Breaking News

Trending right now:
Description
 
Mar 07, 2014

വാലന്റൈന്‍ ദിവസം നയാപൈസ ചെലവില്ലാത്തൊരു സമ്മാനം

Laly
image
വാലന്റൈന്‍ ദിവസം സ്കൂളിനു ശേഷം കൂട്ടുകാരോടൊപ്പം കറങ്ങാന്‍ പോകുമെന്നറിയിച്ച മകളുടെ വൈകുന്ന ഓരോ നിമിഷങ്ങളും അവളുടെ മനസ്സ് ഒരഗ്നി പര്‍വ്വതം പോലെ പുകഞ്ഞു കൊണ്ടേയിരുന്നു... എന്തിനാണിത്രയും വൈകുന്നത്..? എവിടെയാണവള്‍.. ആധിമൂലമുള്ള വ്യാധിയാല്‍ ഇരി...ക്കാനും നില്‍ക്കാനും വയ്യാതെ ഓടി നടന്നു അമ്മ....

ഓട്ടോയുടെ ശബ്ദം കേട്ടപ്പോള്‍ മനസ്സില്‍ല്‍ എരിപൊരി സഞ്ചാരം കൊള്ളുന്ന വളര്‍ത്തു മൃഗത്തെ നിര്‍ബ്ബന്ധപൂര്‍വ്വം മയങ്ങാന്‍ വിട്ട് ഓടിച്ചെന്നു.. വാതില്‍ക്കല്‍ ചിരിച്ചു കൊണ്ടവള്‍.. കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ച് കെട്ടിപ്പിടിക്കാനാഞ്ഞ് ഒരിളം കാറ്റു പോലെ മകള്‍...

പിന്നെ അത്യധികം സന്തോഷത്തോടെ കയ്യിലിരുന്ന ചെഞ്ചോര നിറമുള്ള പനിനീര്‍പൂവും വെളുത്ത പ്രതലത്തില്‍ ചുവപ്പു നിറത്തിലൊരു കുഞ്ഞു ഹൃദയം ഇപ്പോഴും മിടിച്ചു കൊണ്ടിരിക്കും മാതിരി ആലേഖനം ചെയ്ത കാര്‍ഡും കാണിച്ചു തന്നു...

“നോക്കൂ അമ്മേ എനിക്ക് അര്‍ജ്ജുന്‍ തന്നതാണു..”

കാര്‍ഡെടുത്ത് കണ്ണിനോടടുപ്പിച്ച് വായിച്ചു.. സുന്ദരമായ തിളങ്ങുന്ന ലിപികളില്‍ അച്ചടിച്ചിരിക്കുന്നു..

“Your laugh opens my heart and your single touch melts away all my fears...”

മനസ്സിലെ വളര്‍ത്ത് മൃഗം പതുക്കെ തലപൊക്കുകയാണു .. അവളെ അതറിയിക്കാതിരിക്കാന്‍ ശ്രദ്ധയോടെ ചോദിച്ചു...

“എന്നിട്ട്.. എന്നിട്ട് നീയെന്താ അവനു വാങ്ങിക്കൊടുത്തത്..?” അവള്‍ക്ക് നേരിയ വിറയലനുഭവപ്പെട്ടു..

“ഞാനെന്ത് വാങ്ങിക്കൊടുക്കാന്‍.. അതിനെന്റെ കയ്യിലെവിടുന്നാ കാശു.. അമ്മയോടു ചോദിച്ചിട്ട് തന്നില്ലല്ലോ..”

മനസ്സില്‍ ആശ്വാസത്തോടെ അവളറിയാതെ ഒരു ദീര്‍ഘനിശ്വാസം വിട്ട് തിരിയുമ്പോളാണു മകളത് പറഞ്ഞത്..

“പിന്നെ ഞാനവന്റെ കവിളിലൊരു ഉമ്മ കൊടുത്തു.”

ഹോ..!! ഈ നിമിഷം അവളുടെ കവിളിലൊന്നു പൊട്ടിക്കാനാണു തോന്നിയത് അമ്മക്ക്... എല്ലാ കടിഞ്ഞാണുകളുമഴിഞ്ഞ് ഇരയുടെ നേരെ കുതിച്ചു ചാടന്‍ വെമ്പുന്ന, ചുരമാന്തുന്ന അമ്മയിലെ മൃഗീയവാസനകളെ പാടെ തിരസ്ക്കരിച്ച് അവള്‍ പറഞ്ഞു...

“എന്താ അമ്മേ ഇത്..? ഞാനൊരാളോട് വഴക്കുണ്ടാക്കിയെന്നറിഞ്ഞാല്‍ പിണങ്ങിയെന്നറിഞ്ഞാല്‍, അല്ലെങ്കില്‍ ഒരാളെ ഉപദ്രവിച്ചെന്നറിഞ്ഞാല്‍, അയാളോട് മോശമായ് പെരുമാറിയെന്നറിഞ്ഞാല്‍ അപ്പോഴല്ലേ അമ്മക്ക് ദേഷ്യമുണ്ടാവേണ്ടത്.. ഇതിപ്പോ ഒരുമ്മ കൊണ്ട് , ഒരു സ്പര്‍ശനം കൊണ്ട് ഞാനൊരാള്‍ക്ക് സന്തോഷം നല്‍കീയെന്നറിഞ്ഞാല്‍ ഞാനും സന്തോഷിച്ചൂവെന്നറിഞ്ഞാല്‍ അതില്‍ അമ്മയും ആഹ്ലാദിപ്പിക്കുകയല്ലേ വേണ്ടത്..?“

ഇതെന്തൊരു ന്യായമാണമ്മേയെന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ഉമ്മവക്കുന്ന മകളോട് എന്തു പറയണമെന്നറിയാതെ നില്‍ക്കുന്ന അമ്മയുടെ മനസ്സില്‍ അപ്പോഴുണ്ടായിരുന്നത് ഓര്‍മ്മകള്‍ അയവിറക്കി നില്‍ക്കുന്ന പശുക്കുട്ടിയായിരുന്നു.

(വേറിട്ടൊരു എഴുത്തിന്റെ വഴി സ്വീകരിച്ചതിലൂടെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ശ്രദ്ധ നേടിയതാണ്‌ ലാലിയുടെ പോസ്‌റ്റുകള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ സ്വന്തമായ കാഴ്‌ചപ്പാടില്‍ അവതരിപ്പിക്കാന്‍ താത്‌പര്യപ്പെടുന്ന ലാലിയുടെ എഴുത്ത്‌ ഒട്ടേറെപ്പേര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രസാദാത്മകവും ലളിതവുമായ ശൈലി, നേരെ വാ നേരെ പോ എന്ന മട്ട്‌... ഇതൊക്കെയാണ്‌ ലാലിയുടെ എഴുത്തിന്റെ പ്രത്യേകതകള്‍.)