Breaking News

Trending right now:
Description
 
Mar 15, 2014

മാര്‍ ബോസ്‌കോ പുത്തൂരിന്‌ സിഡ്‌നിയില്‍ ഊഷ്‌മള സ്വീകരണം

James Joseph
image സിഡ്‌നി: സീറോ മലബാര്‍ സഭ ഇന്ത്യക്കു പുറത്തു രൂപീകരിച്ച ആസ്‌ട്രേലിയന്‍ രൂപതയുടെ അധിപനായി നിയമിതനായ ബിഷപ്‌ ബോസ്‌കോ പുത്തൂരിന്‌ സിഡ്‌നിയില്‍ ഊഷ്‌മള സ്വീകരണം നല്‍കി. മാര്‍ച്ച്‌ 14 വെള്ളിയാഴ്‌ച സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പിതാവിനെ പുതിയ രൂപതയുടെ വികാരി ജനറാളായി നിയമിതനായ ഫാദര്‍ ഫ്രാന്‍സിസ്‌ കോലഞ്ചേരി, കാത്തലിക്‌ സൂപ്പര്‍ മാനേജര്‍ ആന്റണി മക്‌കാര്‍ത്തി, ഫാദര്‍ അഗസ്റ്റിന്‍ തറപ്പേല്‍, ഫാദര്‍ ജോയി ചുക്കനാനിക്കല്‍, ഫാദര്‍ തോമസ്‌ ആലൂക്ക എന്നിവരും വിവിധ സഭാവിഭാഗങ്ങളില്‍നിന്നെത്തിയ സീറോ മലബാര്‍ സഭയുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു.


മെല്‍ബണ്‍ കേന്ദ്രമാക്കി നിര്‍മ്മിച്ച പുതിയ രൂപത സീറോ മലബാര്‍ സഭയുടെ ഇന്ത്യക്കു പുറമേ രൂപീകൃതമാകുന്ന രണ്ടാമത്തെ രൂപതയാണ്‌. ആദ്യ രൂപത 2011-ല്‍ രൂപം കൊണ്ട അമേരിക്കയിലെ ചിക്കാഗോയാണ്‌. ആസ്‌ട്രേലിയായിലെ വിവിധ ഭാഗങ്ങളിലെ വന്‍ നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലുമായി 45,000 വിശ്വാസികളും ന്യൂസിലാന്‍ഡില്‍ അയ്യായിരത്തിലധികം വിശ്വാസികളും ഉള്ളതായി കണക്കാക്കപ്പെടുന്നു. ന്യൂ സൗത്ത്‌ വെയില്‍സില്‍ സിഡ്‌നി, പാരാമറ്റ, വൂളംഗോംഗ്‌ എന്നീ രൂപതകളിലാണ്‌ വിശ്വാസികളുള്ളത്‌. പുതിയ രൂപത നിലവില്‍ വന്നതോടെ കൂടുതല്‍ ഇടവകകളും ദേവാലയങ്ങളും രൂപീകൃതമാകും എന്നു കരുതപ്പെടുന്നു. ചിതറിപ്പാര്‍ക്കുന്ന വിശ്വാസസമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ്‌ ബിഷപ്‌ പുത്തൂരിന്റെ പ്രഥമ ദൗത്യം.



മാര്‍ച്ച്‌ 25 ചൊവ്വാഴ്‌ച മെല്‍ബണിലെ സെന്റ്‌ പാട്രിക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

മാര്‍ച്ച്‌ 15-ന്‌ കാന്‍ബറയിലെത്തുന്ന പിതാവ്‌ സിഡ്‌നിയിലും കാന്‍ബറയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്‌ച രാവിലെ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്ലിനെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ ക്യാംപെല്‍ ടൗണില്‍ ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടയില്‍ നേതൃത്വം കൊടുക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച കാന്‍ബറയിലെത്തുന്ന ബിഷപ്‌ പുത്തൂര്‍, കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ആസ്‌ട്രേലിയായുടെ ജനറല്‍ സെക്രട്ടറി ഫാദര്‍ ബ്രയന്‍ ലൂക്കാസ്‌, കാന്‍ബറ & ഗോള്‍ബണ്‍ അതിരൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോണ്‍ വുഡ്‌സ്‌ എന്നിവരെ സന്ദര്‍ശിക്കും. തുടര്‍ന്ന്‌ കാന്‍ബറയിലെ സീറോ മലബാര്‍ ഇടവക സന്ദര്‍ശിച്ച്‌ 5 മണിക്ക്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മാര്‍ച്ച്‌ 17 തിങ്കളാഴ്‌ച അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യോ ആര്‍ച്ച്‌ ബിഷപ്പ്‌ പോള്‍ ഗാലര്‍ നടത്തുന്ന വിരുന്നിലും 18 ചൊവ്വാഴ്‌ച കാന്‍ബറ & ഗോള്‍ബണ്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ക്രിസ്റ്റഫര്‍ പ്രോസ്‌ നല്‍കുന്ന വിരുന്നിലും പങ്കെടുക്കും.