Breaking News

Trending right now:
Description
 
Mar 20, 2014

ഫാ. ഫ്രാന്‍സിസ്‌ സെറാവോ ഷിമോഗ രൂപതാ ബിഷപ്‌

image ഷിമോഗ രൂപതയുടെ മെത്രാനായി ഈശോസഭയുടെ കര്‍ണാടക പ്രൊവിന്‍ഷ്യല്‍ ഫാ. ഫ്രാന്‍സിസ്‌ സെറാവോയെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. പുതിയ മെത്രാന്റെ നിയമനം സംബന്ധിച്ച്‌ ഇന്നലെ വൈകുന്നേരം 4.30ന്‌ ഷിമോഗയിലെ മാല്ലിഗെമാനെയിലെ ബിഷപ്‌ ഹൗസിലും വത്തിക്കാനിലും പ്രഖ്യാപനമുണ്ടായി. പുതുതായി രൂപീകരിച്ച ഉഡുപ്പി രൂപതയുടെ മെത്രാനായി ഡോ.ജെറാള്‍ഡ്‌ ഐസക്‌ ലോബോ നിയമിതനായതിനെത്തുടര്‍ന്ന്‌ 2012 ഒക്ടോബര്‍ 16 മുതല്‍ ഷിമോഗ രൂപതാധ്യക്ഷന്റെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ബെല്ലാരി ബിഷപ്‌ ഡോ.ഹെന്‍റി ഡിസൂസ ആയിരുന്നു അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍. ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദ്രി സ്വദേശിയാണു നിയുക്ത മെത്രാന്‍. പരേതരായ പിയെദാദെ സെറാവോ-ഗ്രേസി ദമ്പതികളുടെ 11 മക്കളില്‍ ഇളയ മകനായി 1959 ഓഗസ്റ്റ്‌ 15നായിരുന്നു ജനനം. സഹോദരങ്ങളില്‍ ആറുപേര്‍ വൈദികരും ഒരാള്‍ സന്യാസിനിയുമാണ്‌. 1992 ഏപ്രില്‍ 30ന്‌ പൗരോഹിത്യം സ്വീകരിച്ചു. ബാംഗളൂര്‍ അതിരൂപതയില്‍പ്പെട്ട അനേകാലിലും കാര്‍വാര്‍ രൂപതയില്‍പ്പെട്ട മുണ്ടഗോഡിലും ആദിവാസികള്‍ക്കിടയിലും ദളിതര്‍ക്കിടയിലും ഏറെനാള്‍ പ്രവര്‍ത്തിച്ച പരിചയം ഫാ. ഫ്രാന്‍സിസിനുണ്ട്‌. ബാംഗളൂരിലെ ഈശോസഭാ സെമിനാരിയില്‍ ദൈവശാസ്‌ത്ര വിഭാഗം പ്രഫസറായും മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജ്‌ റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2009 മുതല്‍ ഈശോ സഭയുടെ കര്‍ണാടക പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലാണ്‌. 1988 നവംബര്‍ 14നാണ്‌ ഷിമോഗ രൂപത സ്ഥാപിതമായത്‌. ഡോ. ഇഗ്നേഷ്യസ്‌ പിന്റോയായിരുന്നു ആദ്യ മെത്രാന്‍. ഷിമോഗ, ചിത്രദുര്‍ഗ, ദാവന്‍ഗെരെ ജില്ലകളുള്‍പ്പെടുന്നതാണ്‌ ഈ രൂപത. 20 ഇടവകകളും 10 മിഷന്‍ കേന്ദ്രങ്ങളും 20 ഉപ മിഷന്‍ കേന്ദ്രങ്ങളുമുള്ള രൂപതയില്‍ 51 രൂപത വൈദികരും 18 സന്യസ്‌ത വൈദികരും 23 സന്യാസിനീസമൂഹങ്ങളില്‍പ്പെട്ട 200ഓളം സന്യാസിനികളും സേവനമനുഷ്‌ഠിക്കുന്നു.