Breaking News

Trending right now:
Description
 
Mar 13, 2014

മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന് നവ സാരഥികള്‍

പി.സി മാത്യു, ഡാലസ്
image ഡാലസ്: മെന്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ (Meant) 2014-ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാര്‍ച്ച് 1-ന് പ്ലേനോ സിറ്റിയിലെ റിഫ്ലക്ഷന്‍സ് ബാങ്ക്വറ്റ് ഹോളില്‍ കൂടിയ വാര്‍ഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ജോസഫ് കട്ടാമ്പള്ളി ( പ്രസിഡന്റ്), ഏലിയാസ് പത്രോസ് (പ്രസിഡന്റ് ഇലക്ട്), ഷാമിന്‍ മണ്ണാത്തുകാരന്‍ (സെക്രട്ടറി), അഞ്ജനാ നായര്‍ (ട്രഷറര്‍), സജാത ഷെല്ലാസ് (കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), രജ്ഞിത് ലാല്‍, രാജു പൗലോസ് ( ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സ്).

1997-ല്‍ തുടങ്ങിയ മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികളുടെ ഇടയില്‍ വിജ്ഞാനപ്രദവും അതേസമയം സാധു കുട്ടികള്‍ക്ക് പ്രയോജനകരവുമായതിനാല്‍ ഇതിനോടകം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് മാത്രമല്ല, എല്ലാ മലയാളികള്‍ക്കും അഭിമാനോദ്വോഗവുമാണ്. 

അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നടത്തുന്ന കലാ സാംസ്കാരിക പരിപാടികള്‍ കുട്ടികള്‍ക്കു പുറമേ മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ക്കും വേണ്ടി മെന്റ് പ്രൊഫഷണല്‍ സെമിനാറുകള്‍ നടത്താറുണ്ട്. 

എല്ലാ വര്‍ഷവും യൂണിവേഴ്സിറ്റി ഓഫ് ഡാലസ്സുമായി ചേര്‍ന്ന് മാത്ത് ഓളിമ്പിയാഡ് നടത്തുന്നത് മാത്ത്മാറ്റിക്‌സില്‍ അഭിരുചിയുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയാണ്.

കേരളത്തില്‍ എന്‍ജിനീയറിങ് പഠിക്കുന്ന സാധുക്കളായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുകവഴി കഴിഞ്ഞ 17 വര്‍ഷം കൊണ്ട് മെന്റ് മലയാളികളായ ഒട്ടനവധി കുട്ടികള്‍ക്ക് നെടുംതൂണായി മാറിയെന്നുള്ളത് പ്രശംസനീയമാണ്. 

ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിക്കുന്ന മെന്റിന്റെ ഒരു പദ്ധതിയാണ് കരിയര്‍ ഫെയര്‍. ഇതിലൂടെ തങ്ങളുടെ ടാലന്റ് രുചിച്ചറിഞ്ഞ് തേടിപ്പോകേണ്ട ശരിയായ പ്രൊഫഷന്‍ തെരഞ്ഞെടുക്കുവാന്‍ അനേക കുട്ടികള്‍ക്ക് കഴിഞ്ഞതുമൂലം മെന്റ് തങ്ങളുടെ പേര് അന്വര്‍ത്ഥമാക്കുകയുണ്ടായി.

2014-ല്‍ SAT സ്കോര്‍ ഏറ്റവു കൂടുതല്‍ നേടുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കട്ടാമ്പള്ളി യു.ടി സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ വെബ് ആപ്ലിക്കേഷന്‍ എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമാണ്. 

പ്രസിഡന്റ് ഇലക്ട് ഏലിയാസ് പത്രോസ് ഡബ്ല്യു.എം.സി അമേരിക്ക റീജിയന്‍ പ്രസിഡന്റും മെന്റ് ഫൗണ്ടര്‍മാരില്‍ ഒരാളും,  വിന്‍ഡ് സ്ക്രീന്‍ കമ്മ്യൂണിക്കേഷനിലെ പ്രിന്‍സിപ്പിള്‍ ഡിസൈന്‍ എന്‍ജിനീയറും, ടെലിക്കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്റ് മേഖലയില്‍ തനതായ ലീഡര്‍ഷിപ്പ് തെളിയിച്ച ആളുമാണ്.

സെക്രട്ടറി ഷാമീന്‍ ഐ.ബി.എമ്മിലെ സീനിയര്‍ ഐ.ടി എന്‍ജിനീയറാണ്. അഞ്ജനാ നായര്‍ ടെക്നോളൊജി ഡെലിവറി മാനേജരായി ബാങ്ക് ഓഫ് അമേരിക്കയിലെ ഉദ്യോഗ്യസ്ഥയാണ്. സജാത സീറോക്‌സിലെ സീനിയര്‍ മാനേജരും, സാമൂഹിക പ്രവര്‍ത്തകയുമാണ്. രജ്ഞിത് സീനിയര്‍ ഐ.ടി എന്‍ജിനീയറും; പൗലോസ് സ്വന്തമായി ഐ.ടി കമ്പനി നടത്തുന്നയാളുമാണ്.

പുതിയ ഭാരവാഹികളെ മുന്‍ പ്രസിഡന്റ് രശ്മി വികാസും, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് നായരും അനുമോദിച്ചു.