Breaking News

Trending right now:
Description
 
Mar 06, 2014

കൊച്ചുമക്കളെ നഷ്ടമാകുന്ന വാര്‍ധക്യങ്ങള്‍

ജനറ്റ്‌
image
ഇന്നു ബാങ്കില്‍ നിന്നുള്ള മടക്കയാത്രയിലാണ്‌ ഞാന്‍ ആ വല്യമ്മച്ചിയെ കണ്ടത്‌. കൊച്ചു മക്കളെ കാണാന്‍ കൊതിയോടെ മകന്റെ വീട്ടില്‍ എത്തി ആ മടങ്ങുകയാണ്‌ ആ അമ്മ. അമ്മച്ചി കൊച്ചുമക്കളെക്കുറിച്ചും അവരുടെ കുസ്‌ൃതികളെക്കുറിച്ചും തൊടുപുഴയില്‍ നിന്നു ബസില്‍ കയറിയപ്പോള്‍ മുതല്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

നല്ല കേള്‍വിക്കാരിയായി ഞാനിരുന്നു. 
അമ്മച്ചിക്ക്‌ എന്നാ മക്കളുടെ കൂടെ നിന്നുകൂടായിരുന്നോ... ഞാന്‍ അവരോടു ചോദിച്ചു. 
അവര്‍ എന്റെ കണ്ണുകളിലേക്ക്‌ നോക്കി പിന്നെ നിശബ്ദയായി ഇരുന്നു. ആ കണ്ണുകള്‍ സജലങ്ങളായിരുന്നവോ.. ചിലപ്പോള്‍ എനിക്ക്‌ തോന്നിയതാവാം. 

മക്കള്‍ മാതാപിതാക്കളുടെ മാത്രമായി ചുരുങ്ങുന്ന കാലം. വല്യമ്മയോടും വല്യച്ഛനോടുമൊക്കെ കൊച്ചുമക്കളുടെ ഹൃദയബന്ധങ്ങളുടെ ശോഭയറ്റു പോകുന്ന കാലമാണിത്‌. വാത്സല്യത്തിന്റെ നീരുറവകള്‍ പതഞ്ഞൊഴുകാതെ വറ്റിപോകുന്ന വല്യച്ഛനും വല്യമ്മമാരും ഇന്നു കേരളത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌. 

ഞാന്‍ എന്റെ അമ്മച്ചിയെ(അമ്മയുടെ അമ്മ)ഓര്‍ത്തു. എന്നെ ഞാനാക്കിയ എന്റെ അമ്മച്ചി. എന്നെ ശിക്ഷിച്ചു ലാളിച്ചു ജീവിതത്തിന്റെ വര്‍ണ്ണവും വര്‍ണ്ണരാഹിത്യവും കാട്ടി തന്ന എന്റെ അമ്മച്ചി.
അമ്മച്ചിയുടെ മരണം എന്റെ ജീവിതത്തില്‍ വരുത്തിയ ശൂന്യത, അതിന്റെ ആഴം ഇന്നു മാതാപിതാക്കളുടെ മാത്രം മക്കളായി ചുരുങ്ങിയ പുതു തലമുറയ്‌ക്കു മനസിലാവില്ലെന്നു ഞാന്‍ മനസിലാക്കിയതും എന്റെ മകളുടെ വാക്കുകളില്‍ നിന്നാണ്‌. 

അമ്മച്ചിയുടെ മരണം എന്റെ ഹൃദയത്തില്‍ ഇന്നും പൊള്ളുന്ന ഓര്‍മ്മയാണ്‌.

1995ലെ മാര്‍ച്ച്‌ വേനല്‍ച്ചൂടിനൊപ്പം വിരഹത്തിന്റെ ചൂടാണ്‌ കാമ്പസിന്‌. നഷ്ടത്തിന്റെ ദിനം സമ്മാനിച്ചു മാര്‍ച്ച്‌ എന്നെ ഇന്നും ചുട്ടുപൊള്ളിക്കുന്നു. അന്ന്‌6-ാം തീയതി , ബോട്ടണിയുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ്‌. പതിവുപോലെ കോളേജ്‌ പ്രിന്‍സിപ്പലായ വല്യച്ചനൊപ്പം(പപ്പയുടെ ചേട്ടന്‍) ഞാന്‍ കോളെജിലെത്തി. ലാബിലെ ചേട്ടന്മാര്‍, അന്ന ടീച്ചറിനും ത്രേസ്യാമ്മ ടീച്ചറിനും പതിവുലേറെ വാത്സല്യം. എല്ലാവരുടെയും മുഖത്ത്‌ ഞാന്‍ വേഗത്തില്‍ പരീക്ഷ എഴുതി പോകട്ടെയെന്നു ഭാവം. പരീക്ഷ കഴിഞ്ഞിറങ്ങിയ എന്നെ വല്യച്ചന്റെ റൂമിലേക്ക്‌ വിളിപ്പിച്ചു. വല്യച്ചന്‍ പതിവില്ലാതെ 20 രൂപ നല്‌കി വല്ലതും കഴിച്ചു വരാന്‍ എന്നോട്‌്‌ പറഞ്ഞു. ഉച്ചയ്‌ക്ക്‌ പരീക്ഷ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കു പോകുന്നതിനാല്‍ ഇങ്ങനെയൊരു പതിവില്ലാത്തതാണ്‌.
വരണ്ട മണ്ണിലൂടെ മജുവിന്റെ കടയിലേക്ക്‌ വച്ചുപിടിച്ചു. പപ്‌സും നാരാങ്ങാവെള്ളവും അകത്താക്കി മരുഭൂമിയിലൂടെ( ക്ഷമിക്കണം, ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ കോളേജ്‌ ഇപ്പോള്‍ കൃഷിയുടെ ഹരിത ഭൂമിയാണെന്നു പറയന്നു) തിരിച്ചു നടന്നു. 
പാലായ്‌ക്ക്‌ പോകണമെന്നു കുറച്ചു ദിവസമായി വിചാരിക്കുന്നതാ, നീയും കൂടി പോര്‌, നീയും അമ്മച്ചിയെ കണ്ടിട്ട്‌ ഒത്തിരിയായില്ലേ? വല്യച്ചന്റെ സംസാരം കാന്‍സര്‍ ബാധിച്ചു കിടക്കുന്ന എന്റെ അമ്മയുടെ അമ്മയെക്കുറിച്ചാണ്‌. പാലായില്‍ പോകാമല്ലോ, നാലുവയസു മുതല്‍ രണ്ടു വര്‍ഷം മുമ്പു വരെ എന്നെ പൊന്നു പോലെ നോക്കി വളര്‍ത്തിയ, അമ്മച്ചിയെ കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ സന്തോഷമായി. 
അമ്മച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ വേലിയേറ്റം എന്നെ പൊതിഞ്ഞിരുന്നു. പാലാ ടൗണ്‍ കഴിഞ്ഞു പിഴകിലേക്കു വണ്ടി തിരിയുമ്പോള്‍ എന്റെ ആന്റി എന്നെ മെല്ലെ തഴുകി എന്നോട്‌ പറഞ്ഞു
" പാലായിലെ അമ്മച്ചി മരിച്ചു പോയി, സുഖമില്ലാതിരിക്കുകയല്ലായിരുന്നോ" കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ തോന്നി
ആശ്വാസ വാക്കുകളൊന്നും എന്റെ ഹൃദയത്തെ സ്‌പര്‍ശിച്ചില്ല. (പശുവിനെ വളര്‍ത്തി പാലു വിറ്റു കിട്ടുന്ന കാശു കൊണ്ടു എനിക്ക്‌ ഡിസ്‌ക്കോ ചെയിന്‍ വാങ്ങി തന്ന, പാട്ടും പാവാടയും ബ്ലൗസും വാങ്ങി തരുന്ന, തനി പാലാക്കാരി) കര്‍ക്കശക്കാരിയെങ്കിലും സ്‌നേഹം തന്നു വളര്‍ത്തിയ അമ്മച്ചി. ആ അമ്മച്ചി ഇനിയില്ലെന്ന ഓര്‍മ്മ പോലും എന്നെ അരോസരപ്പെടുത്തി. പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞ്‌ ചേന്നവേലി ഗ്രാമത്തിലേക്ക്‌ ഉപരി പഠനത്തിനായി പോയ ആ നിമിഷത്തെ ശപിച്ചു പോയി. അമ്മച്ചിക്കൊപ്പം ചിലവഴിച്ച ആ ദിവസങ്ങള്‍ .. കാറു വീടു മുറ്റത്ത്‌ എത്തി കഴിഞ്ഞിരുന്നു. എന്റെ കാലുകളുടെ ചലനസ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോലെ, എനിക്ക്‌ ജീവനില്ലാത്ത അമ്മച്ചിയെ കാണേണ്ട ഞാന്‍ വിതുമ്പി കരഞ്ഞു പോയി. 
കല്ലു വിരിച്ച വഴിയിലൂടെ മുറ്റത്തെ പന്തലില്‍ ശാന്തമായി ഉറങ്ങുന്ന അമ്മച്ചിയെ കാണാന്‍ കരുത്തില്ലാതെ നീങ്ങുമ്പോള്‍ പപ്പ എന്നെ ചേര്‍ത്തുപിടിച്ചു പതുക്കെ നടത്തി. നടക്കാനറിയാത്ത ആളെപ്പോലെ ഞാന്‍ നടന്നു..

നീണ്ട 19 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷവും എന്റെ അമ്മച്ചിയുടെ വേര്‍പാട്‌ എന്റെ ഹൃദയത്തെ ഈറനണിയിക്കുന്നു. ബസിലാണെന്നു ഞാന്‍ മറന്നിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

എന്റെ അമ്മ അമ്മച്ചിയുടെ ഏക മകളായിരുന്നു. പാലായിലെ നിന്ന്‌ അകലെ ആലപ്പുഴയിലേക്ക്‌ വിവാഹം ചെയ്‌തയച്ചിട്ടും അമ്മച്ചിക്ക്‌ ഏകാന്തത അനുഭവിക്കേണ്ടി വന്നിരുന്നില്ല. കൊച്ചുമക്കളായ ഞങ്ങള്‍ എപ്പോഴും അവിടെ ഉണ്ടായിരുന്നു. ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്‌തു നന്മതിന്മകളുടെ ഫലങ്ങള്‍ ചൂണ്ടികാണിച്ച അമ്മച്ചി. ഞങ്ങള്‍ സ്‌നേഹവും ശാസനയും ഒന്നുപോലെ അനുഭവിച്ചറിഞ്ഞു.

അമ്മച്ചിയുടെ സാന്നിധ്യമുള്ള ആ വീട്ടിലാണ്‌ ഞാനും കുടുംബവും ഇന്നും താമസിക്കുന്നത്‌ ഒരു നിയോഗമാകാം.കുട്ടിത്തം കാണിക്കുമ്പോഴും കുറുമ്പുകാരിയായ കൗമാരിക്കാരിയായി വേഷപകര്‍ച്ച നടത്തുമ്പോഴും വീട്ടിലെത്തുമ്പോള്‍ ഞാന്‍ കര്‍ക്കശക്കാരിയും വാത്സല്യനിധിയുമായ പാലാക്കാരി അമ്മച്ചിയായി മാറുന്നത്‌ എന്റെ വല്യമ്മച്ചിയുടെ സ്വാധീനകൊണ്ടാവാം. 
ബസ്‌ പിഴകില്‍ എത്തിയപ്പോഴെയ്‌ക്കും എന്റെ സമീപമിരുന്ന അമ്മച്ചിഇല്ലായിരുന്നു. ബസിനു വെളിയിലേക്ക്‌ തലയിട്ടു ഞാന്‍ നോക്കുമ്പോള്‍(കൊച്ചുമക്കളെക്കുറിച്ച്‌ വാചാലമായി സംസാരിച്ച ആ അമ്മച്ചി എന്നോട്‌ ഒന്നു പറയുക പോലും ചെയ്യാതെ ബസില്‍ നിന്നു ഇറങ്ങി കഴിഞ്ഞിരുന്നു) ഇരുട്ടു പരന്നു തുടങ്ങിയ വഴികളിലൂടെ തനിച്ച്‌ നീങ്ങുന്നു..