Breaking News

Trending right now:
Description
 
Mar 22, 2014

ആര്‍ എംപിയുടെ ഗുരുവിന്‌ പ്രീയ ശിഷ്യന്‍ നല്‌കിയ ഗുരുദക്ഷിണ

ജിജി
image

അങ്ങനെ വി.എസ്‌ നല്ല ഗുരുവായി. വി എസ്‌ നല്ല ഗുരുവായതോടെ രമ വി.എസിനെ തള്ളിപറഞ്ഞുവത്രേ.ആര്‍. എം. പിപാര്‍ട്ടിക്ക്‌ വി.എസ്‌, പാണ്ഡവര്‍ക്ക്‌ ദ്രോണാചാര്യര്‍ എന്നപോലെയായിരുന്നവെന്നാണ്‌ ടി.പി ചന്ദ്രേശേഖരന്റെ ഭാര്യ രമ അവകാശപ്പെട്ടിരുന്നത്‌.
ഈ ഗുരുവിന്റെ കഥയോടു സാമ്യമുള്ള മറ്റൊരു കഥ പണ്ടൊരു ഗുരുവിനും സംഭവിച്ചിരുന്നു. വണ്‍ മിസ്റ്റര്‍ ദ്രോണാചാര്യര്‍.

ഇഷ്ടശിഷ്യനായി അര്‍ജ്ജുനനെ വിജയിപ്പിക്കാന്‍ എന്തു തരികിടയ്‌ക്കും തയാറായി നില്‍ക്കുന്ന ദ്രോണാചാര്യര്‍ഗുരുവിന്‌ മുമ്പിലേക്കാണ്‌ നമ്മുടെ വില്ലനായ ആദിവാസി ബാലന്‍ കടന്നുവന്നത്‌.
മിസ്റ്റര്‍ ദ്രോണാചാര്യരെ ഈ വനബാലന്‌ ഗുരുവായി കിട്ടണമെന്നാഗ്രഹം. 
പ്രതിവര്‍ഷം യൂറോകള്‍ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന ഫീസിനത്തില്‍ എണ്ണി വാങ്ങുന്ന ഹൈടെക്‌ കോണ്‍വെന്റ്‌ സ്‌കൂളിലെ മാനേജ്‌മെന്റിനോട്‌ അരപട്ടിണിക്കാരന്‍ അഡ്‌മിഷന്‍ ചോദിച്ച ചെല്ലുന്നമാതിരി ഒരു പ്രാചീന കോമഡിയായിരുന്നു ചെക്കന്റെ അതിമോഹം.
ഫ്‌ഭാ... എന്നാണോ രാജകീയ ആട്ടെന്നറിയില്ല. ചെക്കനെ ദ്രോണാചാര്യന്‍ ഓടിച്ചു വയറിളക്കിയെന്നാണ്‌ ഐതിഹ്യം.

പക്ഷേ ചെക്കന്‍ തലയുള്ളവനായിരുന്നു. മിസ്‌റ്റര്‍ ദ്രോണാചാര്യരുടെ പ്രതിമയുണ്ടാക്കി ഗുരുവായി മനസില്‍ കണ്ടു്‌ എല്ലാ സൂത്രത്തില്‍ പഠിച്ചെടുത്തുവെന്നു പറയുന്നു. മിസ്റ്റര്‍ ദ്രോണാചാര്യര്‍ തന്റെ ശിഷ്യന്‍ അര്‍ജ്ജുനന്‍ ഭയങ്കര സംഭവമാണെന്നും പറഞ്ഞു നടക്കുമ്പോഴാണ്‌ അതാ വരുന്നു ചെക്കന്റെ പ്രതിഭാ വിലാസം. ദ്രോണാചാര്യന്‍ ഭയന്നു പോയി തനിക്കറിയാത്ത പല വിദ്യയും ചെക്കന്‍ ചുമ്മാ കാണിക്കുന്നു. തന്റെ പണി പോകുമോ.....

മിസ്‌റ്റര്‍ ദ്രോണാചാര്യര്‍ നടുങ്ങി പോയി. ഗുരു ബുദ്ധിപൂര്‍വം കരുനീക്കി. അല്ലെങ്കില്‍ രാജാവിന്റെ വീട്ടിലെ താമസം കാട്ടിലേക്കു മാറ്റേണ്ടി വരുമെന്നു മനസിലാക്കാനുള്ളകോമണ്‍സെന്‍സ്‌ ഗുരു പ്രയോഗിച്ചു. പെരുവിരല്‍ ദക്ഷിണയായി ചോദിച്ചുവത്രേ. ഇതു പഴയ ഒരു രാജകീയ കഥ. 

ഒരു ന്യുജനറേഷന്‍ സോഷ്യലിസ്‌റ്റ്‌ കഥയില്‍ പ്രീയ ശിഷ്യന്‍ ഗുരുവിന്റെ നീതിബോധത്തില്‍ ആകൃഷ്ടനായി വി.എസെന്ന കമ്യൂണിസ്‌റ്റു സോഷ്യലിസ്‌റ്റു വിപ്ലവകാരിയെ ഗുരുവാക്കുവാന്‍ എത്തി. വി.എസ്‌ എന്ന രാജകീയ സോറി സോഷ്യലിസ്‌റ്റു ഗുരു ആ ആവശ്യം നിര്‍ദാക്ഷിണ്യം തള്ളിയത്രേ. എങ്കിലും ആശിര്‍വദിച്ചിരുന്നു 
ഇതോടെ വെറും ലോക്കലില്‍ ഒതുങ്ങി നിന്ന ശിഷ്യന്‍ ആര്‍.എം പി പാര്‍ട്ടി ഉണ്ടാക്കി വി.എസിന്റെ പ്രതിമ സ്ഥാപിച്ചു വിപ്ലവവീര്യത്തോടെ ലോക കമ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്‌ ബദലായി വളര്‍ന്നു വരുകയായിരുന്നുവെന്ന്‌ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ വിശദമാക്കുന്നത്‌. 
അതോടെ രാജകീയ ഗുരുവിന്റെ ശിഷ്യര്‍ പരാതിയുമായി ഗുരുവിനെ കാണാന്‍ എത്തി പിന്നെ നടന്ന ന്യുജനറേഷന്‍ കഥ ജനങ്ങള്‍ക്ക്‌ എല്ലാം പരിചിതം.
പെരുവിരല്‍ മാത്രമല്ല ഈ ശിഷ്യന്‍ സോഷ്യലിസത്തിനായി സമര്‍പ്പിച്ചത്‌. 51 വെട്ടുകള്‍ വെട്ടി ആത്മഹൂതി നടത്തി ദക്ഷിണ നല്‌കിയെന്നു പറയുന്നത്‌ സിന്‍ഡിക്കേറ്റു പത്രങ്ങള്‍. 

അതോടെ ഗുരു തന്റെ ശിഷ്യനായി തെരുവില്‍ ഇറങ്ങി തന്റെ മറ്റു ശിഷ്യരെ തള്ളി പറഞ്ഞതോടെയാണ്‌ ന്യുജനറേഷന്‍ ഗുരു ദ്രോണാചാര്യരില്‍ നിന്നു വ്യത്യസ്‌തനാകുന്നത്‌. അതോടെ ശിഷ്യന്‍ താരമായി. ഗുരു രാജപദവി ഉപേക്ഷിച്ചു കാട്ടില്‍ എത്തുമെന്നും അതാണു നല്ലതെന്നും അഭിനവ ശകുനിമാരായ സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ ഗുരുവിനോട്‌ പറഞ്ഞു. 
പക്ഷേ, ഗുരു മൂള ഉപയോഗിച്ചു ചിന്തിച്ചു. ഇതിനു മുമ്പ്‌ ഇങ്ങനെ പോയ പല ഗുരുക്കന്മാരുടെയും ചിത്രങ്ങള്‍ മനസില്‍ വന്നു. അപ്പോഴാണ്‌ രാജഗുരു വി.എസ്‌ തന്റെ ശിഷ്യന്‍ 51 വെട്ടേറ്റു ആസന്നനിലയില്‍ ഇപ്പോഴും ഉണ്ടെന്നു അറിയുന്നത്‌. പിന്നെ മടിച്ചില്ല 52-ാമത്തെ വെട്ട്‌ വെട്ടി. (കണ്ടതിന്‌ ഏക ദൃക്‌സാക്ഷി ശിഷ്യന്റെ ഭാര്യ രമ മാത്രമാണ്‌)

കാരണം പഴയ രാജശിഷ്യര്‍ വലിയ ഓഫറുകള്‍ മുന്നില്‍ വച്ചുവെന്നു അഭിവന സിന്‍ഡിക്കേറ്റ്‌ ശകുനികള്‍ പാടി നടക്കുന്നത്‌. കാട്ടിലെ തേനും പഴവും കഴിച്ച്‌ കല്ലും മുള്ളും താണ്ടി വനവാസത്തിനു പോവണോ അതോ ചക്രവര്‍ത്തിയാവണോ എന്ന ഒറ്റ ചോദ്യത്തിനു മുമ്പില്‍ ആര്‍.എം പിയുടെ ഗുരു മലക്കം മറിഞ്ഞുവോ?
സിപിഎം എന്ന രാജകീയശിഷ്യര്‍ നടത്തിയ കമ്മീഷന്‍ ഇങ്ങനെ കണ്ടെത്തിയത്രേ. 
ടി.പി എന്ന ശിഷ്യന്‍ ഗുരുവിന്‌ ദക്ഷിണ നല്‌കനായി സ്വയം വെട്ടുമ്പോള്‍ അവിടെ സിപിഎം രാജശിഷ്യരില്‍ ചിലര്‍ ആ പ്രദ്ദേശത്തുണ്ടായിരുന്നുവെന്നും അവര്‍ ശിഷ്യനെ പിന്തിരിപ്പിച്ചില്ലയെന്നും രാജകീയ കമ്മീഷന്‍ കണ്ടെത്തി. ആ ശിഷ്യരെ കമ്മീഷന്‍ രാജപദവി പുറത്താക്കി.