Breaking News

Trending right now:
Description
 
Mar 28, 2014

മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ സ്ഥാനമേറ്റു

image മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന്‍ സ്ഥാനമേറ്റു. ഓസ്‌ട്രേലിയയിലെ ഈസ്റ്റ്‌ മെല്‍ബണ്‍ സെന്റ്‌ പാട്രിക്‌ കത്തീഡ്രലില്‍ ചൊവ്വാഴ്‌ച രാത്രി ഏഴുമണിക്ക്‌ മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍ നടന്നത്‌. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഗാലഗറും ചേര്‍ന്നാണ്‌ സ്ഥാനാരോഹണത്തിന്റെ അടയാളമായി മാര്‍ ബോസ്‌കോ പുത്തൂരിനെ ഔദ്യോഗിക പീഠത്തിലേക്ക്‌ ആനയിച്ചത്‌. 



       



തുടര്‍ന്നു ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജേക്കബ്‌ തൂങ്കുഴി, മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ ജോസ്‌ പൊരുന്നേടം, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ പോള്‍ ആലപ്പാട്ട്‌, ഡോ. പോള്‍ മയ്‌പാന്‍ എന്നിവരും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നീ രാജ്യങ്ങളിലെ 22 മെത്രാന്മാരും 75 വൈദികരും സഹകാര്‍മികരായി.

ദിവ്യബലിയില്‍ സന്ദേശം നല്‍കവേ മെല്‍ബണ്‍ രൂപത സീറോ മലബാര്‍ സഭയ്‌ക്കു ലഭിച്ച വലിയ ദൈവാനുഗ്രഹണെന്ന്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി പുതിയ രൂപത സ്ഥാപിക്കുന്നതിന്‌ അനുവാദം നല്‍കിയ ഫ്രാന്‍സിസ്‌ മാര്‍പാപ്പയോടും സഹായസഹകരണങ്ങള്‍ നല്‍കിയ ഓസ്‌ട്രേലിയയിലെ മെത്രാന്മാരുടെ സിനഡിനോടും സഭയുടെ പേരില്‍ ആലഞ്ചേരി പിതാവ്‌ നന്ദി പറഞ്ഞു. 


വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ശുശ്രൂഷ ചെയ്യുകയാണ്‌ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി. പ്രവാസികളുടെ അജപാലന ആവശ്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബിഷപ്പുമാരായ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഫാ. പീറ്റര്‍ കാവുംപുറം ഉള്‍പ്പടെയുള്ള മറ്റു വൈദികര്‍, അല്‌മായര്‍ എന്നിവര്‍ക്കെല്ലാം മാര്‍ ആലഞ്ചേരി നന്ദിയും കടപ്പാടും അറിയിച്ചു. പുതിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂരിനും വൈദികര്‍ക്കും വിശ്വാസികള്‍ക്കും രൂപതയെ നയിക്കാനും വളര്‍ത്താനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


മറുപടി പ്രസംഗത്തില്‍ മെല്‍ബണ്‍ രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിശ്വാസികളുടെ മുഴുവന്‍ പ്രാര്‍ഥനയും സഹകരണവും ആവശ്യമാണെന്നു ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.