Breaking News

Trending right now:
Description
 
Mar 08, 2014

മലയോരജനതയുടെ ആശങ്ക പരിഹരിക്കുന്നവരെ തെരഞ്ഞെടുക്കണമെന്ന്‌ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സിലും

image ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തീരദേശജനതകളുടെയും മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും ആശങ്ക ശാശ്വതമായി പരിഹരിക്കുവാന്‍ സാധിക്കുന്നവരെ തെരഞ്ഞെടുക്കണമെന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തോട്‌ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു.

മലയോരജനതയ്‌ക്കായി ഇടുക്കിയിലെ ഹൈറേഞ്ചു സംരക്ഷണസമിതിയും, താമരശ്ശേരിയിലെ പശ്ചിമഘട്ട ജനസംരക്ഷണസമിതിയും, കര്‍ഷകപ്രസ്ഥാനമായ ഇന്‍ഫാമും, പത്തനംതിട്ടയിലെ മലയോരജനസമൂഹവും നടത്തുന്ന ജനകീയ പോരാട്ടങ്ങള്‍ക്കുള്ള പിന്തുണ പാസ്റ്ററല്‍ കൗണ്‍സില്‍ തുടരും.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണങ്ങളിലും പഠനങ്ങളിലും വേണ്ടത്ര ജാഗ്രതയോടും മലയോര ജനതയെ സംരക്ഷിക്കാനുള്ള താത്‌പര്യത്തോടുംകൂടി കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നതു വേദനാജനകമാണ്‌. ഈ പ്രശ്‌നങ്ങള്‍ പശ്ചിമഘട്ട ജനതയുടെ ന്യായമായ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നു തിരിച്ചറിഞ്ഞത്‌ സഭാദ്ധ്യക്ഷന്മാരും നാനാജാതി മതസ്ഥരായ സാമുദായിക നേതാക്കന്മാരും ജനങ്ങളുമാണ്‌. വിഷയത്തില്‍ മലയോര ജനതയ്‌ക്കു നേരേ നീതിയില്ലാത്ത നിലപാടാണു വിവിധ സര്‍ക്കാരുകള്‍ ഇതിനോടകം സ്വീകരിച്ചിരിക്കുന്നത്‌. കക്ഷിരാഷ്‌ട്രീയത്തിനും സാമുദായിക വ്യത്യാസങ്ങള്‍ക്കും അതീതമായി ജനങ്ങള്‍ക്കു നീതി ലഭിക്കണം. ഒപ്പം, പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കേണ്ടതുമുണ്ട്‌. ഹൈറേഞ്ചിലെ കര്‍ഷകര്‍ പ്രകൃതി സംരക്ഷകരാണ്‌. കൈവശഭൂമിയുടെ ഉപയോഗത്തിനും വില്‌പനയ്‌ക്കും തുല്യനീതി നടപ്പാക്കണം. പ്രവാചകധീരതയോടെ ഈ പ്രശ്‌നത്തില്‍ ഇടപെട്ട കര്‍ഷകര്‍ക്കു നീതി ല�ിക്കുന്നതുവരെയുള്ള പ്രക്ഷോഭണങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള പിന്തുണ തുടര്‍ന്നും നല്‍കും. ഉപാദിരഹിത പട്ടയം വാഗ്‌ദാനങ്ങളിലൊതുക്കി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥിരം സര്‍ക്കാര്‍ നടപടി വേദനാജനകമാണ്‌. ഇക്കാര്യത്തില്‍ ഉറപ്പുകളും വാഗ്‌ദാനങ്ങളുമല്ല ഉത്തരവുകളും നടപടികളുമാണ്‌ വേണ്ടതെന്ന്‌ സമ്മേളനം അഭ്യര്‍ത്ഥിച്ചു.

റബറുള്‍പ്പെടെ കാര്‍ഷികമേഖലയുടെ വിലത്തകര്‍ച്ചയില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ലെന്നുള്ളത്‌ ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്‌. കേരള സര്‍ക്കാരിന്റെ റബര്‍ സംഭരണം വാഗ്‌ദാനങ്ങള്‍ മാത്രമായി നിലനില്‍ക്കുന്നു. സംഭരണ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന്‌ പാസ്റ്ററല്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിക്കുന്നു.

ജീവകാരുണ്യരംഗത്ത്‌ സര്‍ക്കാരും ഭരണസംവിധാനങ്ങളും പരാജയപ്പെടുമ്പോഴും സഭ സജീവമാണെന്ന്‌ കാഞ്ഞിരപ്പള്ളി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ പറഞ്ഞു. നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വൈദികരുടെയും സന്യാസിനികളുടെയും അല്‌മായരുടെയും കരസ്‌പര്‍ശം ലക്ഷക്കണക്കിനായ ജനങ്ങള്‍ക്കാണ്‌ ജീവിതത്തില്‍ പ്രത്യാശയും പ്രതീക്ഷയും പകരുന്നത്‌. നാനാജാതി മതസ്‌ഥരാണ്‌ ഈ ശുശ്രൂഷകളുടെ ഗുണങ്ങള്‍ ഏറ്റുവാങ്ങുന്നത്‌. വിശ്വാസികളുടെ പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന 63 ജീവകാരുണ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്‌.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചാരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. റോയി മാത്യു വടക്കേല്‍, സെക്രട്ടറി സിസ്റ്റര്‍ പ്രതിഭ എന്നിവര്‍ രൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിഷയാവതരണം നടത്തി. പ്രോട്ടോസിഞ്ചെല്ലൂസ്‌ റവ.ഡോ.മാത്യു പായിക്കാട്ട്‌ മോഡറേറ്ററായിരുന്നു. ആനിയമ്മ ജോസഫ്‌, തോമസ്‌ വെള്ളാപ്പള്ളി, കുര്യന്‍ ഒഴുകയില്‍, ബെന്നി ഒരപ്പാഞ്ചിറ, പി.എസ്‌. വര്‍ഗീസ്‌, ജിജിമോള്‍ ഇലവുങ്കല്‍ എന്നിവര്‍ ഗ്രൂപ്പ്‌ ചര്‍ച്ചാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സിഞ്ചെല്ലൂസ്‌ റവ.ഡോ. ജോസ്‌ പുളിക്കല്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈസ്‌ ചാന്‍സിലര്‍ റവ.ഡോ.മാത്യു കല്ലറയ്‌ക്കല്‍, വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.