, ഐക്യവും കാംഷിക്കുന്നവരാണ്. എന്നാൽ സ്വാർത്ഥമതികളായ  ചിലനേതാക്കന്മാർ തങ്ങളുടെ സ്ഥാനവും അധികാരവും നഷ്ട്ടപ്പെടുമോ എന്ന ഭയംമൂലം മനപൂർവ്വം വിശ്വാസികളിൽ വിഷം കുത്തിവക്കുകയും, എന്ത് സംഭവിച്ചാലും സഭയെ രണ്ടായി പിരിക്കണമെന്ന് വാശിപിടിക്കുകയും  ചെയ്യുന്നു. ഇക്കൂട്ടരുടെ പിടിവാശി മൂലമാണ് പലപ്പോഴും ഇരു വിഭാഗങ്ങളും പരസ്പരം വിട്ടുവീഴ്ചക്ക് തയ്യാറായി മുന്നോട്ടുവന്നെങ്കിലും അത് നടക്കാതെ പോയത്.  ഇനിയും നാം തെരുവിൽ തമ്മിലടിച്ചും, നിരാഹാരം കിടന്നും, കോടതികൾ കയറിയിറങ്ങിയും, വാർത്താ മാധ്യമങ്ങളിലൂടെ ലോകത്തിനു മുൻപിൽ പരിഹാസപാത്രങ്ങളാകണമോ എന്ന് ഇരുകൂട്ടരും മനസിരുത്തി ചിന്തിക്കണം?   

ഓർത്തോഡോക്സ്- യാക്കോബായ സഭാവിഭാഗങ്ങൾ തമ്മിൽ വിശ്വാസപരമായി യാതൊരു ഭിന്നതയും നിലനില്ക്കുന്നില്ല എന്നതാണ് സത്യം. അന്ത്യോക്യൻ പാത്രിയര്ക്കീസിനു കീഴിലാണ് ഇതര സഭകളിലെ തലവന്മാർ എന്ന വാദമാണ് "വിശ്വാസം" എന്നപേരിൽ സഭാതർക്കങ്ങൾക്ക് വഴിവെച്ചിട്ടുള്ളത്‌ എന്നതാണ് സത്യം. സുറിയാനിസഭയുമായി സത്യേകവിശ്വാസത്തിലും, വി.കുർബാന സംസർഗത്തിലും ഐക്യത്തിൽ കഴിയുന്ന സഭകളാണ് എത്യോപ്യൻ, എറിത്രിയൻ, അലക്സാണ്ട്രിയൻ, അർമേനിയൻ സഭകൾ, ഈ സഭകളൊന്നും അന്ത്യോക്യൻ പാത്രിയര്ക്കീസിനു കീഴിലാണ് തങ്ങളുടെ സഭകൾ എന്ന് പഠിപ്പിക്കുന്നില്ല. അന്ത്യോക്യൻ പാത്രിയര്ക്കീസ് പോലും അങ്ങനെ വാദിക്കുന്നില്ല. മലങ്കര സഭയുമായുള്ള ബന്ധത്തിൽ മാത്രം ഈ അപ്രമാദിത്വം വേണമെന്നുള്ള വാദം നിലനില്ക്കുകയില്ല. ഒറിയന്റൽ ഓര്ത്തഡോക്സ് സഭകളിൽ പ്രഥമ സ്ഥാനത്തു നില്ക്കുന്ന അലക്സാണ്ട്രിയൻ പാത്രിയർക്കീസ് വി.മർക്കോസിന്റെ പിന്ഗാമിത്വമാണ് പിന്തുടരുന്നത്. അവർ പത്രോസിന്റെ കൈവെപ്പു വഴിയുള്ളവർക്ക് പ്രത്യേക സ്ഥാനമൊന്നും നൽകുന്നില്ല. അദേഹത്തിന് തന്നെക്കാൾ മൂപ്പും, സ്ഥാനവും, നേതൃത്വവും നല്കി അന്ത്യോക്യൻ പാത്രിയർക്കീസ് ബഹുമാനിക്കുന്നു. ഇവിടെ വിശ്വാസവിഷയമല്ല തർക്കം. പിന്നെയെന്തിന് മലങ്കര സഭയുടെ വിശ്വാസകാര്യത്തിൽ വി. പത്രോസ്-തോമശ്ലീഹാ തർക്കം പറഞ്ഞു വിശ്വാസവിഷയമാക്കി കോടതികൾ കയറിയിറങ്ങണം എന്ന് ഇരുവിഭാഗവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പലർക്കും അധികാരവും സ്ഥാനമാനങ്ങളുമാണ് വിഷയം. അതുകൊണ്ടാണ് വിഭജിച്ചു പിരിയാം എന്ന് വാദിക്കുന്നത്. ക്രിസ്ത്യാനികളുടെ ഇടയിലെ വിഭാഗീയത അപമാനമാണ്. ക്രൈസ്തവരുടെ ഇടയിലെ വിഭജനങ്ങള്‍ നൊമ്പരപ്പെടുത്തുന്നതും അപമാനകരവുമാണ്, അതോടൊപ്പം അത് സുവിശേഷ പ്രഘോഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തുനാമം ഐക്യവും കൂട്ടായ്മയുമാണ് സൃഷ്ടിക്കേണ്ടത്. അല്ലാതെ വിഭജനമല്ല. നമ്മുടെയിടയില്‍ പരസ്പര ബന്ധവും കൂട്ടായ്മയും ഉളവാക്കാനാണ് യേശു വന്നത്. അല്ലാതെ നമ്മളെ വിഭജിതരാക്കാനല്ല. “ക്രിസ്തു ഇവിടെ വിഭജിക്കപ്പെടുകയാണോ? ക്രിസ്തു ഒരിക്കലും വിഭജിതനായിട്ടില്ല. എന്നാല്‍ സത്യസന്ധതയോടും സങ്കടത്തോടും കൂടി നാം സമ്മതിക്കേണ്ടിയിരിക്കുന്നു – നമ്മുടെ സമൂഹങ്ങള്‍ വിഭജനത്തില്‍ ജീവിക്കുന്നുവെന്നും അത് ക്രിസ്തുവിന് അപമാനകരമാണെന്നും.” ക്രൈസ്തവഐക്യം സാധ്യമാക്കാന്‍ പ്രാര്‍ത്ഥനയും, എളിമയും, നിരന്തരമായ മാനസാന്തരവും ആവശ്യമാണെന്നുമുള്ള സത്യം ഇനിയെങ്കിലും നാം ഉൾകൊള്ളണം.

1995 ലെ സുപ്രീം കോടതി വിധിയെ തുടർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 1995 ആഗസ്റ്റ്‌ ഒന്നിന് പുറപ്പെടുവിച്ച കല്പ്പനയിൽ ഇപ്രകാരം പറയുന്നു. (E 175/1995)... മലങ്കരയുടെ ഐക്യവും, സമാധാനവും, ഭാവിയും നിങ്ങളുടെ കൈകളിലാണ്. നമ്മുടെ കർത്താവിനു ഫലപ്രദമായി സാക്ഷ്യം വഹിക്കുന്നതിലേക്കായി നിങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും നാം ശ്ലൈഹിക വാഴ്വു വാഗ്ദാനം ചെയ്യുന്നു. പുത്രൻ സത്യമായി പിതാവിനാൽ അയക്കപ്പെട്ടവനാണ് എന്ന് ലോകം വിസ്വസിക്കുന്നതിലേക്ക്, താനും പിതാവും ഒന്നയിരിക്കുന്നത് പോലെ തന്റെ ശിഷ്യന്മാരും ഒന്നയിരിക്കനമെന്നത്രെ നമ്മുടെ കർത്താവ് ആഗ്രഹിച്ചത്‌. മനുഷ്വാവതാരത്തിനെതിരായ ഏറ്റവും മോശപ്പെട്ട സാക്ഷ്യം വിഭജിതസഭയാണ്. തുന്നൽ ഇല്ലാത്ത മേല്തോട്ടു അടിവരെ മുഴുവനും നെയ്തെടുത്ത കർത്താവിന്റെ അങ്കിയായിരിക്കണം വി.സഭ. സൌഖ്യം പ്രാപിക്കാത്ത കുഷ്ഠ രോഗിയുടെ കീറിപറിഞ്ഞ ഉടയാട ആയിരിക്കേണ്ടതല്ല പരിശുദ്ധസഭ. ആദ്യം ഓരോ വിഭാഗത്തിലും ആഭ്യന്തരമായും, പിന്നീട് വിവിധ വിഭാഗങ്ങൾ തമ്മിൽ തമ്മിലും ഉള്ള അനുരന്ജനമായിരിക്കണം എല്ലാ ക്രൈസ്തവരുടെയും ആത്യന്തിക ലക്ഷ്യമെന്നു നാം വിശ്വസിക്കുന്നു..... മലങ്കരയിൽ ക്രിസ്തീയ സാക്ഷ്യം വിഫലമാക്കുന്ന ഇപ്പോഴത്തെ ഈ വിഭജനം അവസാനിപ്പിക്കുന്നതിനായി നിങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും നാം നന്മ നേരുന്നു..."

പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ മലങ്കര മെത്രാപൊലീത്ത സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചതിനെ തുടർന്ന് 2002 ജൂലൈ 16-ന് പുറപ്പെടുവിച്ച (117/2002) കല്പനയിൽ പറയുന്നതുകൂടി ഇതിനോട് ചേർത്ത് നാം മനസിലാക്കണം. "....വ്യവഹാരങ്ങളിൽ നിന്നും, വിദ്വേഷങ്ങളിൽ നിന്നും, സങ്കുചിതമായ താൽപര്യങ്ങളിൽ നിന്നും നാം ദൈവ രാജ്യ മഹത്വത്തിലേക്ക് മുഖം തിരിക്കണം... കക്ഷി പിരിവുകളും, തെറ്റിധാരണകളും നില നിന്ന കാലത്ത് വാക്കും പ്രവർത്തിയും, ചിന്തയും മൂലം പരസ്പരം ഉണ്ടാക്കിയ മുറിവുകളെ നമുക്ക് സുഖപ്പെടുത്താം. അപ്രകാരം സഭയിൽ പരസ്പരം വന്നു പോയിട്ടുള്ള തെറ്റ്കുറ്റങ്ങൾക്ക് നിങ്ങളുടെ ആത്മീയ പിതാവായ ബലഹീനനായ നാം ക്ഷമ ചോദിക്കുന്നു..." 
ഇന്ന് ഈ പരിശുദ്ധപിതാക്കന്മാർ സ്വർഗീയസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. മലങ്കര സഭയുടെ ഐക്യം സ്വർഗത്തിലിരുന്നുകാണുവാനെങ്കിലും നാം ഇനിയെങ്കിലും അവസരമൊരുക്കണം. ക്രൈസ്തവ ലോകത്തിനുതന്നെ അപമാനമായ കാലികപ്രസക്തിയില്ലത്തതും, കാലഹരണപ്പെട്ടതുമായ വാദങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നാം തെരുവിൽ തമ്മിലടിക്കുന്നത്‌. ഇവിടെ എന്ത് ക്രൈസ്തവ സാക്ഷ്യമാണ് നാം ലോകത്തിനു നല്കുന്നത് എന്ന് ഇരു വിഭാഗവും ചിന്തിച്ചാൽ നന്ന്.