Breaking News

Trending right now:
Description
 
Mar 14, 2014

എന്റെ മാവും പൂക്കും

Laly
image
 
ഒരു വീടു വച്ചു കഴിഞ്ഞാല്‍ ഒരു സാധാരണ മലയാളീ അടുത്തതായി എന്തു ചെയ്യും...?

ഒരു മാവു വക്കും.!!. വച്ചു..... ഞാനും വച്ചു ഒരു മാവ്.. ആശകള്‍ കൊണ്ട് വെള്ളം കോരി .. സ്വപ്നമെന്ന വളമിട്ടു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളെന്നെ കളിയാക്കില്ലേ..? അതു കൊണ്ട് ചുമ്മാ അങ്ങ് നട്ടു നനച്ചു... തോന്നിയാല്‍ മാത്രം വള്ളം കോരി... ഇടക്കൊക്കെ ഒന്നു തലോടി...

വസന്തം വന്നും പോയുമിരുന്നു.. അഞ്ച് വര്‍ഷങ്ങള്‍..!! ഞാന്‍ വേഴാമ്പലിനെപ്പോലെ കാത്തിരുന്നു. ഇവളിതൊന്നും അറിയാത്തപോലെ ഒരേ നില്പു നിന്നു.. ഇടക്കൊക്കെ ഞാന്‍ ചെല്ലുമ്പോല്‍ പഴുത്ത ഒരില പൊഴിച്ചിട്ടു തരും... “ന്നാ.., കൊണ്ടെ പല്ലു തേച്ചോന്നും പറഞ്ഞു.. അടുത്തവീട്ടിലെ മാവുകളൊക്കെ പൂത്തതു കണ്ടപ്പോള്‍ എനിക്ക് ആകെ ദേഷ്യവും വിഷമവുമായി.. എന്റെമാവു പൂത്തില്ലെങ്കിലും എനിക്ക് സാരമില്ല... പക്ഷേ അവരുടേതൊക്കെ പൂക്കാതിരുന്നാല്‍ മതിയായിരുന്നു. അതാ എന്റെ സങ്കടം. ആ ദേഷ്യത്തില്‍ ഞാന്‍ കടയില്‍ പോയി ഒരു കിലോ മാമ്പഴം വാങ്ങിച്ച് അവളുടെ ചുവട്ടിലിരുന്നു ഒറ്റക്കു തിന്നു...

ഈ വര്‍ഷം ശിശിരകാലമെത്തിയപ്പോ ഉമ്മച്ചിയാണു പറഞ്ഞത് ഒന്നു വഴക്ക് പറഞ്ഞു നോക്കൂ ചിലപ്പോള്‍ നന്നായാലോ എന്ന്. .. ഞാനതിന്റെ ചുവട്ടില്‍ നിന്നു കൊണ്ട് മാവു കേള്‍ക്കേപറഞ്ഞു.

“ഈ പ്രാവശ്യവും കൂടി പൂത്തില്ലെങ്കില്‍ പെണ്ണേ നിന്നെ കത്തി കൊണ്ടരിഞ്ഞു ഞാന്‍ അടുപ്പില്‍ വിറകാക്കും” .

ഒന്നല്ല.., അഞ്ചു പ്രാവശ്യം. ചുറ്റും നടന്ന് പറഞ്ഞു... ഈ മാവിനൊക്കെ എവിടെയാ ചെവീന്നു അറിയില്ലല്ലോ.. പക്ഷേ കേട്ടത് ജനുവരി കാറ്റായിരുന്നു... അവളവിടെ ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്നത് ഞാന്‍ കണ്ടേയില്ല... മന്ദമാരുതന്‍ ആഞ്ഞു വീശി... അതിലെയുമിതിലെയുമെല്ലാം ഓടിപ്പാഞ്ഞു നടന്ന് മാവിന്റെയും തന്റെയും പൊതു സുഹൃത്തായ കുയിലിനെ അന്വേഷിച്ചു നടന്നു. കണ്ടെത്തിയപ്പോള്‍ പറഞ്ഞു.

“ശ്ശ്... അതേയ് നമ്മുടെ കൂട്ടുകാരി ആയുസ്സെത്തതെ നിലം പൊത്താന്‍ പോകുന്നു... നമുക്കവളെ സഹായിക്കണ്ടേ...?“ കുയിലോടിയെത്തി... സുഹൃത്തുക്കള്‍ ഓരോന്നായി നഷ്ടപ്പെടുന്ന വേദന അവളേറേ നാളായി സഹിക്കുന്നതാണു... ഇനിയും ഒന്നു കൂടി വയ്യ... പറന്നു തളരുമ്പോള്‍ വിശ്രമിക്കാനൊരു ചില്ലയില്ലാതായാല്‍...?

പിന്നെ താമസിച്ചില്ല... കുയില്‍ തന്റെ പ്രണയം പോലും മാറ്റി വച്ച് ചില്ല കളില്‍ മാറി മാറിയിരുന്ന്‍ മധുരമധുരമായി പാടി ത്തുടങ്ങി... ഒരു സൂതി കര്‍മ്മിണിയുടെ അവധാനതയോടെ.. മന്ത്ര സ്ഥായി യില്‍ തുടങ്ങി ഉച്ചസ്ഥായിലെത്തുന്ന ഏറ്റവും വികാരനിര്‍ഭരമായ തന്റെ ശബ്ദത്തില്‍ അവള്‍ വിളിച്ചു... അപേക്ഷിച്ചു... “വരൂ... മാമ്പൂക്കളേ... പുറത്തേക്ക് വരൂ... ഇനിയും താമസിക്കരുത്... “ മരച്ചില്ലകളില്‍ ചെറിയൊരിളക്കമുണ്ടായി... പിറവിയുടെ എല്ലാ വേദനകളും മറക്കാനെന്നോണം കാറ്റു പതുക്കെ പതുക്കെ വീശിക്കൊടുത്തു... 

ഇത്രയുമൊക്കെയായിട്ടും ഇനിയും പൂക്കാതിരിക്കാന്‍ എന്റെ മാവൊരു കല്ലൊന്നുമല്ല... അവള്‍ക്കുമുണ്ടൊരു മനസ്സ്... അവള്‍ തന്റെ ശക്തിയെല്ലാമെടുത്ത് ഒന്നുലഞ്ഞു... അപ്പോഴേക്കും ഇലച്ചില്ലകളുടെതുഞ്ചത്ത് ഒരു കുഞ്ഞു മാമ്പൂ തല കാട്ടി... പിന്നെ ആ ചില്ലകളില്‍ നിന്നും ആവേശം സ്വീകരിച്ച് ഓരോരോ ചില്ലകളും പൂത്തു...
വീശിത്തളര്‍ന്ന കാറ്റ് മരച്ചില്ലകള്‍ക്കിടയിലേക്ക് കയറിപ്പോയി... കുയില്‍ തന്റെ കൂട്ടുകാരനെ തിരഞ്ഞു പോയി... അല്‍ഭുതം കാട്ടിക്കൊടുക്കാന്‍...

ഇപ്പോ ഇലകളൊക്കെ മൂടി സ്വര്‍ണ്ണവര്‍ണ്ണം കലര്‍ന്ന് പൂക്കള്‍... പലതരം പക്ഷികള്‍... പ്രകൃതിയില്‍ ആഘോഷം തന്നെ...

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)