Breaking News

Trending right now:
Description
 
Mar 25, 2014

ഇതെന്തു ജാതി, ഞെട്ടിത്തരിച്ചുപോയി സോദരിമാര്‍

Laly
image പട്ടിയുടെ കുരക്കൊപ്പം ബെല്ലടികേട്ട് കതക് തുറന്നു നോക്കുമ്പോള്‍ രണ്ടു മധ്യവയസ്ക്കകള്‍. വെയിലേറ്റ് വാടി തളര്‍ന്നിരിക്കുന്നു... കയ്യിലൊരു കുടയും കുറച്ച് പുസ്തകങ്ങളും കടലാസുകളുമൊക്കെയായി... വസ്ത്രങ്ങളുടെ നിറവും തയ്ച്ചിരിക്കുന്ന രീതിയും പിന്നെ ആ ഭാവങ്ങളുമെല്ലാം കണ്ടാല്‍ തീര്‍ച്ചയായും അവര്‍ സുവിശേഷപ്രചാരകര്‍ തന്നെയാണ്... യഹോവാ സാക്ഷികള്‍...

അകത്തേക്കു വരൂ എന്ന് ക്ഷണിച്ചു... അപ്പോഴേക്കും ചോദിച്ചു...

“എന്താ മോളുടെ പേര്‌..?”

ലാലി എന്നു പറയുമ്പോള്‍ അവര്‍ മനസ്സില്‍ ചില നിഗമനങ്ങളിലെത്തിയെന്നു തോന്നി... ഇത്തരം നിഗമനങ്ങള്‍ ഏറെ കണ്ട് ശീലിച്ചിട്ടുള്ളതിനാല്‍ ചിരിയൊന്നും പുറത്തു കാട്ടാതെ നിന്നു... അപ്പോഴേക്കും അടുത്ത ചോദ്യം വന്നു കഴിഞ്ഞു... “ഏതു പള്ളീലാ പോകുന്നത്...?”

ഇതു സാധാരണ ക്രിസ്ത്യന്‍ മത വിശ്വാസികളുടെ ഒരടവാണു... ഏതു പള്ളിയിലെന്നറിഞ്ഞാല്‍ അവര്‍ സഭ ഏതെന്ന് മനസ്സിലാക്കും... പിന്നെ കാര്യങ്ങള്‍ എളുപ്പമാകുകയാണ്‌... “ഞാന്‍ പള്ളിയിലൊന്നും പോകാറില്ലെന്ന് പറയുമ്പോള്‍ പാവങ്ങള്‍ സംശയത്തിലായി...

വീടിനുള്ളില്‍ കണ്ണെത്താവുന്നിടത്തോളം വിഹഗവീക്ഷണം നടത്തി. ദൈവങ്ങള്‍ ചുവരുകളിലെവിടെയെങ്കിലും കുടിയേറിയിട്ടുണ്ടോയെന്നാണ് തിരച്ചില്‍. പിന്നെ നിരാശയോടെ മടങ്ങി... 

ചോദ്യം തുടരുകയാണു... “ഭര്‍ത്താവിന്റെ പേരെന്താ...?

നിയാസെന്നു കേള്‍ക്കുമ്പോള്‍ അവര്‍ മനസ്സില്‍ ചില പോളിച്ചെഴുത്ത് നടത്തും... ഇന്റെര്‍ കാസ്റ്റ് മാര്യേജ് ആണ്‌ എന്നങ്ങ് തീരുമാനിക്കും... അവര്‍ക്ക് ഒരു തീര്‍ച്ചപ്പെടുത്തലിനുള്ള സമയം കൊടുത്തു കൊണ്ട് ഞാന്‍ മോളേ വിളിച്ച് ചേച്ചിമാര്‍ക്ക് കുടിക്കാനെന്തെങ്കിലും എടുക്കാന്‍ ആവശ്യപ്പെട്ടു... അവള്‍ വെള്ളവുമായി എത്തുമ്പോള്‍ അവര്‍ മോളോടു ചോദിക്കുന്നു...

“എന്താ മോളുടെ പേര്‌.... ?”

ലക്ഷ്മി... എന്ന് കേള്‍ക്കുമ്പോഴുണ്ടായ അവരുടെ നിസ്സഹായത ഞാന്‍ ശരിക്കുമാസ്വദിച്ചു... ചില്ലുഗ്ലാസ്സിലെ തെളിഞ്ഞ് ഐസ് കട്ടകള്‍ പൊങ്ങിക്കിടക്കുന്ന ജീവജലം അവര്‍ മടു മടാ കുടിക്കുമ്പോള്‍ ചെറിയ ക്ലാസ്സുകളിലെപ്പോഴോ പഠിച്ച കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയാണോര്‍മ്മ വന്നത്....

“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവു വരണ്ടഹോ! ഭീതിവേണ്ടാ; തരികതെനിക്കു നീ”
എന്നുടനെ കരപുടം നീട്ടിനാൻ ചെന്നളിനമനോഹരം സുന്ദരൻ
പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല“

പക്ഷേ അവര്‍ക്ക് ജാതി അറിഞ്ഞേ തീരൂ എന്ന് എനിക്ക് മനസ്സിലായി... കാരണം ഒരു ക്രിസ്തു മത വിശ്വാസിയോട് സംസാരിക്കും പോലല്ല മുസ്ലീമിനോടും ഹിന്ദു വിനോടും സംസാരിക്കേണ്ടത്... ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. അതാണവരുടെ പ്രശനവും...

ഗേറ്റില്‍ വീണ്ടും ആരോ വന്നെന്ന് തോന്നുന്നു... പട്ടി വീണ്ടും കുരക്കാന്‍ തുടങ്ങി .

“അന്നമ്മോ..!!“ ഞാന്‍ രണ്ടാമത്തവളെ വിളിച്ചിട്ട് പറഞ്ഞു... “ആരാ ഗേറ്റിലെന്നു നോക്കൂ... റൂണി വല്ലാതെ കുരക്കുന്നുണ്ടല്ലോ...”

ഗേറ്റിലേക്ക് നടക്കുന്ന എന്റെ മോളെ ഞാനവള്‍ക്കു പരിചയപ്പെടുത്തി... ”അനാര്‍ക്കലി എന്റെ രണ്ടാമത്തെ മകള്‍...”

ഞെട്ടി തകര്‍ന്ന് ഇരിക്കുന്ന സഹോദരിമാരോട് ഞാന്‍ പറഞ്ഞു... “ചേച്ചിമാരേ നിങ്ങളെനിക്ക് ആദ്യം ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഒന്ന്‍ പറഞ്ഞ് തരിക... അതൊന്നുറപ്പിച്ചിട്ട് വേണമല്ലോ യഹോവയെക്കുറിച്ചും യഹോവയുടെ രാജ്യത്തെക്കുറിച്ചു പറഞ്ഞു തരാന്‍....“

കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കാന്‍ തന്ന് അവര്‍ യാത്ര പറഞ്ഞിറങ്ങി...

കതകടക്കാനൊരുങ്ങുമ്പോ മ്യാവൂ ന്ന് കരഞ്ഞു കൊണ്ട് മെസ്സി, എന്റെ പൂച്ചപ്പെണ്ണ് വാതിലിനിടയിലൂടെ അകത്തു കടന്ന് എന്റെ കാലുകള്‍ക്കിടയില്‍ ഉരുമ്മി നടന്നു... ഞാനവളെ വഴക്ക് പറഞ്ഞു... “തെണ്ടി നടന്നോളും... രാവിലെ മുതല്‍. എന്നിട്ട് വിശക്കുമ്പോ കയറി വരും... “ അപ്പോഴും അവള്‍ കരഞ്ഞു... മ്യാവൂ... മ്യാവൂ...

ഹേയ്... !! നിങ്ങളെന്താ പറയാന്‍ വന്നത്..? മെസ്സി ആണുങ്ങളുടെ പേരാണെന്നോ...?
പക്ഷേ അത് എന്റെ മെസ്സിക്കറിയില്ലല്ലോ....