Breaking News

Trending right now:
Description
 
Mar 22, 2014

പരിശുദ്ധ ബാവയുടെ അന്ത്യവിശ്രമം സിറിയയിലെ സെന്റ്‌ എംഫ്രേംസ്‌ മൊണാസ്‌ട്രിയില്‍

വിനോദ്‌ മത്തായി
image ഇന്നലെ കാലം ചെയ്‌ത പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്നേഷ്യസ്‌ സഖാ പ്രഥമന്‍ ബാവയുടെ സംസ്‌കാരം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സിറിയയിലെ മാരാത്ത്‌ സെദ്‌നയയിലെ സെന്റ്‌ എഫ്രേംസ്‌ മൊണാസ്‌ട്രിയിലായിരിക്കും. അടുത്ത വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ ആയിരിക്കും സംസ്‌കാരം. ബാവാ തന്റെ വില്‍പത്രത്തില്‍ സെന്റ്‌ എഫ്രേം മൊണാസ്‌ട്രിയിലായിരിക്കണം തന്റെ അന്ത്യവിശ്രമമെന്ന്‌ പറഞ്ഞിരുന്നതിനാലാണ്‌ ഇവിടെത്തന്നെ സംസ്‌കാരം നടത്താന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്ന്‌ ബാവയുടെ സെക്രട്ടറിയായിരുന്ന തിമോത്തിയോസ്‌ മാത്യൂസ്‌ കരിമ്പനയ്‌ക്കല്‍ തിരുമേനി ജര്‍മ്മനിയില്‍നിന്ന്‌ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

യുദ്ധസാഹചര്യത്തിലും സിറിയയിലെ ഭരണകൂടം സംസ്‌കാരത്തിനുള്ള സുരക്ഷാസൗകര്യങ്ങളെല്ലാം ലഭ്യമാക്കാമെന്ന്‌ ഉറപ്പുനല്‌കിയിട്ടുണ്ടെന്ന്‌ തിമോത്തിയോസ്‌ തിരുമേനി പറഞ്ഞു.

ഫെബ്രുവരിയില്‍ ബാവ ജര്‍മ്മനിയില്‍ ആഞ്ചിയോപ്ലാസ്‌റ്റിക്ക്‌ വിധേയനായിരുന്നു. വെള്ളിയാഴ്‌ച വെളുപ്പിന്‌ മൂന്നിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ജര്‍മ്മനിയിലെ കീലിലുള്ള റെഹാക്കിലിനിക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്‌ക്ക്‌ പന്ത്രണ്ടോടെ ഇഹലോകവാസം വെടിയുകയായിരുന്നു. കടുത്ത ഹൃദയാഘാതമായിരുന്നു മരണകാരണം.

ജര്‍മ്മന്‍ സമയം ഇന്ന്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ വാര്‍ബര്‍ഗിലെ മോര്‍ യാക്കൂബ്‌ ഓഫ്‌ സറൂഗ്‌ മൊണാസ്‌ട്രിയില്‍ കൊണ്ടുവരും. ഞായറാഴ്‌ച മൊണാസ്‌ട്രിയില്‍ രാവിലെ പത്തിന്‌ കുര്‍ബാനയ്‌ക്കു ശേഷം സിറിയയിലേയ്‌ക്കുള്ള അന്ത്യയാത്ര ആരംഭിക്കും. തിങ്കളാഴ്‌ച ലെബനനിലെത്തും. അവിടെനിന്ന്‌ വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ സിറിയയില്‍ എത്താനാകുമെന്നാണ്‌ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്‌. 

പാത്രിയര്‍ക്കീസ്‌ ബാവയെന്ന നിലയില്‍ 1982, 2000, 2004 വര്‍ഷങ്ങളില്‍ ബാവ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്‌. 2008- ലാണ്‌ ഒടുവില്‍ കേരളത്തിലെത്തിയത്‌. യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ വാഴിച്ചത്‌ ഇദ്ദേഹമാണ്‌. 1988 മുതല്‍ ലോക ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്ന ബാവ നിരവധി ഗ്രന്ഥങ്ങളും വൈദിക വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകങ്ങളും രചിച്ചിട്ടുണ്ട. ബാവയുടെ ഒരു പുസ്‌തകം ഇറാക്ക്‌ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ യാക്കോബായ സഭ 30 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സഭയുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ച്‌ പത്യേക പ്രാര്‍ഥനകള്‍ നടത്തുമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പത്രക്കുറിപ്പില്‍ അറിയിച്ചു.