
രാജ്യത്തെ പ്രമുഖ
വാഹനനിര്‍മാതാക്കളായ മാരുതി സുസുകി പുതിയ മോഡലുകള്‍ അവതരപ്പിക്കാനും
മാര്‍ക്കറ്റിംഗിനുമായി അടുത്ത സാമ്പത്തിക വര്‍ഷം 4,000 കോടി രൂപ മുടക്കുമെന്നു
റിപ്പോര്‍ട്ട്. ഗുജറാത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയോടൊപ്പം
തന്നെ പുതിയ നിക്ഷേപത്തിനും ഇന്നലെ ചേര്‍ന്ന കമ്പനി ബോര്‍ഡ് അനുമതി നല്കി. കഴിഞ്ഞ
ഓട്ടോ എക്സ്പോയില്‍ കമ്പനി ഹാച്ച്ബാക്ക് ശ്രേണിയില്‍പ്പെട്ട എസ്എക്സ്4
എസ്-ക്രോസ്, സിയാസ് കാറുകളാണ് അവതരിപ്പിച്ചത്. ഇതില്‍ എസ്എക്സ്4
എസ്-ക്രോസ് കാറുകള്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ തരംഗമാകുമെന്നാണു
പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന
നിര്‍മാണവുമായി മുന്നോട്ടുപോവുകയാണെന്നും അടുത്തവര്‍ഷം ആദ്യം ഇവയും വിപണിയില്‍
അവതരിപ്പിക്കുമെന്നും മാരുതി വ്യക്തമാക്കി. ഹരിനാനയിലെ രോഹ്തക്കിലെ ഗവേഷണ വികസന
കേന്ദ്രത്തിന്റെ വികസനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നടപ്പുസാമ്പത്തിക
വര്‍ഷത്തേക്ക് കമ്പനി കണക്കാക്കിയിരുന്ന നിക്ഷേപം 3,000 കോടി രൂപയായിരുന്നു. മറ്റു
വാഹനനിര്‍മാതാക്കളില്‍ നിന്നു കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ വിപണിയിലെ
മുന്‍നിര സ്ഥാനം നിലനിര്‍ത്താനായാണ് മാരുതി ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ട് പുതിയ
മോഡലുകള്‍ അവതരിപ്പിക്കുന്നത്.