Breaking News

Trending right now:
Description
 
Mar 24, 2014

വിവാദങ്ങള്‍ക്കും വികസനത്തിനുമൊപ്പം തിരുവനന്തപുരം, ഇടതിന്‌ അട്ടിമറി സാധ്യമോ?

image കോണ്‍ഗ്രസിന്റെ 'പോസ്‌റ്റര്‍ ബോയ്‌' എന്ന ഗ്ലാമര്‍ പ്രഭാവത്തിലായിരുന്നു കഴിഞ്ഞ തവണ രാഷ്ട്രീയത്തിലെ പുതുമുഖമായിരുന്ന ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്‌. രാഷ്ട്രീയപരിചയമില്ല, മലയാളം സംസാരിക്കാനറിയില്ല, ഡല്‍ഹി നായരാണ്‌, കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണ്‌ എന്നു തുടങ്ങിയ ഒട്ടേറെ ആക്ഷേപങ്ങള്‍ക്കു നടുവിലും ശശി തരൂര്‍ മണ്ഡലത്തില്‍ പിടിച്ചുകയറി. മാധ്യമങ്ങളുടെ, പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌ ചാനലുകളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയായി മാറിയ തരൂര്‍ ഇക്കുറി വികസനത്തിനൊപ്പം വിവാദങ്ങള്‍കൊണ്ടുമാണ്‌ സാധാരണക്കാര്‍ക്കും ചിരപരിചിതനായത്‌. എന്നാല്‍, ജനകീയവിഷയങ്ങളെ കൂളായി നേരിടുന്നതില്‍ അദ്ദേഹത്തിനുള്ള വൈദഗ്‌ധ്യം കുറഞ്ഞ കാലം കൊണ്ടു തന്നെ എതിരാളികള്‍ പോലും അംഗീകരിച്ചതാണ്‌.

വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മുഴച്ചു നില്‍ക്കുന്ന ഒന്നാണ്‌ അദ്ദേഹത്തിന്റെ വിവാദങ്ങളും. ഐപിഎല്‍ വിവാദം കത്തിക്കയറിയപ്പോള്‍ വിയര്‍പ്പ്‌ ഓഹരിയെന്ന പേരില്‍ തരൂരിന്റെ പെണ്‍സുഹൃത്ത്‌ കൈപ്പറ്റിയ കോടികള്‍ മടക്കിനല്‌കി വിവാദത്തെ അടക്കി നിര്‍ത്തിയെങ്കിലും ഒടുവില്‍ മന്ത്രിസ്ഥാനംതന്നെ വിട്ടുകളയേണ്ടി വന്നു.

ചെലവുചുരുക്കലിന്റെ ഭാഗമായി ജനപ്രതിനിധികള്‍ സാധാരണ ക്ലാസില്‍ സന്ദര്‍ശിക്കണമെന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ 'കന്നുകാലി ക്ലാസില്‍ യാത്ര ചെയ്യുന്നുവെന്ന ട്വിറ്റര്‍ കമന്റ്‌ ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തി. വിവാദ നായികയായ സുനന്ദ പുഷ്‌കറിന്റെ കാമുകനായി മാധ്യമങ്ങളില്‍ തരൂര്‍ നിറഞ്ഞു നിന്നു. തന്റെ മൂന്നാമത്തെ ഭാര്യയായി സുനന്ദ കടന്നു വന്നതും നാലു വര്‍ഷം പൂത്തുലഞ്ഞ പ്രണയസുരഭിലമായ ദാമ്പത്യം കലഹങ്ങള്‍ക്കൊടുവില്‍ ദുരൂഹമായി എരിഞ്ഞടങ്ങിയതും തിരുവനന്തപൂരം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമല്ല ലോകത്തിലെമ്പാടും ചര്‍ച്ചാവിഷയമായിരുന്നു. 


 
ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുമ്പോള്‍ സാധാരണ ഒരാള്‍ പ്രകടിപ്പിക്കുന്ന മാനസിക വിസ്‌ഫോടനങ്ങള്‍ തരൂരില്‍ നിന്ന്‌ ഉണ്ടായില്ല. വിഷയങ്ങളെ തന്ത്രപരമായി നീക്കത്തിലൂടെ ലളിതമാക്കിയ തരൂര്‍ കുടുംബജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയ ജീവിതത്തിലും ഈ കര്‍മ്മകുശലതയാണ്‌ കാണിക്കുന്നത്‌. എതിരാളികളെ വികസന വിഷയങ്ങള്‍ കാണിച്ചു നേരിടാനുള്ള രാഷ്ട്രീയപാകതയും ഇന്നു ശശി തരൂരിനുണ്ട്‌. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, കോളമിസ്‌റ്റ്‌, ഐക്യരാഷ്ട്രസഭയിലെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ ലേബലുകളിലാണ്‌ ജനത്തെ നേരിട്ടത്‌. എന്നാല്‍ ഇത്തവണ തികഞ്ഞ രാഷ്ട്രീയക്കാരനായാണ്‌ ശശി തരൂര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

ഇടതുപക്ഷത്തെ സിപിഐയുടെ മഹാരഥന്മാര്‍ മത്സരിച്ചു വിജയിച്ചിരുന്ന സീറ്റാണ്‌ തിരുവനന്തപുരം സീറ്റ്‌. സപ്‌തമുന്നണിയില്‍ സിപിഐ അംഗമായിരുന്ന കാലത്ത്‌ പാര്‍ട്ടി തലമുതിര്‍ന്ന നേതാക്കളായ എം.എന്‍ ഗോവിന്ദനായരും ഭാര്‍ഗവി തങ്കപ്പനുമായിരുന്നു സിപിഐയുടെ സാരഥികള്‍. പിന്നീട്‌ കെ.വി സുരേന്ദ്രനാഥ്‌, പി.കെ വാസുദേവന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍ സ്വതന്ത്രനായി ഇടതിനു വേണ്ടി മത്സരിച്ച ഒഎന്‍വി കുറുപ്പ്‌്‌ തുടങ്ങിയവര്‍ ഇടതുപക്ഷത്തിന്‌ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുവാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികളായിരുന്നു. അവരെ ജനം ഇരുകൈ നീട്ടി സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ തവണ 99,998 വോട്ടിനാണ്‌ സിപിഐയുടെ രാമചന്ദ്രന്‍ നായരെ ശശി തരൂര്‍ മലര്‍ത്തിയടിച്ചത്‌.

ശശി തരൂരിനെ നേരിടുന്ന ഡോ. ബെനറ്റ്‌ എബ്രാഹം രാഷ്ട്രീയത്തിലെ പരിചിതമുഖമല്ല. തിരഞ്ഞെടുപ്പിലെ സാമുദായിക പരിഗണനകളും വിദ്യാഭ്യാസമികവുമാണ്‌ ബെനറ്റ്‌ അബ്രാഹമിന്‌ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ തുണയായത്‌. നാടാര്‍ സമുദായത്തിന്‌ നിര്‍ണായക സ്വാധീനമുള്ള മേഖലയാണ്‌ തിരുവനന്തപുരം. തീര്‍ത്തും ദരിദ്ര കര്‍ഷക കുടുംബാഗമായിരുന്ന ബനറ്റ്‌ പഠനമികവിലൂടെയാണ്‌ വൈദ്യശാസ്‌ത്രത്തിന്റെ ഉന്നത പദവിയില്‍ എത്തിയത്‌. 

പേമെന്റ്‌ സീറ്റെന്ന ആരോപണവും വിദ്യാഭ്യാസ കച്ചവടക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ്‌ ഇടതുപക്ഷത്തിനു നേരെ യുഡിഎഫ്‌ ഉന്നയിക്കുന്ന വജ്രായുധം. 2001-2007 വരെ പി.എസ്‌.സി അംഗമായിരുന്നു ഡോ.ബെനറ്റ്‌ എബ്രാഹം. രണ്ടു തവണ സിഎസ്‌.ഐയുടെ ട്രഷററായിരുന്നു ബെനറ്റ്‌. യുണൈറ്റഡ്‌ ലൂഥറന്‍സ്‌ സഭയുടെ നാഷണല്‍ ഹെല്‍ത്ത്‌ മെഡിക്കല്‍ ബോര്‍ഡംഗമായ ബെനറ്റ്‌ കാരക്കോണം മെഡിക്കല്‍ കോളെജ്‌ പ്രിന്‍സിപ്പലുമാണ്‌.

ശശി തരൂരിനെ നേരിടുന്ന ബിജെപിയുടെ ഒ.രാജഗോപാല്‍ തിരുവനന്തപൂരം ലോകസഭ മണ്ഡലം പ്രതീക്ഷയോടെയാണ്‌ നോക്കുന്നത്‌. പി.കെ വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ വെറും 36000 വോട്ടുനേടിയ സ്ഥാനത്ത്‌ ഒ. രാജഗോപാല്‍ 2004-ല്‍ 2,28,000 വോട്ടു നേടിയാണ്‌ പരാജിതനായത്‌. എന്നാല്‍ ഇത്തവണ ബിജെപി അധികാരത്തില്‍ എത്തുമെന്ന തോന്നലും മുന്‍കാലത്ത്‌ മന്ത്രിയെന്ന നിലയില്‍ രാജഗോപാലിന്റെ പ്രവര്‍ത്തന മികവും നിഷ്‌പക്ഷ വോട്ടുകളെ സ്വാധീനിക്കും.

എന്നാല്‍, ഈ വമ്പന്‍മാരെ കടപുഴക്കാന്‍ എ.എ.പി ഇറക്കിയിരിക്കുന്നത്‌ നിസാരക്കാരനെയല്ല. അജിത്‌ ജോയി എന്ന മുന്‍ എ.എസ്‌.പിയെയാണ്‌. ഐക്യരാഷ്ട്ര സഭയില്‍ 2005-2013 കാലയളവില്‍ മയക്കുമരുന്ന്‌ വിരുദ്ധവിഭാഗത്തില്‍ പ്രവര്‍ത്തിച്ച അജിത്‌ ജോയി ഈ അടുത്തകാലത്താണ്‌ എ.എ.പിയില്‍ ചേര്‍ന്നത്‌.