Breaking News

Trending right now:
Description
 
Nov 06, 2012

പണം കണ്ടെത്താതെ കിംഗ്‌ഫിഷര്‍ പറക്കില്ലെന്നു എസ്‌ബിഐയുടെ മുന്നറിയിപ്പ്‌

image കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ വീണ്ടും പ്രതിസന്ധി. ജീവനക്കാരുടെ ശമ്പളം പ്രശ്‌നത്തിന്‌ താത്‌കാലിക പരിഹാരം കണ്ട മാനേജ്‌മെന്റിന്‌ ഉടന്‍ പണം കണ്ടെത്തിയില്ലെങ്കില്‍ ഒരു വിമാനം പോലും പറക്കില്ലെന്നു പ്രധാന വായ്‌പാ ദാതാവായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ മുന്നറിയിപ്പു നല്‍കി. ഈ മാസം 30 നകം പണമുണ്ടാക്കിയാല്‍ മാത്രമെ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിയൂ. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ്‌ കമ്പനിക്ക്‌ ഇതുവരെ വായ്‌പ അനുവദിച്ചിരുന്നത്‌. കമ്പനിയെ സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ ബാങ്കുകള്‍ക്ക്‌ ചെയ്യാവുന്നതെല്ലാം ചെയ്‌തു കഴിഞ്ഞു. സര്‍വീസ്‌ പുനരാരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു നിക്ഷേപകനെപ്പോലും പുതുതായി കിട്ടില്ല. എസ്‌ബിഐ മാത്രം 1500 കോടി രൂപ വായ്‌പ നല്‍കിയിട്ടുണ്ട്‌. കണ്‍സോര്‍ഷ്യമാകട്ടെ മൊത്തം 7000 കോടി രൂപയാണു വായ്‌പ നല്‍കിയിരിക്കുന്നത്‌. കമ്പനിയുടെ പുനരുത്‌ഥാരണത്തിന്‌ ആവശ്യമായ ധനകാര്യ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ചവരുത്തിയ സാഹചര്യത്തിലാണ്‌ സിവില്‍ വ്യോമയാന വിഭാഗം ഡയറക്‌ടര്‍ ജനറല്‍ ലൈസന്‍സ്‌ റദ്ദാക്കിയത്‌. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട്‌ തയാറാക്കി വരികയാണെന്നും അടുത്ത ആഴ്‌ച ഡയറക്‌ടര്‍ക്ക്‌ സമര്‍പ്പിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.