Breaking News

Trending right now:
Description
 
Mar 03, 2014

യേശുവിനെ ചിരിപ്പിച്ച എന്റെ നോമ്പനുഭവങ്ങള്‍

ജിജി ഷിബു
image

കേരളത്തിലെ കത്തോലിക്കര്‍ ഇന്നു മുതല്‍ അന്‍പതു നോമ്പ്‌ ആചരണത്തിന്റെ നിറവിലേക്ക്‌. ആത്മശുദ്ധിയുടെ നിറവാണ്‌ നോമ്പ്‌. പ്രവൃത്തികളെ പുനര്‍വായന നടത്താന്‍ ശക്തി ആര്‍ജിച്ചുകൊണ്ടു വീണ്ടും ജീവിത പന്ഥാവില്‍ മുന്നേറുവാനാണ്‌ എല്ലാ മതങ്ങളും നോമ്പും ഉപവാസവും നിര്‍ദ്ദേശിക്കുന്നത്‌.
വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ അന്‍പതു നോമ്പ്‌ എടുക്കണമെന്നാണ്‌ എന്റെ ആഗ്രഹം. 
ബാല്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ മനസിലേക്ക്‌ ഓടിയെത്തുന്നത്‌ നോമ്പു കാലങ്ങളാണ്‌. നിഷ്‌ഠയോടെ നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും നിറഞ്ഞ ഭക്തിയുടെ ഒരു കാലമായിരുന്നു എന്റെ ബാല്യം. അന്നൊക്കെ ഞങ്ങളുടെ നാട്ടിലെ മിക്ക കുട്ടികളും പള്ളികളില്‍ രാവിലെ എത്തുമായിരുന്നു. 
എന്തിനായിരുന്നു അന്ന്‌ നോമ്പ്‌ എടുത്തിരുന്നത്‌? പരീക്ഷകളില്‍ ജയിക്കാന്‍, പ്രസംഗ മത്സരത്തില്‍ സമ്മാനം കിട്ടാന്‍. ചിലപ്പോള്‍ ചെറിയ വഴക്കുകളില്‍ നിന്ന്‌ ഒഴിവാകുവാന്‍ വരെ നോമ്പും ഉപവാസവുമൊക്കെ എടുത്തിരുന്നു. സത്യത്തിന്‌ ദൈവത്തിന്‌ നിഷ്‌കളങ്കമായ ആ പ്രാര്‍ത്ഥനകള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്നു തോന്നുന്നു. മിക്കപ്പോഴും വിജയം എന്റെ കൂടെയായിരുന്നു. അപ്പോള്‍ നമുക്ക്‌ ദൈവത്തോടു തോന്നുന്ന ഒരു വല്ലാത്ത ഇഷ്ടമുണ്ടല്ലോ, ചുമ്മാ ദൈവത്തിന്റെ താടിയ്‌ക്ക്‌ പിടിച്ചു നെറ്റിയില്‍ ഒരുമ്മ കൊടുക്കാന്‍ തോന്നുന്ന ഒരിഷ്ടം. 
ഹോ, വഴക്കില്‍ നിന്നൊക്കെ രക്ഷപ്പെടുമ്പോള്‍ തോന്നും ദൈവം ചില വിശുദ്ധമാരുടെ ചിത്രത്തിലെ പോലെ നമ്മുടെ തലയ്‌ക്കു ചുറ്റും അങ്ങ്‌ പ്രകാശ വലയമായി ജ്വലിക്കുകയാണെന്ന്‌്‌്‌. 
എങ്കിലും എനിക്ക്‌ യേശുവിനോട്‌ ചില കാര്യങ്ങളില്‍ പിണക്കമുണ്ടായിരുന്നു. യേശു എന്താണ്‌ എപ്പോഴും ഈ മോന്തയും കുത്തിവീര്‍പ്പിച്ചു നടക്കുന്നതെന്ന്‌. ഒന്നു ചിരിച്ചാല്‍ എന്താ...? ദൈവങ്ങളുടെ ഗാങ്ങില്‍ ചിരിക്കാത്ത ഒരു ദൈവമാണ്‌ യേശുക്രിസ്‌തു. എപ്പോഴും വലിയ ടെന്‍ഷനും ദേഷ്യവുമാണ്‌ പുള്ളിക്കാരന്‌.

ഒരിക്കല്‍ എനിക്ക്‌ പ്രസംഗ മത്സരത്തിനു തന്ന വിഷയം കുട്ടികളെ സ്‌നേഹിക്കുന്ന യേശു എന്നതായിരുന്നു. ആരോ എഴുതി തന്ന പ്രസംഗമൊക്കെ പറയുമ്പോഴും യേശു എന്താണ്‌ ചിരിക്കാത്തതെന്ന ചോദ്യം എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരു സിസ്റ്ററിനോട്‌ ചോദിച്ചപ്പോള്‍ അവര്‍ എന്നെ രൂക്ഷമായൊന്നു നോക്കി. `നല്ല പുരുഷന്മാരൊന്നും അങ്ങനെ ചിരിച്ചു മറിഞ്ഞു നടക്കില്ല, അതൊക്കെ പെണ്ണുങ്ങളാണ്‌, 
എനിക്കാ മറുപടിയിലെ സ്‌ത്രീവിരുദ്ധത തീരെ ഇഷ്ടപ്പെട്ടില്ല.
 യേശുക്രിസ്‌തു നമ്മുടെ പാപങ്ങള്‍ ചുമന്നു നടക്കുന്നതു കൊകൊണ്ടാണ്‌ ചിരിക്കത്തതെന്നും നമ്മള്‍ നന്മ ചെയ്‌താല്‍ യേശു ചിരിക്കുമെന്നുമൊക്കെ ആ കന്യാസ്‌ത്രീയമ്മ എന്നോട്‌ വിശദമായി  വീണ്ടും പറഞ്ഞു തന്നു.
എന്തോ എനിക്ക്‌ തീരെ ബോധിച്ചില്ല ആ വിശദീകരണം. എന്നാലും എന്റെ കുഞ്ഞു മനസില്‍ ഒരു ഐഡിയ തോന്നി, യേശുവൊന്നു ചിരിച്ചു കാണാന്‍ ഇരുപത്തഞ്ചു നോമ്പ്‌ എടുക്കുക. പക്ഷേ, ചിരിക്കുന്ന യേശുവിനെ കാണാന്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടു വ്‌ന്നു.

കൗമാരത്തില്‍ നിന്ന്‌ യൗവനത്തിലേക്ക്‌ കാലെടുത്തു വച്ചപ്പോഴാണ്‌ ഞാന്‍ ചിരിക്കുന്ന യേശുവിനെ കണ്ടത്‌.
ആരോടും പറയാന്‍ പറ്റാത്ത കുഞ്ഞു സങ്കടങ്ങളുടെ ഓളങ്ങളിലേക്ക്‌ വീണുപോവുമ്പോള്‍ തലക്കുത്തി കിടന്നു ചിരിക്കുന്ന യേശുവിനെ കണ്ടു ഞാന്‍ എത്ര തവണ വഴക്കിട്ടിരിക്കുന്നു. അപ്പോഴെക്കെ പുള്ളിക്കാരന്‍ കളിയാക്കി ചോദിക്കും ഇതാണോ സങ്കടം? 
'അല്ലേ'? ഞാന്‍ തിരിച്ചു ചോദിക്കും. അപ്പോള്‍ പുള്ളിക്കാരന്‍ പക്കാ മലയാളി സ്റ്റൈലില്‍ ഒരു തലയാട്ടുണ്ട്‌. ഇതു കേള്‍ക്കുമ്പോള്‍ മണ്ണുവാരിയെറിയാനുള്ള ദേഷ്യമൊക്കെയാവും വരുക. എങ്കിലും ഇതൊക്കെ ചീളു കേസുകളാണെന്ന്‌ യേശു പറയുമ്പോള്‍ മനസു ശാന്തമാകും.

ഭക്തിയില്‍ നിന്ന്‌ യുക്തിയിലേക്കും നടന്നു കയറിയപ്പോള്‍ നോമ്പും പ്രാര്‍ത്ഥനയും ഒരു അനാചാരമായി. 
വാഗ്വാദങ്ങളില്‍ ആശയം നഷ്ടപ്പെടുമ്പോഴും ഞാന്‍ മനസില്‍ അറിയാതെ പുള്ളിയെ വിളിച്ചു. പക്ഷേ അപ്പോഴെയ്‌ക്കും എത്ര ശ്രമിച്ചിട്ടും മറക്കാന്‍ സാധിക്കാത്ത ആത്മ ബന്ധമോ ഇഷ്ടമോ മനസില്‍ രൂഢമൂലമായി തീര്‍ന്നിരുന്നു. യേശുവിന്റെ മണവാട്ടികളാകുന്ന സുഗന്ധമില്ലാത്ത പെണ്‍കുട്ടികളെ ചൊല്ലിയും സമ്പത്തു കാത്തു സൂക്ഷിക്കുന്ന യേശുവിന്റെ പുരോഹിതരെ ചൊല്ലിയുമാണ്‌ ഞങ്ങള്‍ തമ്മില്‍ ഏറെ വഴക്കുകള്‍ നടന്നിരുന്നത്‌. വിശാലമായ തേയിലത്തോട്ടങ്ങളുടെ ഏകാന്തതയില്‍ ഞാന്‍ നടത്തിയ ആരോപണങ്ങളോട്‌ സഹിഷ്‌ണുത കാണിച്ച യേശു ചിരിച്ചു കൊണ്ടു കൂടെ നടന്നു.

ഒരിക്കലും ഇനി കാണില്ല എന്നു ശപഥം ചെയ്‌തിറങ്ങി പോയിട്ടുണ്ട്‌. പക്ഷേ സാധിക്കില്ല എന്ന തിരിച്ചറിവില്‍ മടങ്ങി വന്നു. ദൈവം ചിരിക്കുന്ന ഒരു സുഹൃത്താണ്‌ ഇന്നും എനിക്ക്‌. അതിനു കരുത്തു നല്‌കിയ ആത്മീയതയില്‍ ഊന്നിയ ജീവിതശൈലിയും. 
തീക്ഷ്‌ണമായ ജീവിതാനുഭവങ്ങളില്‍ പതറി പോകാതിര്‌ക്കാന്‍ മാതാപിതാക്കള്‍ മക്കള്‍ക്കു നല്‌കുന്ന സ്‌നേഹിതരായിരുന്നു ദൈവങ്ങള്‍. എന്തും മാതാപിതാക്കളെക്കാള്‍ വിശ്വസ്‌തതയോടെ പറയാന്‍ പറ്റുന്ന സ്‌നേഹിതന്‍. (ബൈബിളില്‍ യേശു ഏറ്റവും നന്നായി സംസാരിച്ചിരിക്കുന്നതും സ്‌നേഹിതനെക്കുറിച്ചാണ്‌)

ഇത്രയൊക്കെ പറയാന്‍ കാരണം ഇന്നു പലരും സമാധാനം തേടി ആള്‍ദൈവങ്ങളെയും ധ്യാന കേന്ദ്രങ്ങളെയുംപിന്നെ പുണ്യാളന്മാരെയും തേടി പോകുന്നു. ദൈവത്തെ നാം കാണുന്നത്‌ ഭൗതിക ജീവിതത്തിനും പണത്തിനും ഉയര്‍ച്ചയ്‌ക്കു വേണ്ടിയുള്ള ഗോവണിപടികളായാണ്‌ കാണുന്നത്‌. 
അച്ചടക്കമുള്ള ഒരു ആത്മീയ ജീവിതത്തിന്റെ ഉടമകളെന്നു അവകാശപ്പെടുന്ന കേരളീയര്‍ എത്രമാത്രം അധഃപതിച്ചുവെന്നതിന്റെ തെളിവുകളാണ്‌ ആത്മീയ വാണിഭത്തിന്റെ ദിനം പ്രതി കേള്‍ക്കുന്ന കഥകള്‍. 

ഈ അധഃപതനത്തിന്‌ നഷ്‌്‌ഠമാകുന്ന ആത്‌്‌മീയതയുടെ വിശുദ്ധിയുണ്ട്‌. നോമ്പുകളുടെ ആത്മ നിഷ്‌്‌ഠയുടെ മാതൃക നല്‌കേണ്ടവരാണ്‌ മാതാപിതാക്കള്‍. അത്തരം ഒരു മാതൃക നല്‌കിയാല്‍ നാളെ നേരിടേണ്ടിവരുന്ന ദുരിതങ്ങളെ നേരിടാന്‍ കുട്ടികള്‍ക്ക്‌ ശക്തിയാവും. 
മരീചികകളെ സൗഹൃദങ്ങളായി കണ്ടു ഈയാംപാറ്റകളായി വീണു പോകാതിരിക്കാന്‍ സ്‌നേഹകരുത്താണ്‌ ദൈവം.