Breaking News

Trending right now:
Description
 
Mar 18, 2014

സ്റ്റേറ്റ്‌ ബാങ്ക്‌ ഇന്ത്യ 5000 കോടി രൂപയുടെ കിട്ടാക്കടം വില്‍ക്കുമെന്ന്‌ അരുന്ധതി ഭട്ടാചാര്യ

image ഇരുനൂറു വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായി 5000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്‌തി (കിട്ടാക്കടം) അസറ്റ്‌ റീകണ്‍സ്‌ട്രക്ഷന്‍ കമ്പനിക്കു (എആര്‍സി) വില്‍ക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഇന്ത്യ തീരുമാനിച്ചു. മൊത്തം 67,799 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്‌തിയാണു ബാങ്കിനുള്ളത്‌. അതിന്റെ 5.73% ആണ്‌ വില്‍ക്കുന്നത്‌. ഈമാസം അവസാനത്തോടെ വില്‍പ്പന നടക്കും. അടുത്ത മാസം പ്രൊവിഷനിംഗ്‌ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ്‌ ഈ തീരുമാനം. ബാങ്കിംഗ്‌ രംഗത്തെ പരിഷ്‌കരണം ലക്ഷ്യമാക്കി നരസിംഹം കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി കൈകാര്യം ചെയ്യാന്‍ എആര്‍സിക്കു രൂപം നല്‍കിയത്‌. പതിനാലോളം എആര്‍സികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അതില്‍ മിക്കവരെയും കടബാധ്യത ഏറ്റെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തിയില്‍ ഒരുഭാഗം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചിരുന്നു. വാങ്ങുന്ന നിഷ്‌്‌ക്രിയ ആസ്‌തിയുടെ 5-10 ശതമാനത്തിന്‌ എആര്‍സി പണം നല്‍കും. ബാക്കി സെക്യൂരിറ്റി റിസീറ്റ്‌ (എസ്‌ആര്‍സി) ആക്കി മാറ്റും. കഴിഞ്ഞ ഡിസംബറില്‍ 11,400 കോടി രൂപയാണു നിഷ്‌ക്രിയ ആസ്‌തിയായി വീണ്ടും കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌. ഇതു കൂടി ആയപ്പോള്‍ അറ്റാദായം 34% ഇടിഞ്ഞ്‌ 2234 കോടിയിലേക്കു താഴ്‌ന്നു. നാലാം പാദത്തില്‍ 9500 കോടിയുടെ കിട്ടാക്കടം പുനഃക്രമീകരിക്കാമെന്നു ബാങ്ക്‌ പ്രതീക്ഷിക്കുന്നു. ഈ മാസം അവസാനത്തോടെ പൊതു മേഖലാ ബാങ്കുകള്‍ 43,000 കോടി രൂപ എ ആര്‍ സികള്‍ക്കു വിറ്റ്‌ ബാലന്‍സ്‌ഷീറ്റ്‌ ക്ലിയര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്റെ നിര്‍ദേശപ്രകാരമാണു ബാങ്കുകള്‍ ഇതിനു തയാറായത്‌.