Breaking News

Trending right now:
Description
 
Mar 21, 2014

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിസ അപേക്ഷകര്‍ വ്യാജസൈറ്റ്‌ വഴി കബളിപ്പിക്കപ്പെടുന്നുവെന്ന്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

വിനോദ്‌ മത്തായി
image ഓസ്‌ട്രേലിയയില്‍നിന്ന്‌ ഇന്ത്യന്‍ വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ വ്യാജവെബ്‌സൈറ്റ്‌ മൂലം കബളിപ്പിക്കപ്പെടുന്നതിനെതിരേ കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മുന്നറിയിപ്പു നല്‌കി. വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിനായി ശ്രമിക്കുമ്പോള്‍ വ്യാജവെബ്‌സൈറ്റിലെ പേയ്‌മെന്റ്‌ ഗേറ്റ്‌ വേയിലൂടെ പണം നഷ്ടപ്പെടുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത്‌ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും വ്യക്തമാക്കി.



വ്യാജസൈറ്റ്‌ ഡൗണ്‍ ചെയ്യുന്നതിനായി നടപടിയെടുക്കുകയും വ്യാജസൈറ്റ്‌ നിരോധിക്കുന്നതിന്‌ നടപടിയെടുക്കുകയും ചെയ്‌തിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍നിന്നും വ്യാജസൈറ്റിനെ നീക്കം ചെയ്‌തിരുന്നു. എന്നാല്‍, ഇതേ വെബ്‌സൈറ്റ്‌ മറ്റ്‌ യുആര്‍എല്‍ അഡ്രസുകളില്‍ വീണ്ടും സജീവമായിരിക്കുകയാണെന്ന്‌ ഹൈക്കമ്മീഷന്‍ മുന്നറിയിപ്പ്‌ നല്‌കി. തുടര്‍ച്ചയായി യുആര്‍എല്‍ അഡ്രസില്‍ മാറ്റം വരുത്തിയാണ്‌ ഗൂഗിള്‍ സെര്‍ച്ചില്‍ ഇവ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ഇന്ത്യ ഗവണ്‍മെന്റിന്റെ എന്‍ഐസി വെബ്‌സൈറ്റിനു സമാനമായതിനാല്‍ സാധാരണക്കാര്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്‌. യുകെയിലാണ്‌ ഈ വ്യാജ സൈറ്റ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

വ്യാജ സൈറ്റിനെക്കുറിച്ച്‌ ഓസ്‌ട്രേലിയയിലെ ഫോറിന്‍ അഫയേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡിനും മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ടെന്നും സൈബര്‍ ക്രൈം ലോ എന്‍ഫോഴ്‌സ്‌മെന്റ്‌ ഏജന്‍സികള്‍ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. 



ഇന്ത്യന്‍ ഹൈക്കമ്മീഷനും ഔദ്യോഗിക ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സിയായ വിഎഫ്‌എസ്‌ ഇന്ത്യയും വ്യാജസൈറ്റ്‌ മൂലമുള്ള തട്ടിപ്പുകള്‍ക്ക്‌ യാതൊരു വിധത്തിലും ഉത്തരവാദിയായിരിക്കില്ലെന്ന്‌ ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. https://indianvisaonline.gov.in/visa/ എന്നതാണ്‌ വിസ അപേക്ഷയ്‌ക്കുള്ള ഔദ്യോഗിക ലിങ്ക്‌.