Breaking News

Trending right now:
Description
 
Apr 02, 2014

ഇടതു മാറി വലതു ചവുട്ടി പ്രേമചന്ദ്രന്‍, വീറോടെ ബേബി

E.S. Gigimol
image ഇടതുമുന്നണിയുടെ മുഖവും സ്വരവുമായിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ കേരളത്തിലെതന്നെ രാഷ്ട്രീയക്കാരില്‍ത്തന്നെ തികച്ചും വ്യത്യസ്‌തനായിരുന്നു. കൊല്ലം സീററിന്റെ പേരില്‍ സിപിഎമ്മിനെ ധൈര്യപൂര്‍വം തള്ളിപ്പറഞ്ഞ്‌ ഇടതുമുന്നണിയില്‍ നിന്ന്‌ വലതുമുന്നണിയിലേയ്‌ക്കു ചുവടുവയ്‌ക്കുമ്പോള്‍, അത്‌ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ അത്ര എളുപ്പമല്ലെന്ന്‌ നന്നായി അറിയാമായിരുന്നത്‌ ഒരു പക്ഷേ, പ്രേമചന്ദ്രനു തന്നെയായിരിക്കും. അതുകൊണ്ടുതന്നെ വലിയ വര്‍ത്തമാനങ്ങള്‍ക്കൊന്നും നില്‍ക്കാതെ പ്രേമചന്ദ്രന്‍ ജനങ്ങള്‍ക്കിടയിലേയ്‌ക്ക്‌ ഇറങ്ങിച്ചെന്നു.

കൊല്ലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്കൊത്തുനിന്ന്‌ ലോക്‌സഭാ സീറ്റ്‌ സ്വന്തമാക്കാമെന്ന ആത്മവിശ്വാസമാണ്‌ പ്രേമചന്ദ്രനെയും യുഡിഎഫിനേയും നയിക്കുന്നത്‌. ഇമേജിന്‌ കോട്ടംതട്ടി മത്സരിക്കാനില്ലെന്നു തീരുമാനിച്ചുറപ്പിച്ച പീതാംബരക്കുറുപ്പ്‌ കളത്തിനു പുറത്താകുമ്പോള്‍ പകരം സ്ഥാനാര്‍ത്ഥിയാരെന്ന അനിശ്ചിതത്വം യുഡിഎഫിലുണ്ടായിരുന്നു. അത്‌ മറികടന്നത്‌ പ്രേമചന്ദ്രന്‍ ഇടതുമാറി വലതുചവിട്ടിയപ്പോഴാണ്‌ എന്ന ആവേശത്തിലാണ്‌ മുന്നണിയുടെ മുന്നോട്ടുപോക്ക്‌.

നേര്‍ക്കുനേര്‍, തികച്ചും രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി കൊല്ലം മാറുന്നതിന്റെ കാര്യവും ഇതൊക്കെത്തന്നെ. രണ്ടുകൂട്ടര്‍ക്കും അഭിമാനപ്രശ്‌നമാണ്‌ കൊല്ലം. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുമുന്നണികളും ആഗ്രഹിക്കുന്നില്ല.ആര്‍എസ്‌പിയുടെ കേരളത്തിലെ തലസ്ഥാനമായിരുന്നു കൊല്ലം സിപിഎമ്മിന്റെ കൈയില്‍ എത്തിച്ചേരുന്നത്‌ 1999-ലാണ്‌. അതുവരെ ഇടതിനൊപ്പവും വലതിനൊപ്പവും നിന്ന്‌ ആര്‍എസ്‌പി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു കൊല്ലം. ആര്‍ എസ്‌പിയുടെ എന്‍. ശ്രീകണ്‌ഠന്‍നായരാണ്‌ ദീര്‍ഘകാലം കൊല്ലത്തിന്റെ ലോകസഭാ പ്രതിനിധി. ആര്‍എസ്‌പിയുടെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളും വിഭാഗിയതയുമാണ്‌ പാര്‍ട്ടിക്ക്‌ സീറ്റു നഷ്ടപ്പെടാന്‍ കാരണമായി മാറിയത്‌.സീറ്റ്‌ സ്വന്തമാക്കിയ സിപിഎം രണ്ടു തവണ വിജയത്തിന്റെ രുചി നുണയുകയും ചെയ്‌തിരുന്നു. കഴിഞ്ഞ തവണ ഹാട്രിക്‌ വിജയം നേടാനാവാതെ പീതാംബരക്കുറുപ്പിന്റെ അടവുകള്‍ക്ക്‌ മുന്നില്‍ സിപിഎമ്മിന്റെ പി. രാജേന്ദ്രന്‌ തോററു തുന്നം പാടേണ്ടി വന്നുവെങ്കിലും കൊല്ലത്തിന്റെ നിറം ചുവപ്പാണെന്ന തിരിച്ചറിവാണ്‌ സിപിഎമ്മിനെ സീറ്റ്‌ സ്വന്തമാക്കുവാന്‍ പ്രേരിപ്പിച്ചത്‌.

ആര്‍എസ്‌പിയുടെ എ.എ അസീസ്‌ മുന്നണി മാറിയതോടെ ഇരവിപുരം നിയമസഭാ മണ്ഡലം യുഡിഎഫില്‍ എത്തിയെങ്കിലും ഇടതിന്റെ കയ്യിലാണ്‌ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങള്‍.

ആര്‍എസ്‌പിയുടെ പ്രേമചന്ദ്രന്‍ കഴിഞ്ഞാഴ്‌ച വരെ ഒരു സിപിഎമ്മുക്കാരനേക്കാള്‍ വീറോടെയാണ്‌ പിണറായി വിജയനു വേണ്ടി വാദിച്ചിരുന്നത്‌. വിഷയം ഏതുമാകട്ടെ പ്രേമചന്ദ്രന്‍ ഇടതുപക്ഷത്തിനായി വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ അവതരണങ്ങളിലൂടെ ആര്‍എസ്‌പിയുടെ രാഷ്ട്രീയബലവും സ്വാധീനവും ഉറപ്പിക്കാനാണ്‌ പ്രേമചന്ദ്രന്‍ ശ്രമിച്ചിരുന്നത്‌. ഭിന്നിച്ചു നിന്നതോടെ യുഡിഎഫിലും എല്‍ഡിഎഫിലും അശക്തരായി മാറിയ ആര്‍എസ്‌പിയുടെ ഈ അടവു മാറ്റം ഈ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെയും വിഷയമാണെങ്കില്‍ സിപിഎമ്മിന്‌ ഇത്‌ അഭിമാനപോരാട്ടമാണ്‌.പിളര്‍ന്നതോടെ ആര്‍എസ്‌പിയുടെ ശക്തി ക്ഷയിച്ചിരുന്നു. ഇത്‌ മനസിലാക്കി ആര്‍എസ്‌പിയെ ഒതുക്കി മൂലയില്‍ ഇരുത്തിയ സിപിഎം, ആര്‍എസ്‌ പി മുന്നണി വിടുവാന്‍ തീരുമാനിച്ചപ്പോള്‍ സീററ്‌ നല്‌കാന്‍ തയാറായി. ആര്‍എസ്‌പിയെ തിരികെ കൊണ്ടുവരുവാനും ശ്രമിച്ചുവെന്നത്‌ പ്ലസ്‌ പോയിന്റാണ്‌. എന്നാല്‍ കൊല്ലത്തു നിന്ന്‌ ജനവിധി തേടുന്ന രണ്ടു പേരും നിസാരക്കാരല്ല.

എം.എ ബേബി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന ഏക പിബി അംഗമാണ്‌. ജയിച്ചാല്‍ സിപിഎം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. നിലവില്‍ കുണ്ടറ എംഎല്‍എയാണ്‌ എം.എ ബേബി.

ഇനി എങ്ങാനും ഇടതുപക്ഷത്തിന്‌ ഭരണ പങ്കാളിത്തമുള്ള കേന്ദ്രഗവണ്‍മെന്റ്‌ നിലവില്‍ വന്നാല്‍ മന്ത്രിയുമാകും. കുറുപ്പായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ ബേബിയുടെ വിജയം നിഷ്‌പ്രയാസം സാധ്യമായേനെ. എന്നാല്‍ മത്സരിക്കാന്‍ വന്നത്‌ പ്രേമചന്ദ്രനും.

പ്രേമചന്ദ്രന്‍ രണ്ടു തവണ ലോക്‌സഭാ എം.പിയായിരുന്നു. സംസ്ഥാന മന്ത്രിയെന്ന നിലയിലും പ്രേമചന്ദ്രന്‍ എ-ഗ്രേഡ്‌ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ തോറ്റ ഏക മന്ത്രിയും പ്രേമചന്ദ്രനായിരുന്നു. പൊതുസമൂഹത്തില്‍ പ്രേമചന്ദ്രന്‍ ആര്‍എസ്‌പിയുടെ ചാനല്‍ മുഖമാണെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രേമചന്ദ്രന്റെ ജനകീയത അളക്കുവാന്‍ ഈ തിരഞ്ഞെടുപ്പ്‌ കാരണമാകും. പ്രേമചന്ദ്രന്‍ ഇത്തവണ തോറ്റാല്‍ ആര്‍എസ്‌പി പാര്‍ട്ടിയുടെ ശവപ്പെട്ടിക്കുള്ള ആണിക്കല്ലാകും തറയ്‌ക്കുക.

ഭിന്നിച്ചു നിന്ന വി.എസും പിണറായിയും ഒന്നിച്ചതു എത്രമാത്രം വോട്ടായി മാറി എന്നറിയാന്‍ കൊല്ലം തിരഞ്ഞടുപ്പിന്റെ ഫലം വന്നുകഴിയുമ്പോള്‍ അറിയാം. വി.എസിന്റെ കോട്ടയായിരുന്ന കൊല്ലം തകര്‍ത്ത്‌ പിണറായിയുടെ വന്‍ മതില്‍ പണിതതു ബേബിയുടെ ആശീര്‍വാദത്തിലായിരുന്നു. എന്നാല്‍, ഇത്തവണ വി.എസ്‌ സജീവമായി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിലാണ്‌. കൊല്ലത്തിന്റെ പ്രിയപ്പെട്ട വി.എസ്‌ തന്നെയാണ്‌ ഇവിടെ പ്രചരണം ഉത്‌ഘാടനം ചെയ്‌തത്‌.

ബിജെപിയുടെ പി.എം വേലായുധനാണ്‌ ഇവിടെ സ്ഥാനാര്‍ത്ഥി, 33078 വോട്ട്‌ കഴിഞ്ഞ തവണ നേടിയ ബിജെപി ഈ വോട്ട്‌ ബാങ്ക്‌ നിലനിര്‍ത്തുമോ എന്നറിയാം. പിന്നെ നിഷേധവോട്ടുകളും ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ റോള്‍ വഹിക്കും.