Breaking News

Trending right now:
Description
 
Mar 23, 2014

കൊച്ചിയില്‍ ഫ്രഞ്ച്‌ വീസ സേവനകേന്ദ്രം ഉടന്‍

image കൊച്ചിയില്‍ ഫ്രഞ്ച്‌ വീസ സേവനകേന്ദ്രവും ഉന്നത വിദ്യാഭ്യാസ സേവനകേന്ദ്രവും തുറക്കുമെന്ന്‌ ഇന്ത്യയിലെ ഫ്രഞ്ച്‌ അംബാസഡര്‍ ഫോങ്‌സ്വാ റിഷ്യെ വ്യക്തമാക്കി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണം കൂടുതല്‍ സജീവമാക്കാന്‍ ഇതു സഹായിക്കും. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന്‌ ഫോങ്‌സ്വാ റിഷ്യെ പറഞ്ഞു. ഫ്രാന്‍സില്‍നിന്ന്‌ ഇന്ത്യയിലേക്കു വീസ അനുവദിക്കുന്നതിന്റെ തോത്‌ ഓരോ വര്‍ഷവും കൂടുകയാണ്‌. നാലു ശതമാനം വര്‍ധനയാണു പ്രതിവര്‍ഷം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എക്‌സ്‌ചേഞ്ച്‌ പ്രോഗ്രാം അടക്കമുള്ള പദ്ധതികള്‍ക്കു കാമ്പസ്‌ ഫ്രാന്‍സ്‌ എന്ന പേരില്‍ തുറക്കുന്ന ഉന്നതവിദ്യാഭ്യാസ സേവനകേന്ദ്രം പ്രയോജനപ്പെടും. കാമ്പസ്‌ ഫ്രാന്‍സും വീസ സേവനകേന്ദ്രവും ഒരേ കെട്ടിടത്തില്‍ തുടങ്ങാനാകുമോയെന്നു പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച്‌ സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസമായി കൊച്ചിയിലും മാഹിയിലുമായി ചര്‍ച്ചകള്‍ നടത്തി. വാണിജ്യ-വ്യവസായ മേഖലയിലെ നാല്‌പതോളം പ്രമുഖരുമായി ഇന്നലെ കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എംഡി അരുണ സുന്ദരരാജനുമായും ചര്‍ച്ച നടത്തി. വെള്ളിയാഴ്‌ച അവര്‍ മാഹിയിലെ ഫ്രഞ്ച്‌ പൗരന്മാരുമായി ചര്‍ച്ച നടത്തി. 

നഗരവികസനം അടക്കമുള്ള മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു ഫ്രാന്‍സിനു താത്‌പര്യമുണ്ട്‌. കൊച്ചി മെട്രോയ്‌ക്കായി ഫ്രഞ്ച്‌ ധനകാര്യ ഏജന്‍സിയായ എഎഫ്‌ഡി വായ്‌പ നല്‍കുന്നുണ്ട്‌. വിവിധ ഫ്രഞ്ച്‌ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ 19 ബില്യണ്‍ ഡോളറിന്റെ മുതല്‍മുടക്കുണ്ട്‌. ഫ്രാന്‍സിലെ വ്യവസായികള്‍ കേരളത്തിലെ നിരവധി പദ്ധതികളില്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എംജി റോഡില്‍ പത്മ ജംഗ്‌ഷനു സമീപം ഒരു ഫ്രഞ്ച്‌ വ്യവസായിയുടെ അക്കോര്‍ ഹോട്ടല്‍ സമുച്ചയം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതു വൈകാതെ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയിലെ പബ്ലിക്‌ റിലേഷന്‍സ്‌ കമ്പനിയായ ലിങ്ക്‌സ്‌ ഇന്ത്യ ടിം ഗില്ലിയോസ്‌ എന്ന ഫ്രഞ്ചുകാരന്‍ ഏറ്റെടുത്തു. ഇതിന്റെ ഉദ്‌ഘാടനം ഇന്നു നിര്‍വഹിക്കുമെന്നു ഫോങ്‌സ്വാ റിഷ്യെ പറഞ്ഞു. രാജസ്ഥാനിലും കര്‍ണാടകയിലുമൊക്കെയായി നിരവധി പദ്ധതികള്‍ക്കു വിവിധ ഫ്രഞ്ച്‌ ഏജന്‍സികളുടെ സഹായമുണ്ട്‌. ബഹിരാകാശ പദ്ധതികളിലും ആണവോര്‍ജ പദ്ധതികളിലും ഇന്ത്യയും ഫ്രാന്‍സും സഹകരിക്കുന്നുണ്ട്‌ തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള പത്തു വര്‍ഷത്തെ കരാര്‍ ഉടന്‍ തന്നെ ഒപ്പിടുമെന്നും ഫോങ്‌സ്വാ റിഷ്യെ പറഞ്ഞു. ഇന്ത്യയിലെ ഫ്രഞ്ച്‌ കോണ്‍സല്‍ ജനറലായ ഫിലിപ്പ്‌ യാവിയര്‍ കാമിയാന, ഫ്രഞ്ച്‌ വ്യവസായ പ്രമുഖനും വയോലിയ വാട്ടര്‍ ഇന്ത്യ സിഎംഡിയുമായ പാട്രിക്‌ റൂസോ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.