Breaking News

Trending right now:
Description
 
Apr 01, 2014

ശരീരഭാരം കുറയ്‌ക്കാന്‍ കുടംപുളി; വിദേശികള്‍ ക്യാപ്‌സൂളാക്കി ഉപയോഗിക്കുന്നു

image അമിതവണ്ണം, കൊഴുപ്പ്‌ എന്നിവയെ അതിവേഗത്തില്‍ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കുടംപുളിയില്‍ അടങ്ങിയിട്ടുണ്ടെന്നു പഠനം. ഇതോടെ കുടംപുളിയെ താരമായി മാറി.. ഇന്റര്‍നെറ്റ്‌ വഴിയും കുടംപുളി പുരാണം ശരവേഗത്തില്‍ വ്യാപിക്കുന്നുണ്ട്‌. കേരളത്തില്‍ മീന്‍കറിയിലും മറ്റുമാണു കുടംപുളി ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍, വിദേശികള്‍ കുടംപുളിയിലെ ഗുണകരമായ സത്ത്‌ വേര്‍തിരിച്ചെടുത്തു ക്യാപ്‌സൂളുകളാക്കി മാറ്റി ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക്‌ ആസിഡ്‌ (എച്ച്‌സിഎ). ശരീരഭാരം കുറയ്‌ക്കുന്നതിന്റെ വേഗം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാന്‍ ഈ ഘടകത്തിനു കഴിയുമെന്ന്‌ ഈ രംഗത്തു പഠനം നടത്തിയവര്‍ അവകാശപ്പെടുന്നു. ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക്‌ എച്ച്‌സിഎ (കുടംപുളി സത്ത്‌) ഉപയോഗിക്കുന്നതിലൂടെ ഒരു മാസംകൊണ്ട്‌ രണ്ടുകിലോയോളം ഭാരം കുറയുമത്രെ. ഹൈഡ്രോസിട്രിക്‌ ആസിഡ്‌ (എച്ച്‌സിഎ) ശരീരത്തില്‍ കൊഴുപ്പ്‌ രൂപപ്പെടുന്നതിനെ തടയുമെന്നു പഠനം പറയുന്നു. സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്‌, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല. ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഇവ വൈകാതെ കൊഴുപ്പായി മാറ്റപ്പെടുന്നു. എന്നാല്‍, എച്ച്‌സിഎ പുറപ്പെടുവിക്കുന്ന ഒരു എന്‍സൈം ഇങ്ങനെ കൊഴുപ്പു രൂപപ്പെടുന്നതിനെ തടയും. അതുപോലെ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവയുടെ ഉത്‌പാദനം കുറയ്‌ക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ്‌ ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും കുടംപുളി ഉപകാരപ്പെടുമെന്നു പഠനം വക്തമാക്കുന്നു. അമിതവിശപ്പ്‌ അനുഭവപ്പെടുന്നവര്‍ക്കും കുടംപുളി സഹായകമാണ്‌. യുഎസ്‌എയിലെ പ്രശസ്‌ത ഡയറ്റ്‌ കോളമിസ്റ്റ്‌ മില്ലര്‍, കുടംപുളിയെ സൂപ്പര്‍ ഭക്ഷണമായി വിശേഷിപ്പിച്ചിട്ടുണ്ട്‌.