Breaking News

Trending right now:
Description
 

ട്രാഫിക് ക്യാമറ: നിയമ ലംഘനങ്ങള്‍ പിഴയ്ക്കുള്ള കുറ്റങ്ങള്‍ തന്നെയോ?

image കേരള പോലീസിന്റെ ഓട്ടോമാറ്റിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ക്യാമറകള്‍ വഴി റിക്കാര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തുന്ന നിയമലംഘനങ്ങളെന്ന പേരില്‍ കണ്ടുപിടിക്കപ്പെട്ട കുറ്റങ്ങളില്‍ സ്വജനപക്ഷപാതമെന്നും വന്‍ മനുഷ്യാവകാശ ലംഘനമെന്നും ആരോപണം. ക്യാമറ ഉപയോഗിച്ച് കണ്ടെത്തിയെന്നു പറയപ്പെടുന്ന മൂന്നു കുറ്റങ്ങളാണ് ചെല്ലാന്‍ റിപ്പോര്‍ട്ടില്‍ ചേര്‍ക്കുന്നത്: 1. ഓവര്‍സ്പീഡ് (അമിത ഗതിവേഗം) 2. റാഷ് ഡ്രൈവിംഗ് (അപായമുണ്ടാകാം വിധം വിവേകേമില്ലാത്ത/വീണ്ടുവിചാരമില്ലാത്ത/സാഹസിക ഓടിക്കല്‍) 3. ഡേഞ്ചറസ് ഡ്രൈവിംഗ് (അപകടകരമായ ഓടിക്കല്‍) ഇതില്‍ യന്ത്രം ഉപയോഗിച്ചു കണ്ടെത്താവുന്നത് അമിത വേഗം മാത്രമാണ്. അതില്‍ കൗശലവും കൃത്രിമവും കാട്ടി വേണമെങ്കില്‍ മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നെ റോഡിനു നടുവിലെ വര മറികടന്നു പോകുന്നതും പിടിക്കാം. അതു ഡേഞ്ചറസ് ഡ്രൈവിംഗില്‍ വേണമെങ്കില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഇടവിട്ട വരയായതിനാല്‍ ഓവര്‍ടേക്കിംഗ് സമയത്തും മറ്റും ലേയ്ന്‍ മാറാം. അതും ക്യാമറയിലാകുമ്പോള്‍ നിയമം ലംഘിക്കപ്പെട്ടതായി തോന്നിപ്പിക്കും. കേരളത്തില്‍ ഇപ്പോള്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത് വളവും തിരിവുമില്ലാതെ നീണ്ടു നിവര്‍ന്നു നേരേ കിടക്കുന്ന പൊട്ടിപ്പൊളിയാത്ത റോഡുകളില്‍ മാത്രമാണ്. അപ്പോള്‍ സ്വാഭാവികമായും വാഹനങ്ങളുടെ സ്പീഡ് കൂടൂം. സ്പീഡ് കൂടുന്നത് മാത്രം അപകടകാരണമാകില്ല. ചെല്ലാന്‍ ഫോട്ടോകളില്‍ ബഹുഭൂരിപക്ഷത്തിലും റോഡില്‍ നിയമലംഘനം നടത്തുന്നുവെന്നു പറയപ്പെടുന്ന വാഹനത്തിന്റെ സമീപത്ത് മറ്റൊരു വാഹനവും കാണില്ല. അപ്പോള്‍ സ്പീഡ് എങ്ങനെയാണ് അപകടമായി മാറുന്നത്. അല്ലെങ്കില്‍ റോഡിന്റെ സ്ഥിതി ദയനീയമാ രിക്കണം. അങ്ങനെയുള്ള കുണ്ടും കുഴിയുമുള്ള റോഡുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു ഓവര്‍ സ്പീഡ് പിടിച്ചാല്‍ അതു ശരിക്കും കുറ്റകൃത്യം! സ്പീഡ് കൂടുന്നതു മൂലം അപകടമുണ്ടാകുമെന്നാണെങ്കില്‍ നിശ്ചിത സ്പീഡ് ഗവേണറോ അഥവാ നിര്‍മാണ വേളയില്‍ തന്നെ അതിനുള്ള നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുകയോ ആണു വേണ്ടത്. സ്പീഡ് അപകടകാരണമാകുമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ അപകടങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയേനെ! കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന സാധാരണ കാറുകള്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ വരെ ഓടിക്കാവുന്ന തരത്തിലൂള്ളതാണ്. അവ ഇന്ത്യന്‍ നിയമമനുസരിച്ചുള്ള വേഗപരിധിയിലാക്കി നിര്‍മാണസമയത്തു ക്രമീകരിക്കണം. വിവേചന രഹിതമായി ക്യാമറ ഉപയോഗിച്ചു കുറ്റകൃത്യം പിടിച്ചു പിഴയീടാക്കാനാണെങ്കില്‍ വേഗപരിധി വിട്ടു ഓടിച്ചുപോകുന്ന എല്ലാ വാഹനങ്ങളും പിടികൂടണം. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ അങ്ങനെ ഉണ്ടാകുന്നില്ല എന്നു മനസ്സിലായി. വേഗപരിധി വിട്ടു പോകുന്ന സര്‍ക്കാര്‍, കോടതി വാഹനങ്ങള്‍ അനേകമുണ്ട്. സ്വജനപക്ഷപാതം എത്രയുമായാലും പൊതുജനം അറിയില്ല! ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള റോഡുകളില്‍ വിവിധയിനം വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയിട്ടില്ല. അതാതു പോലീസ് സ്‌റ്റേഷനുകളുടേയും മറ്റു സ്ഥാപനങ്ങളുടേയും സൗകര്യാര്‍ഥം 15 കിലോമീറ്റര്‍, 25 കിലോമീറ്റര്‍ എന്നൊക്കെ രേഖപ്പെടുത്തിയ തോന്നിയ പോലുള്ള പല ബോര്‍ഡുകളും റോഡുകളില്‍ കാണാം. വിവിധ വാഹനങ്ങള്‍ക്കു വിവിധയിനം റോഡുകളില്‍ വിവിധ വേഗപരിധിയായതിനാല്‍ നിര്‍ബന്ധമായും അതു വ്യക്തമാക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. അതില്ലാതെ പിഴയീടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അപകടങ്ങളൊഴിവാക്കുകയല്ല സര്‍ക്കാരിനു വന്‍തോതില്‍ പിഴക്കാശ് പിരിക്കുക മാത്രമാണ് ലക്ഷ്യം എന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരമായി ഒരിടത്തു സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഏതായാലും റാഷ്, ഡേഞ്ചറസ്, മദ്യ-മയക്കുമരുന്നു ഡ്രൈവിംഗ് കണ്ടുപിടിക്കാനാകില്ല. അങ്ങനെയുള്ള അപകടകാരികളെയാണ് യഥാര്‍ഥത്തില്‍ പിടികൂടേണ്ടത്. അതിനായി പോലീസ് തണലത്തു വെറുതെ നിന്നു കൈകാണിച്ചിട്ടു കാര്യമില്ല. നടന്നും ഓടിയും കണ്ണുതുറന്നും വിയര്‍ത്തും അധ്വാനിക്കണം. കണക്കെടുപ്പില്‍ കേരളത്തിലെ പോലീസ് സേനയില്‍ നാലില്‍ മൂന്നിലേറെ പേര്‍ കുടവയറന്മാരാണെന്നു വ്യക്തമായിട്ടുള്ള സ്ഥിതിക്ക് അടുത്ത കാലത്ത് ഇതിനു സാധ്യതയില്ലെന്നും അധികൃതര്‍ തന്നെ സൂചിപ്പിക്കുന്നു! അവര്‍ക്കു ഓടാനും ചാടാനുമൊന്നും പറ്റില്ല. തണലത്തു നിന്നു ഹെല്‍മറ്റില്ലാത്തവരെ പിടിച്ചു നിര്‍ത്തി പീഡിപ്പിക്കാം, പിഴയീടാക്കാം!നാട്ടിലെ കള്ളന്മാരേയും ഗുണ്ടകളേയും പിടികൂടാനോ ഗതാഗതം നിയന്ത്രിക്കാനോ പോലും പറഞ്ഞുപോകരുത്! തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഹൈ-ടെക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേഷനില്‍ നിന്ന് തപാലില്‍ അയക്കുന്ന ചാര്‍ജ് മെമ്മോ വൈകാനോ നഷ്ടപ്പെടാനോ സാധ്യത ഏറെയാണ്. ചാര്‍ജ് മെമ്മോ തീയതി മുതല്‍ 15 ദിവസത്തിനകം 300 രൂപയും അടുത്ത 10 ദിവസത്തികം 100 രൂപ അധിക പിഴയുമാണ് ശിക്ഷ. അല്ലെങ്കില്‍ ആറു മാസം തടവുശിക്ഷ. സര്‍ക്കാര്‍ കാര്യമായതിനാല്‍ അയക്കുന്ന കവറിനൊന്നും ഒരു ഉറപ്പുമില്ല. വാല്‍: ക്യാമറയിലെ പടം പിടുത്തമൊന്നും അധികനാള്‍ നീണ്ടു നില്ക്കില്ലെന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നതര്‍ തന്നെ സൂചിപ്പിക്കുന്നു. സ്ഥാപിക്കുന്നതിനു മുന്‍പ് തകരാറിലായ ക്യാമറകള്‍ പോലൂമുണ്ട്. പിന്നെ ഭാവിയെക്കുറിച്ചു പറയേണ്ടതില്ല. അതുമല്ല, ക്യാമറ എവിടെയുണ്ടെന്നു കണ്ടെത്തുന്ന ആധുനിക സംവിധാനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാകാനും തുടങ്ങിയിട്ടുണ്ട്!