Breaking News

Trending right now:
Description
 
Mar 06, 2014

മൈക്രോസോഫ്‌റ്റിന്റെ ബജറ്റ്‌ വിന്‍ഡോസ്‌ ടാബ്‌ലെറ്റുകള്‍ വിപണി കീഴടക്കാനെത്തുന്നു

image ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കി നിര്‍മിച്ച ബജറ്റ്‌ വിന്‍ഡോസ്‌ ടാബ്‌ലെറ്റുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന്‌ മൈക്രോസോഫ്‌റ്റ്‌ അറിയിച്ചു. പതിനായിരം രൂപയില്‍ താഴെ വില വരുന്ന മോഡലുകളായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഇറക്കുക. ഇന്ത്യയില്‍ ആന്‍ഡ്രോയിഡ്‌ ടാബ്‌ലെറ്റുകള്‍ക്ക്‌ വന്‍ സ്വീകാര്യത ലഭിക്കുന്നതിനാലാണ്‌ വിലകുറഞ്ഞ ടാബ്‌ലെറ്റുകള്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ മൈക്രോസോഫ്‌റ്റ്‌ തീരുമാനിച്ചത്‌. 3000 രൂപക്ക്‌ വരെ ആന്‍ഡ്രോയിഡ്‌ ടാബ്‌ലെറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്‌. മൈക്രോസോഫ്‌റ്റിന്റെ കമ്പ്യൂട്ടര്‍ നിര്‍മാണ പങ്കാളികളുടെ സഹകരണത്തോടെയായിരിക്കും വിലകുറഞ്ഞ ടാബ്‌ലെറ്റുകള്‍ വിപണിയിലെത്തിക്കുക. ആഗോള തലത്തില്‍ ഡെല്‍, എച്ച്‌.പി തുടങ്ങിയ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളാണ്‌ മൈക്രോസോഫ്‌റ്റിന്റെ പങ്കാളി. അതേസമയം ഇന്ത്യയില്‍ കാര്‍ബണ്‍, ലാവ തുടങ്ങിയ ആഭ്യന്തര ഇലക്ടോണിക്‌സ്‌ കമ്പനികളുടെ സഹായത്തോടെയായിരിക്കും മൈക്രോസോഫ്‌റ്റ്‌ ടാബ്‌ലെറ്റുകള്‍ നിര്‍മിക്കുകയെന്നാണ്‌ റിപ്പോര്‍ട്ട്‌. അടുത്തിടെ വിന്‍ഡോസ്‌ ഫോണുകള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ്‌ കാര്‍ബണ്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തതോടെ ടാബ്‌ലെറ്റുകള്‍ നിര്‍മിച്ചാല്‍ കുറഞ്ഞവിലക്ക്‌ വിപണിയില്‍ ഇറക്കാമെന്ന കണക്കു കൂട്ടലിലാണ്‌ മൈക്രോസോഫ്‌റ്റ്‌. ചില ആന്‍ഡ്രോയിഡ്‌ ടാബ്‌ലെറ്റുകളെ പോലെ തീര്‍ത്തും വിലകുറഞ്ഞ, നിലവാരമില്ലാത്ത ടാബ്‌ലെറ്റുകള്‍ മൈക്രോസോഫ്‌റ്റ്‌ വിപണിയില്‍ ഇറക്കില്ല. അതേസമയം മൈക്രോസോഫ്‌റ്റിന്റെ ഗുണനിലവാരം ഉള്ളതും എന്നാല്‍ ഇന്ത്യന്‍ വിപണിക്ക്‌ അനുയോജിച്ചതുമായ ടാബ്‌ലെറ്റായിരിക്കും വിപണിയില്‍ ഇറക്കുകയെന്ന്‌ വിന്‍ഡോസ്‌ ബിസനസ്‌ ഗ്രൂപ്പ്‌ മേധാവി അംരിഷ്‌ ഗോയെല്‍ പറഞ്ഞു. ഏകദേശം പതിനായിരം രൂപാ വരുന്ന മോഡലുകളായിരിക്കും വിപണിയില്‍ ഇറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.