Breaking News

Trending right now:
Description
 
Mar 12, 2014

ജാസ്‌മിന്‍ ജോസഫിനെ സ്വന്തം കാറില്‍ വീടിനടുത്തുള്ള പാര്‍ക്കിംഗ്‌ ലോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

image കഴിഞ്ഞ രണ്ടാഴ്‌ചയായി കാണാതായിരുന്ന ഇരുപത്തിരണ്ടുകാരിയായ അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥിനി ജാസ്‌മിന്‍ ജോസഫിന്റെ മൃതദേഹം സ്വന്തംകാറില്‍ കണ്ടെത്തി. നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിയായിരുന്ന ജാസ്‌മിന്റെ ഗ്രേ നിറത്തിലുള്ള നിസാന്‍ അള്‍ട്ടിമ ജിഎഡി 3453 നമ്പര്‍ കാര്‍ ചൊവ്വാഴ്‌ച അമേരിക്കന്‍സമയം വെളുപ്പിന്‌ ഒന്നിന്‌ ലോങ്‌ ഐലന്റിലെ സ്യോസെറ്റ്‌ സെഡാര്‍ സ്‌ട്രീറ്റിലെ ജെറീക്കോ ടേണ്‍പൈക്കിലെ പാര്‍ക്കിംഗ്‌ ലോട്ടിലാണ്‌ കണ്ടെത്തിയത്‌. 

ജാസ്‌മിന്റെ മൃതദേഹം കാറിനുള്ളില്‍ സീറ്റുകള്‍ക്കിടയില്‍ തറയിലായി കണ്ടെത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പുറത്തുനിന്ന്‌ നോക്കിയാല്‍ കാണാന്‍ സാധിക്കാത്ത രീതിയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നു സംശയിക്കുന്നതായും എന്തൊ അജ്‌ഞാതവസ്‌തു ശ്വസിച്ചിട്ടുണ്ടാകാമെന്നും കൂടുതല്‍ കാര്യങ്ങള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിലേ വ്യക്തമാകൂ എന്നും പോലീസ്‌ വക്താവ്‌ അറിയിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശ്വസിച്ചാണ്‌ മരിച്ചതെന്ന സൂചനകള്‍ പോലീസ്‌ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
 



ജാസ്‌മിന്റെ മൃതദേഹം ആശുപത്രിയിലെത്തി ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംസ്‌കാരം പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം പിന്നീട്‌. അത്യധികം സന്തോഷവതിയായിരുന്നു ജാസ്‌മിന്‍ ആത്മഹത്യ ചെയ്‌തെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

വീടിന്‌ അടുത്തുള്ള പാര്‍ക്കിംഗ്‌ ലോട്ടിലാണ്‌ ജാസ്‌മിന്റെ കാര്‍ കണ്ടെത്തിയതെന്നത്‌ വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തി. ബന്ധുക്കള്‍ കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ പരിശോധന നടത്തിയതാണെന്നു പറയപ്പെടുന്നു. എന്നാല്‍, അന്നൊന്നും കാര്‍ കണ്ടെത്താനായിരുന്നില്ല

കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി പാര്‍ക്കില്‍ ലോട്ടില്‍ മഞ്ഞുമൂടിയ നിലയിലായിരുന്നു കാര്‍ എന്നു കരുതപ്പെടുന്നു. ജാസ്‌മിനുവേണ്ടി അമേരിക്കയിലെങ്ങും അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനകളുമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ ഫേയ്‌സ്‌ബുക്കിലൂടെ ഏറെ അന്വേഷണം നടത്തിയിരുന്നു. രാജ്യം വിട്ടുപോയിരുന്നോ എന്നറിയാന്‍ അധികൃതര്‍ വിശദമായി അന്വേഷണം നടത്തി.



കാറിനുള്ളില്‍ കീ കണ്ടെത്തിയെന്ന്‌ പോലീസ്‌ അറിയിച്ചെങ്കിലും മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജാസ്‌മിനെ കണ്ടെത്തുന്നവര്‍ക്ക്‌ 5000 ഡോളര്‍ നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്‌തിരുന്നു.



ആദ്യത്തെ രണ്ടു സെമസ്റ്ററിലും മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു ജാസ്‌മിന്‍ എന്ന്‌ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, മൂന്നാമത്തെ സെമസ്റ്ററിലെ പ്രോഗ്രസ്‌ കാര്‍ഡിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ കംപ്യൂട്ടര്‍ തകരാര്‍ മൂലം കിട്ടിയില്ലെന്നായിരുന്നു മറുപടി. ഫാള്‍ സെമസ്റ്ററിലേയ്‌ക്കുള്ള 6072 ഡോളര്‍ പിതാവിന്റെ അക്കൗണ്ടില്‍നിന്ന്‌ കോളജില്‍ അടച്ചിരുന്നു. ജാസ്‌മിന്‌ സ്വന്തമായി ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, എന്‍റോള്‍ ചെയ്‌തിട്ടില്ലാത്തതിനാല്‍ ഈ തുക തിരികെ നല്‌കാമെന്ന്‌ കോളജ്‌ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ 24-നാണ്‌ ജാസ്‌മിനെ കാണാതായത്‌. മാതാപിതാക്കള്‍ ഈ സമയം ഇന്ത്യയിലായിരുന്നു. ന്യൂയോര്‍ക്ക്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ജാസ്‌മിന്‍ എന്നാണ്‌ മാതാപിതാക്കള്‍ കരുതിയിരുന്നതെങ്കിലും കഴിഞ്ഞ മെയ്‌ മാസത്തിനു ശേഷം ജാസ്‌മിന്‍ ക്ലാസില്‍ എത്തിയിട്ടില്ലെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24-ന്‌ ഉച്ചകഴിഞ്ഞ്‌ 2.45-നാണ്‌ ജാസ്‌മിന്‍ മാതാപിതാക്കളോട്‌ സംസാരിച്ചത്‌. ലൈബ്രറിയില്‍ ആണെന്നായിരുന്നു ജാസ്‌മിന്‍ അപ്പോള്‍ പറഞ്ഞത്‌.

മെട്രോപ്പോളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിട്ടിയില്‍ ഇല്‌ക്ടോണിക്‌ ടെക്‌നീഷ്യനായ കുറവിലങ്ങാട്‌ വണ്ടനാംതടത്തില്‍ സോണി ജോസഫിന്റെയും നോര്‍ത്ത്‌ഷോറിലെ ആശുപത്രിയില്‍ നഴ്‌സായ ലൗലിയുടെയും പുത്രിയാണ്‌ ജാസ്‌മിന്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ആല്‍വിന്‍ ജോസഫ്‌ സഹോദരനാണ്‌.