Breaking News

Trending right now:
Description
 
Nov 08, 2012

കണ്ണൂര്‍ സമരത്തിന്‌ മുഖ്യധാര തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി സഹദേവന്‍

image കണ്ണൂര്‍ സമരം നയിക്കുന്ന സംഘടന സിഐടിയുവിനു നേരെ അനാവശ്യ ആരോപണം ഉന്നയിക്കുന്നത്‌ ഭൂഷണമല്ലെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി സഹദേവന്‍. നിലവില്‍ ഏതെങ്കിലും സംഘടനയ്‌ക്കു വേണ്ടി ഓശാന പാടേണ്ട ഗതികേട്‌ സിഐടിയുവിന്‌ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഐടിയുവാണ്‌ കണ്ണൂര്‍ ചര്‍ച്ച പൊളിച്ചതെന്ന്‌ കഴിഞ്ഞ ദിവസം ഐഎന്‍എ ആരോപിച്ചിരുന്നു. 

സിഐടിയുവിനു വേണ്ടി സഹദേവനാണ്‌ ലേബര്‍ കമീഷണര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്‌. ഐഎന്‍എയുടെ നിര്‍ദേശമായ 6-6-12 മണിക്കൂര്‍ എന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറായപ്പോള്‍ സിഐടിയു 5-5-14 എന്ന നിര്‍ദ്ദേശവുമായി എത്തിയതാണ്‌ ചര്‍ച്ച പരാജയപ്പെടുവാന്‍ കാരണമായതെന്നാണ്‌ ഐഎന്‍എയുടെ ആരോപണം. ഇത്‌ മറ്റൊരു സ്വതന്ത്ര സംഘടനയായ യുഎന്‍എ എന്ന സംഘടനയെ സഹായിക്കാനാണെന്നാണ്‌ ഇവര്‍ പറയുന്നത്‌. ട്രേഡ്‌ യൂണിയന്‍ എന്താണെന്ന്‌ അറിയാത്തവര്‍ സമരത്തെ വികാരപരമായി സമീപിച്ച്‌ വിഷയങ്ങള്‍ ഉണ്ടാക്കുവാനാണ്‌ ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

നിലവില്‍ നിയമം ഇല്ലാത്തതിനാല്‍ നഴ്‌സിംഗ്‌ സംഘടന പറഞ്ഞ 6-6-12 എന്ന നിര്‍ദ്ദേശമോ സിഐടിയു നിര്‍ദ്ദേശിച്ച 5-5-14 എന്ന നിര്‍ദ്ദേശമോ അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ലായിരുന്നു. നിയമത്തിന്റെ അഭാവം മൂലം സര്‍ക്കാരിന്‌ ഈ വിഷയത്തില്‍ കാര്യമായൊരു നിലപാടു സ്വീകരിക്കാനും സാധിക്കില്ല.

നഴ്‌സിംഗ്‌ സംഘടന പറഞ്ഞതില്‍ നിന്ന്‌ വ്യത്യസ്‌തമായ5-5-14 എന്ന ഷിഫ്‌റ്റ്‌ വേണമെന്ന്‌ സിഐടിയു അവകാശപ്പെട്ടത്‌ തൊഴിലാളിയ്‌ക്ക്‌ വേണ്ടിയാണെന്ന്‌സിഐടിയു സംസ്ഥാന സെക്രട്ടറി സഹദേവന്‍ വ്യക്തമാക്കി. നഴ്‌സിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും സ്‌ത്രീകളാണ്‌. വീടുകളില്‍ നിന്ന്‌ പോയി വന്ന്‌ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌്‌ ഏഴുമണിക്ക്‌ ജോലിക്കു കയറുകയും ഏഴുമണിക്ക്‌ ഡ്യൂട്ടി അവസാനിപ്പിച്ച്‌ ഇറങ്ങുകയും ചെയ്യുന്നത്‌ പ്രായോഗികമല്ലാത്തതിനാലാണ്‌ ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചതെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി സഹദേവന്‍ വൃക്തമാക്കി. 

സര്‍ക്കാര്‍ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്‌ ബലരാമന്‍ കമിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുക എന്നത.്‌ എന്നാല്‍ കണ്ണൂരിലെ നാലു ഹോസ്‌പിറ്റലില്‍ അടിയന്തരമായി ഇവര്‍ ഈ റിപ്പോര്‍ട്ട്‌ നടപ്പിലാക്കണമെന്ന്‌ അവകാശപ്പെടുന്നത്‌ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും കൃത്യമായി ഡ്യൂട്ടി സമയം നിര്‍വചിക്കാന്‍ പറ്റില്ലാത്ത മേഖലയാണ്‌ നഴ്‌സിംഗ്‌ മേഖല. അതിനാല്‍ അധിക ഡ്യൂട്ടി സമയത്തിനു അധിക വേതനം നല്‌കുവാന്‍ മാനേജ്‌മെന്റ്‌ തയാറാവണം.

ഇതൊക്കെ നടപ്പിലാകണമെങ്കില്‍ ഈ മേഖലയില്‍ ഒരു നിയമം വേണമെന്നും അതില്ലാത്തതിനാല്‍ പല നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുവാന്‍ കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രീ ഷിഫ്‌റ്റു പോലെയുള്ള വിഷയം പഠിക്കുന്ന ഐആര്‍സിയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്‌.എന്നാല്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്‌ ഐഎന്‍എ ഇവിടെ സമരത്തിനു ഇറങ്ങി പുറപ്പെട്ടതെന്നും അതിനാല്‍ തന്നെ കണ്ണൂര്‍ സമരത്തിന്‌ മുഖ്യധാര തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി സഹദേവന്‍ പറഞ്ഞു. കണ്ണൂരില്‍ സമര സമിതി രൂപികരിച്ചപ്പോള്‍ 80യോളം വിവിധ രാഷ്ട്രീയ സംഘടനകള്‍ അതില്‍ പങ്കെടുത്തിരുന്നു. സിഐടിയുവിനെതിരായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ ഇനിയും സമരവുമായി സഹകരിക്കില്ലെന്ന്‌ വ്യക്തമാക്കി