Breaking News

Trending right now:
Description
 
Mar 17, 2014

ആ പുഞ്ചിരിയില്‍ എന്റെ പ്രണയസൗധം തകര്‍ന്നടിഞ്ഞു

Laly
image
പത്താം ക്ലാസ്സിലെത്തുമ്പോഴേ എന്റെ മനസ്സ് കോളേജ് സ്വപ്നങ്ങളിലായിരുന്നൂ... ആ സ്വപ്നങ്ങളെ പുളകപ്പൂക്കളണിയിക്കുന്ന തരത്തില്‍ കോളേജിനെ ഇതിവൃത്തമാക്കിയ നിരവധി സിനിമകളും പുസ്തകങ്ങളും അക്കാലത്തിറങ്ങിയിരുന്നു... ‘ഈ നാട്, ചാമരം, പ്രേമഗീതങ്ങള്‍’ ഇങ്ങനെയിങ്ങനെ... പഠിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം ഞാന്‍ കോളെജിനു മുന്‍പില്‍ ബസ്സിറങ്ങുന്നതും നിരവധി പേര്‍ പിറകെ നടക്കുന്നതും സിനിമാ നടനെപ്പോലൊരാളുടെ പ്രണയം ഞാന്‍ സ്വീകരിക്കുന്നതും പിന്നെ രണ്ട് ഡ്യൂയറ്റ്, ഒരു വിരഹഗാനം, സംഘട്ടനം... എല്ലാമുള്ള ഒരു സിനിമാ തിരക്കഥ പോലെ എന്റെ പ്രണയസ്വപ്നത്തെ ഞാന്‍ പൊലിപ്പിച്ചെടുത്തു... എല്‍.ഡി.എഫ്. ഭരണം പിടിച്ചെടുത്ത ഒരു നിയമസഭാ ഇലക്ഷനു ശേഷം ഞാനെന്റെ തിരക്കഥ അഴിച്ചു പണിതു. സിനിമാ നടനു പകരം ഒരു വിപ്ലവകാരിയെ പ്രണയത്തിലാക്കി... ആയിടക്കാണ്‌ ‘മീനമാസത്തിലെ സൂര്യന്‍’ കണ്ടതും ‘ചിരസ്മരണ‘ വായിച്ചതും.... 

കൊളേജിലെത്തിയ നാള്‍ മുതല്‍ ഞാനൊരു വിപ്ലവകാരിയെ അന്വേഷിച്ച് നടന്നു... അവിടെ മുഴുവനും കെ.എസ്.യു. ക്കാരും കെ.എസ്.സി. ക്കാരുമായിരുന്നു... എന്തു വന്നാലും അവര്‍ക്കൊന്നും വിപ്ലവബോധമുണ്ടാവില്ലെന്ന് ഇന്നത്തെപ്പോലെ അന്നും എനിക്കുറപ്പുണ്ട്... ഉള്ള കുറച്ചു പേരാകട്ടെ ‘എസ്സപ്പൈ എസ്സപ്പൈ... എസ്സപ്പൈ... സിന്ദാവാ..‘ എന്ന് വിളിച്ച് നടക്കുന്ന വിരലിലെണ്ണാവുന്നവരും... ഞാനെന്റെ മനസ്സിന്റെ വാതിലുകള്‍ കണ്ണുകള്‍ക്കും കാതുകള്‍ക്കും ഒപ്പം തുറന്നു വച്ചു... എപ്പോഴാ പ്രണയ്ത്തിന്റെ കാറ്റു വീശുകാന്ന് പറയാനാവില്ലല്ലോ... അനുവാദമൊക്കെ നേരത്തെ കൊടുത്തു കഴിഞ്ഞിട്ടുണ്ട്... പക്ഷേ ആരുമെത്തിയില്ല...

കുറച്ച് നാള്‍ കഴിഞ്ഞപ്പോ ഇലക്ഷന്‍ വന്നു... എസ്.എഫ്.ഐ. യിലും രണ്ട് മൂന്ന് പേര്‍ മത്സര രംഗത്തുണ്ട്... ഫുള്‍ പാനലൊക്കെ അന്നൊരു സ്വപ്നം മാത്രമായിരുന്നു സംഘടനക്ക്... ആ സ്വപ്നം പൂര്‍ത്തീകരിക്കേണ്ട ആളാണ്‌ ഞാനെന്ന സ്വപ്നവും അന്ന് കണ്ട് തുടങ്ങിയിട്ടില്ല... അപ്പോഴാണ് ഇത്ര നാളും ഞാന്‍ ശ്രദ്ധിക്കാതിരുന്നൊരാള്‍ മത്സരരംഗത്ത് വന്നത്... ഒരു സുരേഷ് നായര്‍ (കള്ളം പറഞ്ഞ് ശീലിച്ച് പോയത് കൊണ്ട് ഈ പേരിന്റെ കാര്യത്തില്‍ സത്യം പറയാന്‍ നിര്‍വ്വാഹമില്ല)... 

ഞാന്‍ മനസ്സിലുറപ്പിച്ചു... ഇതാണു ഞാന്‍ തേടിയ വിപ്ലവകാരി... തീപ്പൊരി പ്രസംഗം... ആറടിയോടടുത്ത പൊക്കം... ചുരുണ്ട് മുകളിലേക്ക് ചീകി വച്ച തലമുടി... ഗോതമ്പ് നിറമുള്ള മുഖത്ത് ഒട്ടിച്ച് വച്ചിരിക്കുന്ന റോസാപൂവിതള്‍ പോലെയുള്ള ചുവന്ന ചുണ്ടുകള്‍... ഇതൊക്കെയാണു ഞാന്‍ വായിക്കുന്ന മാത്യു മറ്റത്തിന്റെ ‘പ്രൊഫസറുടെ മകളിലെ’ നായകനുമുള്ളത്... ഇതു മതി... ഞാന്‍ തീരുമാനിച്ചു... ‘നായര്‍’ എന്ന വാലൊരു കല്ലുകടിയായെങ്കിലും നമ്മുടെ സ്വന്തം ഇ.എം.എസിനെ ഓര്‍ത്തപ്പോള്‍ അതു കുഴപ്പമില്ലാന്ന് തോന്നി...

ഒരു പ്രധാന സ്ഥാനത്തേക്കാണ്‌ സുരേഷ് മത്സരിച്ചത്... ആ ഇലക്ഷനിലാണ്‌ ആദ്യമായി ഞാനൊരു വോട്ട് തെണ്ടിയായതു... എന്റെ പ്രണയത്തിനു പരമാവധി ഭൂരിപക്ഷം കിട്ടുകയായിരുന്നു അന്നെന്റെ ജീവിതലക്ഷ്യം. എന്തായാലും എന്റെ കോളേജില്‍ മറ്റാരുടെയും ജയത്തിനു സുരേഷിന്റെ വിജയത്തിനുള്ള ഉറപ്പുണ്ടായിരുന്നില്ല... മറ്റു സീറ്റൊന്നു കിട്ടിയില്ലെങ്കിലും അയാളുടെ സീറ്റ് കിട്ടി...

ഇലക്ഷനും സത്യപ്രതിജ്ഞയുമൊക്കെ കഴിഞ്ഞെങ്കിലും എന്റെ പ്രണയത്തിന്റെ നോമിനേഷന്‍ ഇതുവരെ കൊടുത്തിട്ടില്ല. എല്ലാ ദിവസവും അവസാനതീയതി പ്രഖ്യാപിക്കുമെങ്കിലും ഞാന്‍ തന്നെയത് മാറ്റും. ഞാന്‍ വെറുമൊരു പ്രീഡിഗ്രിക്കാരിയായതു കൊണ്ടും സുരേഷൊരു ഡിഗ്രി മൂന്നാം വര്‍ഷക്കാരനായതു കൊണ്ടും എങ്ങനെ ശ്രദ്ധ പിടിച്ച് പറ്റണമെന്നോ ആഗ്രഹം അറിയിക്കണമെന്നോ ഒരു രൂപവും കിട്ടിയില്ല...

അങ്ങനെയിരിക്കുമ്പോ ഒരു ദിവസം സുരേഷ് കോളേജിനു മുമ്പിലുള്ള സ്റ്റോപ്പിന്റെ എതിര്‍വശത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ്സു കാത്ത് നില്‍ക്കുന്നത് കണ്ടു.. ഈ ലൌ ജിഹാദ് ( അന്നൊക്കെ പ്രേമിക്കുക ലൈനടിക്കുക, വളക്കുക, ലവ്വാക്കുക തുടങ്ങിയ സാധാരണ വക്കുകളായിരുന്നുവെങ്കിലും എന്റെ ന്യൂ ജനറേഷന്‍ സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ് ഇത്രയും കനപ്പെട്ട വാക്ക്) ഇന്നു തന്നെ തുടങ്ങാമെന്ന് കരുതി ഞാനടുത്തേക്ക് ചെന്നു... “ഓ.. ഫിറോസിന്റെ പെങ്ങളാണല്ലേ...” ചിരിച്ച് കൊണ്ട് സുരേഷ് ചോദിച്ചു... ഞാനടുത്ത് നിന്നിട്ട് പറയാന്‍ തുടങ്ങി “ അത് . എനിക്കൊരു.” അയാള്‍ ചിരിച്ചു കൊണ്ട് നില്‍ക്കേ പെട്ടെന്ന് ഞാന്‍ മുഖത്തേക്ക് ഒന്നു നോക്കി... അയ്യേ ... !! റോസാദലങ്ങള്‍ക്കിടയില്‍ വിടര്‍ന്നു നില്‍ക്കുന്നൂ കണിക്കൊന്നകള്‍...!! പല്ലുതേച്ചിട്ട് ദിവസങ്ങളായതു പോലെ... പല്ലിന്റെയിടയിലെല്ലാം ബ്രെഢിനിടയില്‍ ബട്ടര്‍ തേച്ചപോലെയുണ്ട്... അയ്യേ!! ഞാന്‍ വീണ്ടും വിചാരിച്ചു... പ്രൊഫസറുടെ മകള്‍ക്ക് കാമുകന്‍ നല്‍കിയ പോലൊരുമ്മയെങ്ങാനും ഇയാളെനിക്ക് തന്നാല്‍... ? വേണ്ട... എന്റെ മനസ്സിലെവിടെയോ പടുത്തുയര്‍ത്തിയൊരു പ്രണയ സൌധത്തിലെ മാര്‍ബിള്‍ഫലക്ങ്ങളെല്ലാം നിറം മങ്ങി മഞ്ഞയായിപ്പോയി... ഇനിയതു തേച്ച് വെളുപ്പിക്കേണ്ടാന്ന് തീരുമാനിച്ചു... പുറം കൈ കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തിത്തുടച്ച് ഞാന്‍ പറഞ്ഞു... “അത്... പ്രീഡിഗ്രി ബോര്‍ഡ് സമരത്തെ പറ്റി ഒരു പ്രസംഗം എഴുതിത്തരുമോന്ന് ചോദിക്കാന്‍ വന്നതാ”...

പിന്നീടൊരിക്കല്‍ എന്നോട് പ്രണയം പറഞ്ഞു നിന്ന ഒരാളുടെ മുന്നില്‍ ഒന്നു നാണിച്ച് കാണിക്കാമെന്ന് കരുതി താഴോട്ട് നോക്കുമ്പോ കണ്ണില്‍ പെട്ടത് ജനിച്ചതില്‍ പിന്നെ വെട്ടിയിട്ടില്ലാത്ത കാല്‍ നഖങ്ങളും നഖത്തിനടിയില്‍ സൂക്ഷിച്ച ജീവിത ‘വഴി’ യിലെ പ്രാരാബ്ധങ്ങളുമാണ്‌.

അതേയ് ഒന്നു മനസ്സിലാക്കിക്കോളൂ... ഈ സാഹിത്യകാരന്മാര്‍ പറയുമ്പോലെ സ്ത്രീകള്‍ക്ക് വലിയ സിക്സ് പാക് ദേഹമോ ഫെയര്‍ ആന്‍ഡ് ലൌലി തേച്ച മുഖമോ ഒന്നുമല്ല വേണ്ടത്... വൃത്തിയുള്ള മനസ്സും ശരീരവും പിന്നെ...
;
;
വായ് നാറ്റമില്ലാത്ത ഒരു ഉമ്മയുമാണ്‌...

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)

lalyniyas@gmail.com