Breaking News

Trending right now:
Description
 
Apr 01, 2014

അമ്പിളിയുടെ കുഞ്ഞാണ്‌ നക്ഷത്രമെങ്കില്‍ അവരുടെ ബാപ്പയാരാ?

Laly
image “ഉമ്മാ... ഈ കാറ്റൊക്കെ എവിടുന്നാ വരുന്നെ..?”

“ അങ്ങകലെ ഒരു കുന്നിന്‍ മുകളിലാണവരുടെ വീട്. അവിടെനിന്നും......“

“എന്തിനാ അവരെപ്പോഴും നാട്ടിലേക്ക് വരുന്നെ..?”

“അതീ കാണുന്ന മരങ്ങളും ചെടികളുമെല്ലാം അവരുടെ കൂട്ടുകാരല്ലെ. അവരെ കാണാന്‍.. കാറ്റു വരുമ്പോഴാ ചെടികള്‍ക്ക് സന്തോഷം.. അപ്പോഴവര്‍ പാട്ടു മൂളും ഡാന്‍സ് കളിക്കും.. തലയാട്ടും... മോള്‍ക്ക് അപ്പുറത്തെ മാളുവും, ഗൌരിയുമൊക്കെ വരുമ്പോ സന്തോഷമല്ലെ അതുപോലെ..“

“എങ്കിലെന്തിനാ കൊടുങ്കാറ്റ് വന്ന് എല്ലായിടത്തും കുഴപ്പമുണ്ടാക്കുന്നത്... ?“

“അത് അവരു വന്ന് നോക്കുമ്പോ അവരുടെ കൂട്ടുകാരെയൊക്കെ നമ്മള്‍ മനുഷ്യര്‍ വെട്ടിക്കളഞ്ഞിരിക്കുന്ന കാണും.. അതു കാണുമ്പോ അവര്‍ക്ക് ദേഷ്യം വരും. നമ്മളെ കൊല്ലാനുള്ളത്രയും ദേഷ്യം..”.

ഉമ്മാ.. ഈ പുല്ലൊക്കെ ത്തിന്നിട്ടും പാലിന്റെ നിറം വെള്ളയായതെങ്ങനാ..?
പച്ചക്കളര്‍ പാലായിരുന്നെങ്കില്‍ ചായേടെ നിറം എന്തായിരുന്നേനെ..?
ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പ്മുട്ടിക്കും അന്നക്കിളീ.. അവള്‍ക്കെപ്പോഴും സംശയങ്ങളാണു...
.“ 

അമ്പിളിയുടെ കുഞ്ഞുങ്ങളാണൊ നക്ഷത്രങ്ങള്‍..? എങ്കില്‍ അവരുടെ വാപ്പയാരാ..?“ സൂര്യനെന്ന് പറഞ്ഞാല്‍ ചോദിക്കും “ഇപ്പോഴെവിടെപ്പോയീ സൂര്യന്‍..? “

ജോലീക്ക് പോയീന്നു പറഞ്ഞാല്‍ പിന്നെ ജോലിയെപ്പറ്റിയാകും അന്വേഷണം.. ഫോട്ടോഗ്രാഫറാ...?

കൊതുക് അവളെ ഉമ്മവക്കും, ഉറുമ്പ് ഇക്കിളിയാക്കും, തെങ്ങ് തേങ്ങയെ ഉപേക്ഷിച്ചു കളയും.. കൊക്കിനെ പോത്തിന്റെ കാമുകിയാക്കും...അങ്ങനെയങ്ങനെ...

അവളിപ്പോള്‍ ഏറെ വളര്‍ന്നു.. സംശയങ്ങളൊന്നുമില്ലാത്തത്രയും..

ഇന്നലെ അവള്‍ക്ക് ഞാന്‍ “കോളറാകാലത്തെ പ്രണയ്ത്തിന്റെ കഥ പറഞ്ഞു കൊടുത്തു... ഏറെ പ്രണയത്തിലായിരുന്ന് ഫെര്‍മിനാ ഡാസയും ഫ്ലൊറന്റീനാ അരീസയും പിരിഞ്ഞതും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നായതിനെക്കുറിച്ചുമൊക്കെ.. അവള്‍ ചോദിച്ചു.. “ അത്ര ഇഷ്ടത്തിലായിരുന്നെങ്കില്‍ അവരെന്തിനാ പിരിഞ്ഞത്..?“ 

ഞാന്‍ പറഞ്ഞു...  അതാണു എനിക്കിപ്പോഴും മനസ്സിലാകാത്തത്...  രണ്ട് മൂന്ന് വര്‍ഷത്തെ പ്രണയത്തിനും വിരഹത്തിനുമൊക്കെ ശേഷം അവരൊന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതായിരുന്നു... അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍... 

ഒരു ദിവസം ഫെര്‍മിന അവിടത്തെ പുരാതനമായ മാര്‍ക്കറ്റില്‍ കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ മേടിച്ച് , അവിടത്തെ കാഴ്ചകളിലും ബഹളത്തിലുമൊക്കെ മുഴുകി നടക്കുമ്പോല്‍ ഫ്ലോറന്റീന അവളറിയാതെ അവളെ പിന്തുടരുകയും പിറകില്‍ ചെന്ന്  “കിരീടം ചൂടിയ വനദേവതക്കുള്ള സ്ഥലമിതല്ല” എന്ന് പറയുകയും ചെയ്തു... 

പെട്ടെന്ന് തിരിഞ്ഞ് നോക്കി അവള്‍ പറഞ്ഞു  എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന്... ഇനിയവളുടെ പിറകേ വരരുതെന്ന്... എന്താ കാരണമെന്നറിയാന്‍ ഞാന്‍ വീണ്ടും വീണ്ടും ആ ഭാഗം വായിച്ചു നോക്കി...

എനിക്കറിയില്ല മോളേ... ചിലപ്പോള്‍ അവള്‍ക്ക്, അവന് സൌന്ദര്യം പോരെന്ന് തോന്നിയിട്ടുണ്ടാകും...

അന്നക്കിളി ചിരിച്ചു... അതു മനസ്സിലാക്കാന്‍ എന്താ ഉമ്മാ ഇത്രക്കും ബുദ്ധിമുട്ട്..? ഈ ഫെര്‍മിനക്ക് ഉമ്മാടെ സ്വഭാവമാണെന്ന് തോന്നുന്നു... ഉമ്മാ മാര്‍ക്കറ്റില്‍ പോകേണ്ടെന്നും സാജിതാ സ്റ്റോഴ്സിലും സിറ്റി ഫാഷന്‍സിലും ആദായക്കടയിലുമൊന്നും കേറരുതെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ...? ആ ചേട്ടന്റെ ‘ആറ്റിറ്റ്യൂഡ്’ ശരിയല്ലായിരുന്നു... അതു കൊണ്ടാ അവര്‍ അയാളെ ഉപേക്ഷിച്ചത്...

നോക്കൂ... അവളെത്ര വളര്‍ന്നിരിക്കുന്നൂവെന്ന്... എന്റെ സംശയങ്ങള്‍ക്ക് പോലും മറുപടി പറയാന്‍ കഴിവുള്ള അത്രയും........