Breaking News

Trending right now:
Description
 
Nov 10, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം ശക്തിയാര്‍ജ്ജിക്കുന്നു. നവംബര്‍ 15 മുതല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ഹോസ്‌പിറ്റലുകള്‍ സ്‌തംഭിക്കും

image
നവംബര്‍ 15 മുതല്‍ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ഹോസ്‌പിറ്റലുകള്‍ സ്‌തംഭിക്കും

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മദര്‍ ഹോസ്‌പിറ്റല്‍ സമരം 68-ാം ദിവസത്തേയ്‌ക്ക്‌ കടന്നിട്ടും അധികൃതരുടെ അനാസ്ഥ തുടരുന്നു. നഴ്‌സുമാര്‍ കഴിഞ്ഞ പതിനഞ്ചു ദിവസമായി റിലേ സത്യാഗ്രഹം നടത്തിവരുകയായിരുന്നു എന്നാല്‍ മദര്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റുമായി തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ മദര്‍ ഹോസ്‌പിറ്റലിലെ പുരുഷ നഴ്‌സായ പിആര്‍ സുഗുണന്‍ നിരാഹാര സമരവുമായി രംഗത്തെത്തിയത്‌.

 
അദ്ദേഹത്തിന്റെ നിരാഹാര സമരം നാലാം ദിവസത്തേയ്‌ക്ക്‌ കടന്നിട്ടും ആരോഗ്യവകുപ്പോ മറ്റു ഉന്നത ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കുവാന്‍ ഇതുവരെ തയാറായിട്ടില്ല. ഹോസ്‌പിറ്റലില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ചാണ്‌ സുഗുണന്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ മാനേജ്‌മെന്റ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. നാളെ മുതല്‍ കൂടുതല്‍ വനിതാ നഴ്‌സുമാര്‍ നിരാഹാര സമരവുമായി രംഗത്തെത്തുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്‌.

മദര്‍ ഹോസ്‌പിറ്റല്‍ വിഷയത്തില്‍ ഇടപെടാമെന്നുള്ള ജില്ലാ ലേബര്‍ ഓഫിസറുടെ ഉറപ്പിന്‍മേലാണ്‌ ഒക്ടോബര്‍ 29-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ച ജില്ലാ പണിമുടക്ക്‌ മാറ്റിവച്ചത്‌. എന്നാല്‍ ബന്ധപ്പെട്ടവര്‍ അതിനുള്ള യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും യുഎന്‍എ ഭാരവാഹികള്‍ ഇന്ന്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി. അതിനാല്‍ 15-ാം തീയതി മുതല്‍ തൃശൂര്‍ ജില്ലയിലെ പ്രൈവറ്റ്‌ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന്‌ അറിയിച്ചു. അതിന്റെ സൂചനയായി പന്ത്രണ്ടാം തീയതി ജില്ലയിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും യുഎന്‍എ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലെ മിക്ക ഹോസ്‌പിറ്റലുകളിലും 2009 -ലെ മിനിമം വേതനം പോലും നടപ്പിലാക്കുവാന്‍ തയാറായിട്ടില്ലെന്നും 500 മുതല്‍ 1000 രൂപയ്‌ക്ക്‌ വരെ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ ഉണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ ഈ സമരത്തില്‍ അടിയന്തരമായി ഇടപെട്ട്‌ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ ഹോസ്‌പിറ്റലുകളുടെയും പ്രവര്‍ത്തനം 15-ാം തീയതി മുതല്‍ സ്‌തംഭിപ്പിക്കുമെന്ന്‌ യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.