Breaking News

Trending right now:
Description
 
Mar 26, 2014

സമ്പത്തിന്റെ കോട്ടയില്‍ തൊപ്പി തെറിപ്പിക്കാനുറച്ച്‌ ബിന്ദു കൃഷ്‌ണ

image സൗമ്യനായ രാഷ്ട്രീയക്കാരനെന്നതിനപ്പുറം കാര്യങ്ങളെ ഗൗരവത്തോടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള മിടുക്കുകൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടതാണ്‌ ഡോ. എ. സമ്പത്ത്‌ എം.പി. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി കേരളക്കാര്യങ്ങള്‍ സമ്പത്ത്‌ പറയുന്നത്‌ കേള്‍ക്കാന്‍ സഭ മുഴുവന്‍ ചെവികൂര്‍പ്പിച്ചിരുന്നുവെന്നതാണ്‌ സത്യം. സമ്പത്തിന്റെ കോട്ടയില്‍ വിള്ളലുകള്‍ തീര്‍ക്കാമെന്ന ആത്മവിശ്വാസവുമായാണ്‌ കോണ്‍ഗ്രസിന്റെ വനിതാസാരഥി ബിന്ദുകൃഷ്‌ണ ഇവിടെ അങ്കത്തിനിറങ്ങുന്നത്‌. കേരളത്തിലെ വനിതകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടതിലൂടെ ബിന്ദു ശ്രദ്ധ നേടിയിരുന്നു.

അരുവിക്കര ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, കാട്ടാക്കട, നെടുമങ്ങാട്‌, വാമനപുരം, വര്‍ക്കല എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ്‌ ആറ്റിങ്കല്‍ ലോക്‌സഭാ മണ്ഡലം. ഇതില്‍ നാലുമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തരായ പടക്കുതിരകളാണ്‌ മണ്ഡലത്തെ നയിക്കുന്നത്‌. സ്‌പീക്കര്‍ കാര്‍ത്തികേയന്റെ അരുവിക്കരയും എന്‍. ശക്തന്റെ കാട്ടാക്കടയും വര്‍ക്കല കഹാറിന്റെ വര്‍ക്കലയും പാലോട്‌ രവിയുടെ നെടുമങ്ങാടും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ രണ്ടു സിപിഎം, ഒരു സിപിഐ എംഎല്‍എമാരാണുള്ളത്‌. മണ്ഡല പുനര്‍നിര്‍ണയം നടന്ന 2008-ലാണ്‌ ആറ്റിങ്ങല്‍ മണ്ഡലം നിലവില്‍ വരുന്നത്‌. അതിനുമുമ്പ്‌്‌ ചിറയിന്‍കീഴ്‌ ലോക്‌സഭാമണ്ഡലമായിരുന്നു ഇത്‌.1957 മുതല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഉറച്ച കോട്ടയാണ്‌ ആറ്റിങ്ങല്‍ മണ്ഡലം. എന്നാല്‍ 1971-ലും 77-ലും ഈ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന്‌ വയലാര്‍ രവി മത്സരിച്ചു ജയിച്ചിട്ടുണ്ട്‌. 1984-ലും,89-ലും കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറായിരുന്നു പാര്‍ലമെന്റ്‌ പ്രതിനിധി. അതിനു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ ചിറയിന്‍കീഴുകാരോ മണ്ഡലം പുനര്‍നിര്‍ണയം നടന്ന ശേഷമുള്ള ആറ്റിങ്ങലുകാരോ ഉപേക്ഷിച്ചിട്ടില്ല എന്നതാണ്‌ വാസ്‌തവം. കഴിഞ്ഞ 23 വര്‍ഷമായി ആറ്റിങ്ങല്‍ മണ്ഡലം ഇടതിനൊപ്പമാണ്‌ നിന്നത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളമെമ്പാടും ഇടതുപക്ഷം കനത്ത പരാജയമേറ്റു വാങ്ങിയപ്പോഴാണ്‌ സിപിഎമ്മിന്റെ എ. സമ്പത്തിന്‌ വോട്ടിംഗില്‍ 2.54% വോട്ടുവര്‍ധനവുണ്ടായി. സിറ്റിംഗ്‌ എം പി എ.സമ്പത്ത്‌ 2009 തിരഞ്ഞെടുപ്പില്‍ 66.25 വോട്ടാണ്‌ നേടിയത്‌. ആകെ ഉണ്ടായിരുന്ന 1091432 വോട്ടേഴ്‌സില്‍ 723045 വോട്ടാണ്‌ സമ്പത്ത്‌ നേടിയത്‌. പ്രൊഫ. ബാലചന്ദ്രനായിരുന്നു കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തില്‍ ഇറങ്ങിയത്‌. 42.83% വോട്ടാണ്‌ ഇദ്ദേഹത്തിന്‌ സ്വന്തമാക്കുവാന്‍ കഴിഞ്ഞത്‌. ബിജെപി സ്വന്തമാക്കിയത്‌ 6.59% വോട്ടും.ഇത്തവണയും ഡോ. എ. സമ്പത്ത്‌ തന്നെയാണ്‌ ഇടതിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി. മൂന്നാമങ്കത്തിന്‌ ഇറങ്ങുമ്പോള്‍ ആത്മവിശ്വാസത്തിലാണ്‌ എ. സമ്പത്ത്‌. എന്നാല്‍ ഇത്തവണ സമ്പത്ത്‌ ഇത്തിരി കരുതി നില്‍ക്കുന്നതാവും നല്ലത്‌. കാരണം ഇല വന്നു മുള്ളില്‍ വീണാലും മുള്ള്‌ വന്നു ഇലയില്‍ വീണാലും ഇലയ്‌ക്കു തന്നെ കേടെന്ന പ്രമാണം തന്നെ കാരണം. സമ്പത്തിന്റെ അശ്വമേധം തളയ്‌ക്കാന്‍ എതിര്‍പാര്‍ട്ടികളെല്ലാം പടക്കളത്തില്‍ ഇറക്കിയിരിക്കുന്നത്‌ പെണ്‍സിംഹങ്ങളെയാണ്‌.

നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടേറേറ്റുമുള്ള സമ്പത്തും തികച്ചും സൗമ്യനായ ജനപ്രതിനിധിയാണ്‌. മാധ്യമപ്രവര്‍ത്തകനായും അധ്യാപകനായും തിളങ്ങിയതിനുശേഷമാണ്‌ രാഷ്ട്രീയക്കളരിയില്‍ പഠിക്കാനും പഠിപ്പിക്കാനും ഇറങ്ങിയത്‌.

എതിര്‍ക്കളത്തിലെ അഡ്വ. ബിന്ദു കൃഷ്‌ണ മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാനപ്രസിഡന്റും ദേശീയ ഉപാധ്യക്ഷയുമൊക്കെയാണ്‌. എന്നാല്‍ ജനങ്ങള്‍ക്ക്‌ ഇവര്‍ കൂടുതല്‍ സുപരിചിത സ്‌ത്രീപക്ഷ സംരക്ഷക എന്ന നിലയിലല്ല എന്നതാണ്‌ സത്യം. കോണ്‍ഗ്രസിന്റെ `പെണ്‍വിഷയങ്ങളില്‍' കോണ്‍ഗ്രസ്‌ നേതാക്കളെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നല്ലൊരു വക്കീലാണ്‌ ബിന്ദു. ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന ബിന്ദു കൃഷ്‌ണയുടെ ഇത്തരം സ്‌ത്രീപക്ഷനിലപാടുകള്‍ സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വളരെയധികം വിമര്‍ശന വിധേയമായിട്ടുണ്ട്‌. ഇപ്പോള്‍ സാധാരണ കോണ്‍ഗ്രസില്‍ കണ്ടുവരുന്ന വനിതകളില്‍ നിന്നു വ്യത്യസ്‌തമായി കരുത്തുറ്റ മുഖമാണ്‌ ബിന്ദു കൃഷ്‌ണയുടേത്‌.

എന്നാല്‍, ഈ പെണ്‍പോരിന്‌ ഉറച്ച കോണ്‍ഗ്രസ്‌ കോട്ടകളില്‍ ഒന്നു നല്‌കി പാര്‍ലമെന്റിലേക്കു പറഞ്ഞുവിടുന്നതിനു പകരം ചാവേറാക്കുവാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. സ്‌ത്രീകള്‍ക്ക്‌ സീറ്റു നല്‌കിയെന്നു പേരുമാകും പുരുഷന്മാരുടെ സീറ്റു നിലനിര്‍ത്തുകയും ചെയ്യാം. വയലാര്‍ രവി ജയിച്ച മണ്ഡലമല്ലേ കമ്യൂണിസ്റ്റിന്റെ ഉറച്ച കോട്ടയല്ല എന്ന നിലപാടാകും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കേണ്ട ബിന്ദു കൃഷ്‌ണയുടെ ധര്‍മ്മം.

ഒരുമാസം മുമ്പ്‌ സിപിഎമ്മില്‍ നിന്ന്‌ പുറത്തുപോയ വെള്ളനാട്‌ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ എസ്‌. ഗിരിജകുമാരിയാണ്‌ ബിജെപിയുടെ സാരഥി. ഇവരുടെ ഭര്‍ത്താവ്‌ കൃഷ്‌ണകുമാര്‍ വിളപ്പില്‍ ഏരിയാകമ്മിറ്റി അംഗമായിരുന്നു. ഈ ഇടതു ബന്ധം വോട്ടാക്കി മാറ്റി നില മെച്ചപ്പെടുത്താനാണ്‌ ബിജെപി ഇവിടെ ശ്രമിക്കുന്നത്‌.

വെല്‍ഫയര്‍ പാര്‍ട്ടി ഇവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്‌. അധ്യാപികയും ഗവേഷകയുമായ പ്രിയ സുനില്‍.