
വീണ്ടുമൊരു ലോകസഭ തിരഞ്ഞെടുപ്പ്
വീട്ടുമുറ്റത്തെത്തി നില്ക്കുമ്പോള് എന്റെ മനസിലോടിയെത്തുന്നത് 2000-ത്തിലെ
പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്.
എന്നെയൊക്കെ 2 വര്‍ഷം പഠിപ്പിച്ച് മതിയാക്കി
(സ്റ്റഡി ലീവെന്നാണ് യൂണിവേഴ്സിറ്റിയുടെ വിളിപ്പേര്) മഹാത്മാഗാന്ധി
സര്‍വകലാശാലയില്‍ നിന്നു കുടിയൊഴിപ്പിച്ച കാലം. ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറിയില്‍
നിന്നും യൂണിവേഴ്സിറ്റിയില്‍ നിന്നും കെട്ടുകണക്കിന് ഗാന്ധിയന്‍ ഫിലോസഫി
പുസ്തകങ്ങളുമായി ഞാനെന്റെ വീട്ടിലെത്തി. പുസ്തകങ്ങളും നോട്ടുകെട്ടുകളുമെല്ലാം
വല്യപരീക്ഷ കഴിഞ്ഞ സ്കൂള്‍ കുട്ടിയുടെ ജാഗ്രതയോടെ ഞാനൊരു മൂലയിലൊതുക്കി.
കുറെനാളു
കൂടി വീട്ടില്‍ വന്നതിനാല്‍ ഞാനൊരു ഹോളിഡേ മൂഡിലായിരുന്നു. തൊട്ടടുത്തുള്ള
കസിന്‍സിന്റെ വീട്ടിലൊക്കെ തെക്കുവടക്കു (സോറി കിഴക്ക് പടിഞ്ഞാറ്്) നടന്ന്
ഞാനങ്ങ് ആര്‍മാദിക്കുകയായിരുന്നു.
ആ സമയത്താണ് രണ്ടാമത്തെ ത്രിതല
പഞ്ചായത്ത് തിരഞ്ഞെടുപ്പ്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് കാര്യമായ ക്ഷാമമുള്ള
കാലം. ഇലക്ഷന് ചൂടുപിടിച്ചുവരുന്നു. നിലവില്‍ കോഓപറേറ്റീവ് ബാങ്ക്
പ്രസിഡന്റായിരുന്ന എന്റെ പേരമ്മയെ ഇലക്ഷനു നിര്‍ത്താന്‍ കോണ്‍ഗ്രസുകാര്‍
വന്നുവെന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതയായി. തിരഞ്ഞെടുപ്പ് പ്രചരണമെന്ന
പേരില്‍ ലൈസന്‍സ്ഡ് തെണ്ടിത്തിരിയലിന്റെ സാധ്യത ഓര്‍ത്താണ് ഞാന്‍
ഉള്പുളകിതയായത്.
അത്തരം ഒരു മുന്‍ അനുഭവം ഉണ്ടായിരുന്നുതാനും. വല്യച്ഛന്
പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ നാട്ടുകാരുടെ സ്നേഹാദരവ്
ഏറ്റുവാങ്ങി മന്ദം മന്ദം രാജവീഥികളിലൂടെ നടന്നുപോയ മധുരമായ അനുഭവം എനിക്ക്
മറക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്നെ ദുഃഖത്തില്‍ ആഴ്ത്തിക്കൊണ്ട് അമ്മച്ചി
സ്ഥാനാര്‍ത്ഥിയാകാന്‍ വിസമതിച്ചു.
ഞാന്‍ ------ പോയ അണ്ണാനെപ്പോലെ
വിഷണ്ണയായി ഒരു ഗാന്ധിയന്‍ പുസ്തകം മടിയില്‍ വച്ചു മനോരാജ്യത്തില്‍
മുഴുകിയിരിക്കുകയായിരുന്നു. അപ്പോള്‍ അതാ വരുന്നു ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട
അനീഷെന്ന സഹോദരന്. തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജേക്കബിനു (ഞാനന്ന്
കേട്ടിട്ടുപോലുമില്ല) വേണ്ടി അവകാശവാദം ഉന്നയിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ
വനിതാ സീറ്റിലേക്ക് ഒരാളെ ഇലക്ഷന് നിര്‍ത്തുന്ന സാധ്യതകളുമായി വന്നത്.
"നമ്മള് ഒരാളെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഐ നിലവിലുള്ള സ്ഥാനാര്‍ത്ഥിയെ
പിന്‍വലിക്കും," എന്നെല്ലാം ആവേശഭരിതനായി കഥാനായകന്.
"കസിന്റെ വമ്പന്‍
പാര്‍ട്ടിക്ക് ഞാനൊരു മുതല്‍ക്കൂട്ടാകുമെങ്കില്‍ അങ്ങനെയാവട്ടെ." എളിമയോടെ ഞാന്‍
സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായി. കസിന്റെ പാര്‍ട്ടിയുടെ കരുത്ത് തെളിയിച്ചു
കഴിഞ്ഞാല്‍ എനിക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറാം. അതാണ്
തീരുമാനം.
നിലവിലെ തീരുമാനം അുസരിച്ച് സ്ഥാനാര്‍ത്ഥിയായി നോമിനേഷന്
നല്കുന്നു, പിന്നീട് പിന്‍വലിക്കുന്നു. കോണ്‍ഗ്രസിനെ സമര്ദ്ദത്തില് ആക്കുക
എന്നതാണ് തന്ത്രം.
എന്റെ പപ്പ അന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
വാഴക്കുളം ശാഖയിലാണ് ജോലി നോക്കുന്നത്. ഞാന്‍ ഫോണില്‍ പപ്പയെ വിളിച്ചു
നമ്രശിരസ്കയായി, "പപ്പാ എന്നെ അനുഗ്രഹിക്കൂ, ഞാന്‍ കോണ്‍ഗ്രസുകാരുടെ കൂടെ ഇലക്ഷനു
നില്‍ക്കുകയാണ്."
പരീക്ഷ കഴിഞ്ഞില്ലല്ലോ മകളെ എന്ന പപ്പയുടെ ചോദ്യത്തിനു
ഞാന്‍ വിശദമായി മറുപടി നല്കി.
നോമിനേഷന് നല്കിയാലും പിന്നീട്
പിന്‍വലിക്കും. ചുമ്മാ ഇതൊക്കെയൊരു തമാശയല്ലേ, എന്ന മട്ടിലായിരുന്നു എന്റെ
കാര്യാവതരണം.
സ്ഥാനാര്‍ത്ഥി സാറാമ്മയായി ഞാന്‍ തൊട്ടയല്പക്കത്തുള്ള
പേരമ്മയുടെ വീട്ടിലെത്തി (നിലവില്‍ ബാങ്ക് പ്രസിഡന്റാണ് പേരമ്മ). ഒരു വട്ടം കൂടി
ചില രാഷ്ട്രീയക്കരുക്കള്‍ വിദഗ്ധമായി നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
എന്നെയും അവിടെ കൂടിയിരുന്ന ചില അടുത്ത ബന്ധുക്കളെയും അനീഷ് പറഞ്ഞു
ബോധ്യപ്പെടുത്തി.
"നോമിനേഷന് കൊടുക്കാന്‍ പോകുകയല്ലേ... ഇപ്പോള്‍ കുളിച്ചു
സുന്ദരനായി വരാം" എന്നു മൊഴിഞ്ഞ് അനീഷ് നീരാട്ടിന് പോയി.
അപ്പോഴാണ്
ഒരു കാര്‍ കിഴക്കത്തെ വീടു ലക്ഷ്യമാക്കി കുതിച്ചുവരുന്
നു (പേരമ്മയുടെ
വീടിനെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത്). ഒരു പറ്റം കമ്യൂണിസ്റ്റുകാര്‍
(സി.പി.ഐ.ക്കാര്) സ്ഥാനാര്‍ത്ഥിയെ തേടി വന്നതാണ്. അവരുടെ ലക്ഷ്യവും കിഴക്കത്തെ
അമ്മച്ചി തന്നെയാണ്. കോണ്‍ഗ്രസുകാരിയായ അമ്മച്ചി അമ്പിനും വില്ലിനും
അടുക്കുന്നില്ല. പിന്നെ ഞാനായി താരം. അവിടെ കൂടിയിരുന്ന ബന്ധുക്കളില്‍ ചിലര്‍ എന്നെ
അകത്തേക്ക് കൊണ്ടു പോയി രഹസ്യമായി ഉപദേശിച്ചു. "അനുഭവം കൊണ്ടു പറയുകയാ,
കോണ്‍ഗ്രസുകാരുടെ കൂടെ നിന്നാല്‍ സ്വന്തമായി ഒരു വേള്‍ഡ് ബാങ്ക് വേണ്ടി വരും,
ഇലക്ഷന് ചെലവിന്. ഇവരാണെങ്കില് പാവത്തങ്ങള്. ഒന്നും അറിയേണ്ട. ചുമ്മാ
നിന്നുകൊടുത്താല്‍ മതി. നോമിനേഷന് കൊടുത്തിട്ട് പിന്‍വലിച്ചാന്‍ നാണക്കേടാ.
നമുക്ക് യഥാര്‍ത്ഥത്തില്‍ മത്സരിക്കാം." അവിടെ കൂടിയിരുന്നവരില്‍ പലരും എന്റെ
മുഖത്ത് ഒരു രാജകലയുണ്ടെന്നും ഞാനൊരു റോസമ്മ പുന്നൂസാകുമെന്നുമൊക്കെ പറഞ്ഞപ്പോള്‍
ഞാന്‍ ഗാന്ധിയന്‍ സ്റ്റഡീസ് പാടെ മറന്നു.
പിന്നെ സ്ഥാനാര്‍ത്ഥിയുടെ ഗമയോടെ,
വിനയത്തോടെ, ഞാന്‍ കളം വരച്ചു, അല്ല കൈകൂപ്പി. പിന്നെ മൊഴിഞ്ഞു, "എല്ലാവര്ക്കും
മത്സരിക്കുന്നത് ഇഷ്ടമാണെങ്കില്‍ എനിക്കും ഇഷ്ടമാണ്."
അങ്ങനെ കേരള
കോണ്‍ഗ്രസ് ജേക്കബിന്റെ സമുന്നതനായ നേതാവ് (ഇപ്പോള്‍ കേരള കോണ്‍ഗ്രസ് ജേക്കബ്
സംസ്ഥാന കമ്മിറ്റി അംഗമാണ്)
അനീഷ് കുളിച്ചൊരുങ്ങി കീറിയിട്ട് തുന്നി ഉജാല
മുക്കിയ ഖദര്‍ ഷര്‍ട്ടൊക്കെയിട്ട് കക്ഷത്തിലോരൊ ബോണ്ടയൊക്കെവച്ചമട്ടില്
വന്നപ്പോള്‍ സി.പി.ഐ.ക്കാര് സ്ഥാനാര്‍ത്ഥിയെക്കൊണ്ട് ആലപ്പുഴ കളക്ട്രേറ്റ്
ലക്ഷ്യമാക്കി വച്ചുപിടിച്ചിരുന്നു.
അന്നൊരു ശനിയാഴ്ചയായിരിക്കണം. ബാങ്കില്‍
നിന്നു വീട്ടിലെത്തിയ പപ്പ കാര്‍ഷെഡ്ഡിനു മുമ്പിലുള്ള ബോര്‍ഡ് കണ്ട്
ചെറുതായൊന്ന് ഞെട്ടിയോ എന്തോ ? "എല്‍.ഡി.എഫ്. ഇലക്ഷന് കമ്മിറ്റി ആഫീസ്"
അകത്തിരുന്ന് എഴുതുന്ന ബാനര്‍ കണ്ട് പപ്പാ വീണ്ടും
ഞെട്ടി.
"കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സി.പി.ഐ. സ്വതന്ത്ര
സ്ഥാനാര്‍ത്ഥി ജനറ്റ് ആന്‍ഡ്രൂസിനെ ഉദയസൂര്യന് അടയാളത്തില്‍ വോട്ടു ചെയ്തു
വിജയിപ്പിക്കുക."
സി.പി.ഐ. അനുകൂല ബാങ്ക് യൂണിയനോട് അനുഭാവം
ഉള്ളതുകൊണ്ടാണോ എന്തോ പപ്പാ പൊട്ടിത്തെറിച്ചില്ല.
അങ്ങനെ ഈ പാവം ഞാന്‍ ഒരു
കുളിയുടെ ഗ്യാപ്പില്‍ റിയല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. ആലപ്പുഴ
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായി. അങ്ങനെ അനീഷിന്റെ
ആഘോഷമായ കുളി എന്നെ ആഘോഷമായി ഒരു സി.പി.ഐ.ക്കാരിയാക്കി.